റിയാദിൽ മൊബൈൽ ഫോൺ കടകളിൽ റെയ്ഡ്

റിയാദ് - തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ സൂഖുകളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷന്റെ (സി.ഐ.ടി.സി) നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി. റെയ്ഡുകൾക്കിടെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. അജ്ഞാത സിം കാർഡുകളുടെ വിൽപന, ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ സിം കാർഡുകൾ വിൽപന നടത്തൽ, സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. നിയമ വിരുദ്ധമായ സിം കാർഡുകൾ റെയ്ഡിനിടെ പിടിച്ചെടുത്തു. നിയമ ലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരായ കേസുകൾ ടെലികോം നിയമ ലംഘനങ്ങൾ പരിശോധിച്ച് തീർപ്പ് കൽപിക്കുന്ന സി.ഐ.ടി.സിക്കു കീഴിലെ പ്രത്യേക കമ്മിറ്റിക്ക് കൈമാറും. 
മക്ക പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞയാഴ്ച തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ നടത്തിയ പരിശോധനകളിൽ 419 നിയമ ലംഘനങ്ങൾ കണ്ടെത്തി. സൗദിവൽക്കരണ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രവിശ്യയിലെ 3114 വ്യാപാര സ്ഥാപനങ്ങളിലാണ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ കഴിഞ്ഞയാഴ്ച പരിശോധനകൾ നടത്തിയത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചു.

Latest News