Sorry, you need to enable JavaScript to visit this website.

സൗദിയിൽ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന പ്രതിക്ക് വധശിക്ഷ 

തബൂക്ക് - ദിബ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിൽ നടന്ന കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ തബൂക്ക് ക്രിമിനൽ കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചു.

ഒന്നാം പ്രതിയുടെ വധശിക്ഷ നടപ്പിലാക്കണമെന്നും മറ്റുള്ള അഞ്ച് പ്രതികളും 15 വർഷം വീതം തടവുശിക്ഷ അനുഭവിക്കണമെന്നുമാണ് വിധി. കൂടാതെ മോഷ്ടിച്ച സ്വർണാഭരണത്തിന് പകരം എട്ട് ലക്ഷം റിയാൽ ഇവർ കെട്ടിവെക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. രാജ്യത്തെ ആകമാനം ഞെട്ടിച്ച സംഭവത്തിൽ ഒരു സ്വദേശിക്കും വിദേശ പൗരനും പരിക്കേറ്റിരുന്നു. സ്ത്രീ വേഷത്തിൽ ജ്വല്ലറിയിൽ കടന്ന പ്രതി പെട്ടെന്ന് ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പണവും ആഭരണങ്ങളും കവർന്നത്. 
ദൃക്‌സാക്ഷിയായ ഒരു സ്ത്രീ പോലീസിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ജ്വല്ലറിയുടെ പരിസരത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രതികളെ ധീരമായി നേരിടുകയും ചെയ്തത്. അടുത്തെത്തിയപ്പോൾ ഉദ്യോഗസ്ഥന്റെ നെഞ്ചിനെ ലക്ഷ്യമാക്കി ഇയാൾ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.
 

Latest News