കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ തെറിയഭിഷേകം

കൊച്ചി- പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരവേ കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ തെറിയഭിഷേകം. കേസിനെ കുറിച്ച് കേരള പോലീസിന്റെ പോസ്‌റ്റോ മറുപടിയോ ഇല്ലെങ്കിലും ആയിരങ്ങള്‍ തങ്ങളുടെ കമന്റുകളിലൂടെ പ്രതിഷേധം അറിയിക്കുകയാണ്. എഴതാന്‍ കൊള്ളാത്ത തെറി വാക്കുകളാണ് പോലീസിനോടുള്ള രോഷം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
സാധാരണ കമന്റുകള്‍ക്ക് മറുപടി നല്‍കാറുണ്ടെങ്കിലും ഈ വിഷയത്തില്‍ പോലീസ് പേജ് മൗനം പാലിക്കുകയാണ്.
ദീപാവലി ആശംസിച്ചുകൊണ്ടുള്ള പോസ്റ്റിനും പുതുതായി രൂപീകരിച്ച ഇന്ത്യാ റിസര്‍വ് പോലീസിനെ കുറിച്ചുള്ള പേസ്റ്റിനും വാളയാര്‍ അന്വേഷണത്തിലെ വീഴ്ചകളെ കുറിച്ചാണ് ജനങ്ങളുടെ കമന്റ്.

ഈ ദീപാവലി അത്ര ആനന്ദകരമായി തോന്നുന്നില്ല സര്‍......
വാളയാറിലെ ആ കുരുന്നു പെണ്‍കുട്ടികളുടെ മുഖം മനസില്‍ നിന്ന് മായുന്നില്ല.
ആ കുട്ടികളുടെ ഘാതകരെ രക്ഷപെടാന്‍ സഹായിച്ചത് നിങ്ങളില്‍ ചില ഏമാന്മാരുടെ റിപ്പോര്‍ട്ടാണ് എന്നു മനസ്സിലാക്കുന്നു. എന്തിനാണ് സര്‍ ഈ പോലീസ് സംവീധാനം?

നെറികെട്ട നീതിന്യായവ്യവസ്ഥകള്‍ക്ക് ആശംസകള്‍..വാളയാര്‍കേസിലെ നിയമപാലകരുടെ നിസ്സംഗതയ്ക്കാശംസകള്‍....കണ്ണിലും നെഞ്ചിലും ഒരു ദീപത്തിന്റെയും വെളിച്ചമല്ല സാറമ്മാരേ, പെണ്‍മക്കളുള്ളയോരോ മാതാപിതാക്കള്‍ടെയുള്ളിലും ഓരോരോ ചിതയിലെരിയുന്നപോലുള്ള പൊള്ളലാണ്...മറക്കില്ലൊരിക്കും ,പൊറുക്കുകയുമില്ല
എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതേ വിട്ട പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിലെ തണുപ്പന്‍മട്ടാണ് കോടതിയില്‍ നിന്നും കുറ്റാരോപിതര്‍ക്ക് ശിക്ഷലഭിക്കാതിരിക്കാന്‍ കാരണമായതെന്നാണ് പ്രധാന വിമര്‍ശം.  

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ കഴിഞ്ഞ 25നാണ് കോടതി വെറുതേ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

 

Latest News