Sorry, you need to enable JavaScript to visit this website.

ബാരിഷ ഗ്രാമവാസികളുടെ അജ്ഞാതനായ അയൽക്കാരനായിരുന്നു ബഗ്ദാദി

അബൂബക്കർ ബഗ്ദാദിയുടെ വീട് നിന്നിരുന്ന സ്ഥലം, യു.എസ് സേനയുടെ ആക്രമണത്തിനു ശേഷം.

ബാരിഷ (സിറിയ)- ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷയിലുള്ള സാധാരണ ഗ്രാമീണനായ അബു അഹ്മദിന് ഇപ്പോഴും അത് വിശ്വസിക്കാനാവുന്നില്ല. തന്റെ അപരിചിതനായ അയൽക്കാരൻ ലോകം തേടിക്കൊണ്ടിരുന്ന ഭീകരനാണെന്ന്.
കഴിഞ്ഞ ദിവസം രാത്രി ഗ്രാമത്തിലെ ഒലിവ് മരങ്ങൾക്കിടയിലൂടെ ഏതോ വിദേശ ഭാഷ സംസാരിച്ചുകൊണ്ട് പട്ടാളക്കാർ നീങ്ങുന്നത് അബു അഹ്മദ് കണ്ടിരുന്നു. എന്നാൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെ, സംഗതിയുടെ ഗൗരവം മനസ്സിലാക്കി അന്തംവിട്ടിരിക്കുകയാണ് ഈ 55 കാരൻ. ബാരിഷ ഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന ദാഇശ് തലവൻ അബൂബക്കർ അൽബഗ്ദാദിയെ യു.എസ് സൈന്യം വധിച്ചുവെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
തികഞ്ഞ ദുരൂഹത മാത്രമായിരുന്നു തന്റെ അയൽക്കാരനെക്കുറിച്ച് ഉണ്ടായിരുന്നതെന്ന് അബു അഹ്മദ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി അയാൾ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അലപ്പോയിൽനിന്ന് വന്ന വ്യാപാരിയെന്നാണ് അയാളെ കുറിച്ച് ആകെയുണ്ടായിരുന്ന വിവരം. വല്ലപ്പോഴും സലാം പറയുമെന്നല്ലാതെ ഒരിടപാടും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. പലപ്പോഴും ഞങ്ങൾ അയാളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഒരിക്കൽ പോലും അയാൾ വന്നിട്ടില്ലെന്നും അബു അഹ്മദ് പറഞ്ഞു. ആ വീട്ടിൽ സ്ത്രീകളെയോ കുട്ടികളെയോ കണ്ടിട്ടേയില്ല. അവധി ദിവസങ്ങളിൽ അയാളുമായി ചങ്ങാത്തം കൂടാൻ താൻ പല തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും അബു അഹ്മദ് ഓർക്കുന്നു.
രണ്ട് വർഷമായി അബു മുഹമ്മദ് എന്ന ബഗ്ദാദിയെ നേരിട്ടറിയാവുന്ന ആളാണ് മറ്റൊരു ഗ്രാമീണനായ അഹ്മദ് മുഹമ്മദ്. ബഗ്ദാദിക്ക് ഇന്റർനെറ്റ് കണക്ഷൻ എത്തിച്ചിരുന്നത് ഇദ്ദേഹമാണ്. ഇന്റർനെറ്റ് വിഛേദിക്കപ്പെടുമ്പോൾ ശരിയാക്കാൻ താൻ പല തവണ അവിടെ പോയിട്ടുണ്ടെന്നും, ഒരിക്കൽ പോലും സംശയം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു സാധാരണ കച്ചവടക്കാരൻ എന്നല്ലാതെ മറ്റൊന്നും സംശയിക്കാൻ കാരണമുണ്ടായിരുന്നില്ലെന്നും അഹ്മദ് മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ രാത്രി പട്ടാളക്കാരുടെ നീക്കവും വെടിയൊച്ചയും ഹെലിക്കോപ്റ്ററുകൾ പറക്കുന്നതുമെല്ലാം അബു അഹ്മദ് കേട്ടിരുന്നു. എന്നാൽ അവർ തേടിയെത്തിയത് തന്റെ അയൽക്കാരനെ ആയിരുന്നെന്നും, അയാൾ ശരിക്കും ആരാണെന്നും പിന്നീടാണ് അദ്ദേഹം അറിയുന്നത്.
തുർക്കി-സിറിയ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ബാരിഷ ഗ്രാമം. അൽഖാഇദക്കും, ഐ.എസിനും ശക്തിയുള്ള ലോകത്തെ അപൂർവം പ്രദേശങ്ങളിലൊന്ന്. വെടിയൊച്ചകൾ ഇവിടെ പതിവാണ്. എങ്കിലും കഴിഞ്ഞ രാത്രിയിലെ ആക്രമണം ഗ്രാമീണരെ പരിഭ്രമിപ്പിച്ചു. വെടിയൊച്ച കേട്ട സ്ഥലത്തേക്ക് താൻ രാത്രി തന്നെ ഓടിയെത്തിയതായി മറ്റൊരു ഗ്രാമീണൻ അബ്ദുൽ ഹമീദ് പറഞ്ഞു. അപരിചിതനായ അയൽക്കാരന്റെ വീട്ടിനും, വാഹനത്തിനും നേരെയായിരുന്നു വെടിവെപ്പ്. ആക്രമണം കഴിഞ്ഞപ്പോൾ വീട്ടിനുള്ളിൽ ആറ് മൃതദേഹങ്ങളും, വാഹനത്തിനുള്ളിൽ രണ്ട് മൃതദേഹങ്ങളും കണ്ടുവെന്നും അബ്ദുൽ ഹമീദ് പറഞ്ഞു. എന്നാൽ ദുരൂഹ അയൽക്കാരനായ അബു മുഹമ്മദിന്റെ മൃതദേഹം കണ്ടില്ല. അയാളെയും മറ്റൊരാളെയും അവർ കൊണ്ടുപോയെന്നാണ് സ്ഥലത്തുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞതെന്നും അബ്ദുൽ ഹമീദ് പറഞ്ഞു.
ഇന്നലെ നേരം പുലർന്നപ്പോൾ ആക്രമണം നടന്ന വീട് ഒരു കൽക്കൂമ്പാരം മാത്രമായിരുന്നു. അൽഖാഇദയുടെ സഖ്യ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽശാം (എച്ച്.ടി.എസ്) പോരാളികൾ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ എടുക്കാൻ അൽപസമയം അനുവദിച്ചു. ഒലിവ് മരങ്ങൾക്കിടയിലെ ഒറ്റപ്പെട്ട വീടുകളിലൊന്നായിരുന്നു ബഗ്ദാദിയുടെ താമസസ്ഥലം. 
 

Latest News