Sorry, you need to enable JavaScript to visit this website.

സംവത് വർഷത്തിൽ പ്രതീക്ഷ അർപ്പിച്ച് ഓഹരി വിപണി

വിക്രം സംവത് 2076 നെ വിപണി നിറ കൈയോടെ വരവേറ്റു. ഗുജറാത്തി പുതുവർഷത്തിൽ ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ പുതിയ റെക്കോർഡുകളുടെ പൂക്കാലം സൃഷ്ടിക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. പിന്നിട്ട സംവത് 2075 ൽ ബോംബെ സെൻസെക്‌സ് പന്ത്രണ്ട് ശതമാനവും നിഫ്റ്റി സൂചിക പത്ത് ശതമാനവും ഉയർന്നിരുന്നു. പുതിയ സംവത് വർഷത്തിൽ ഒമ്പത് ശതമാനം നേട്ടം സൂചിക സ്വന്തമാക്കുമെന്ന കണക്ക് കൂട്ടലിലാണ് വിപണി വിദഗ്ധർ. നിഫ്റ്റി 10,000-13,000 റേഞ്ചിലേയ്ക്ക് അടുത്ത പന്ത്രണ്ട് മാസങ്ങളിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മൂലം തിങ്കളാഴ്ച്ച അവധിയായിരുന്നതിനാൽ ഇടപാടുകൾ നാല് ദിനങ്ങളിൽ ഒരുങ്ങിയതും മുന്നേറ്റത്തിന് തടസമായി. ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച തിടുക്കം മൂലം ബോംബെ സെൻസെക്‌സ് 240 പോയിന്റും നിഫ്റ്റി 77 പോയിന്റും താഴ്ന്നു.    
വാരത്തിന്റെ തുടക്കത്തിൽ നിഫ്റ്റി 11,660 ൽ നിന്ന് 11,700 മറികടന്നെങ്കിലും 11,750 ലേയ്ക്ക് പ്രവേശിക്കും മുമ്പേ ഫണ്ടുകൾ ലാഭമെടുപ്പ് തുടങ്ങിയതിനാൽ 11,714 ൽനിന്ന് 11,490 ലേയ്ക്ക് നീങ്ങിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 11,584 പോയിന്റിലാണ്. കൺസോളിഡേഷനുള്ള ശ്രമം തുടരുന്നതിനാൽ ഈ വാരം 11,702-11,750 റേഞ്ചിൽ വീണ്ടും പരീക്ഷണങ്ങൾ നടത്താം. ബുൾ റാലി സൃഷ്ടിക്കാനായാൽ 11,820 വരെ ഉയരാം. എന്നാൽ ഇടപാടുകൾ കേവലം നാല് ദിവസങ്ങളിൽ ഒതുങ്ങുമെന്നത് നിക്ഷേപകരുടെ ആവേശത്തെ ബാധിക്കും. വ്യാഴാഴ്ച്ച ഡെറിവേറ്റീവ് മാർക്കറ്റിൽ ഒക്ടോബർ സീരീസ് സെറ്റിൽമെന്റ് നടക്കുന്നതും പിരിമുറുക്കങ്ങൾക്ക് ഇടയാക്കാം. സൂചികയ്ക്ക് തിരിച്ചടിനേരിട്ടാൽ 11,478 ലും 11,372 ലും താങ്ങുണ്ട്. 
സെൻസെക്‌സ് മുൻവാരത്തിലെ 39,298 ൽ നിന്ന് 39,426 വരെ ഉയർന്ന അവസരത്തിലെ പ്രോഫിറ്റ് ബുക്കിങിൽ സൂചിക 38,718 ലേയ്ക്ക് തളർന്നെങ്കിലും വാരാന്ത്യം 39,058 പോയിന്റിലാണ്. ഈവാരം ആദ്യ കടമ്പ 39,416 ലാണ്. ഈ പ്രതിരോധം മറികടന്നാൽ 39,775 വരെ മുന്നേറാം. സെൻസെക്‌സിന് 38,708 ലും 38,359 പോയിന്റിലും സപ്പോർട്ടുണ്ട്. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ഏഴ് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ കഴിഞ്ഞയാഴ്ച 76,998.4 കോടി രൂപയുടെ വർധനയുണ്ടായി. ടിസിഎസ്,  ആർഐഎൽ, എച്ച്യുഎൽ, എച്ച്ഡിഎഫ്‌സി, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയ്ക്ക് നേട്ടം. എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. 
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 71.07 ൽനിന്ന് 70.80 ലേയ്ക്ക് നീങ്ങി. ഈവാരം 70.46-71.60  ടാർഗറ്റിൽ നീങ്ങാം. വിദേശ നാണയ കരുതൽ ശേഖരത്തിൽ വൻ കുതിച്ചുചാട്ടം. ഒക്ടോബർ 18 ന് അവസാനിച്ച വാരം കരുതൽ ശേഖരം 103.9 കോടി ഡോളർ വർധിച്ച് 44,075 ഡോളറിലെത്തി.  കോർപ്പറേറ്റ് ടാക്‌സ് ഇനത്തിൽ വരുത്തിയ ഇളവുകൾ വിപണിക്ക് ഊർജം പകരുന്നുണ്ടങ്കിലും വിദേശ ഫണ്ടുകൾ വൻ നിക്ഷേപങ്ങൾക്ക് ഇനിയും  ഉത്സാഹിച്ചിട്ടില്ല. 
ഒക്ടോബറിൽ വിദേശ ഫണ്ടുകൾ  3827.4 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ ഓപ്പറേറ്റർമാർ സംവത് 2075 ൽ ഇന്ത്യയിൽ മൊത്തം 68,517 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിൻതുണ നൽകികൊണ്ട് 65,391 കോടി രൂപയുടെ ഓഹരികളും ഒരു വർഷകാലയളവിൽ വാങ്ങി. 
യു.എസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യൻ മാർക്കറ്റിന് ഗുണകരമായി. പല വിദേശ കമ്പനികളും ഇന്ത്യയിൽ നിക്ഷേപം ഇറക്കാൻ ഉത്സാഹിക്കുന്നതും വരും ദിനങ്ങളിൽ നേട്ടമാവും.
 

Latest News