തിരുവനന്തപുരം- വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്ക് പോലീസിന്റെ ക്രൂരമര്‍ദനം. സ്‌കൂള്‍ കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്ലസ് ടു വിദ്യാര്‍ഥിയായ സുധീഷിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ വിദ്യാര്‍ഥിക്ക് മര്‍ദനമേല്‍ക്കുന്ന വീഡിയോ പുറത്തുവന്നു. കലോത്സവത്തിനിടെ സുധീഷ് അടക്കമുള്ള കുട്ടികള്‍ പരിധിവിട്ട് പടക്കം പൊട്ടിച്ചതിനെക്കുറിച്ച് പ്രിന്‍സിപ്പല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുട്ടികള്‍ക്കു നേരെ പോലീസ് ലാത്തി വീശി. ഇതിനിടെ, പോലീസിനോട് കയര്‍ത്ത് സംസാരിച്ച സുധീഷിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതാണെന്ന് പോലീസ് പറയുന്നു.
അതേസമയം കലോല്‍സവം വിദ്യാര്‍ഥികളില്‍ ചിലര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായാണ് പടക്കം പൊട്ടിച്ചതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. പലതവണ താക്കീത് ചെയ്തിട്ടും വിദ്യാര്‍ഥികള്‍ പിന്മാറാത്തതിനെ തുടര്‍ന്നാണ് പോലീസിനെ അറിയിക്കേണ്ടിവന്നതെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.






