Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച റിയാദിൽ, ചർച്ച ചൊവ്വാഴ്ച

13 കരാറുകളിൽ ഒപ്പുവെക്കും

റിയാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉന്നതതല സംഘവും തിങ്കളാഴ്ച റിയാദിൽ. ഫ്യൂച്ചർ ഇൻവെസ്റ്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയും സൗദിയും തമ്മിലുള്ള പത്തോളം കരാറുകളിൽ ഒപ്പുവെക്കുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി  ന്യൂദൽഹിയിലേക്ക് മടങ്ങും.
തിങ്കളാഴ്ച രാത്രി വൈകി റിയാദിലെത്തുന്ന അദ്ദേഹം രാവിലെ വിവിധ സൗദി മന്ത്രിമാരുമായി ചർച്ച നടത്തും. ശേഷം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി കൂടിക്കാഴ്ചയും രാജാവിന്റെ ആതിഥേയത്വത്തിൽ ഉച്ചഭക്ഷണവും. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക്കൽ പാർട്ണർഷിപ് കൗൺസിൽ കരാറിൽ ഒപ്പുവെക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രത്യേക കൂടിക്കാഴ്ച ഇതോടനുബന്ധിച്ചുണ്ടാകും.  ഉച്ച കഴിഞ്ഞ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സംഘടിപ്പിക്കുന്ന ദാവോസ് ഇൻ ഡെസേർട്ട് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ പ്രധാനമന്ത്രി സംസാരിക്കും.  കിരീടാവകാശിയുടെ അത്താഴ വിരുന്നിന് ശേഷമാണ് മടക്കയാത്ര.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണം നിരീക്ഷിക്കുന്നതിനുള്ള സ്ട്രാറ്റജിക്കൽ പാർട്ണർഷിപ് കൗൺസിൽ കരാർ ഒപ്പുവെച്ചുള്ള പ്രഖ്യാപനം ഇന്ത്യ - സൗദി ചരിത്രത്തിലെ പ്രധാന വഴിത്തിരിവാകും. ഇന്ത്യൻ പ്രധാനമന്ത്രി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഇരു രാജ്യങ്ങളിലെയും ധനമന്ത്രിമാർ, വാണിജ്യ, വ്യവസായ മന്ത്രിമാർ, നീതി ആയോഗ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. നിലവിൽ എട്ട് രാജ്യങ്ങളുമായി സൗദി അറേബ്യ സ്ട്രാറ്റജിക് കരാർ ഒപ്പുവെച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഇതുസംബന്ധിച്ച് ഇന്ത്യയുമായി ധാരണ പത്രത്തിൽ ഒപ്പിട്ടത്. 
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഫീൽഡ് റിഫൈനറിയായ മഹാരാഷ്ട്രയിലെ റായ്ഗാർഡ് വെസ്റ്റ് കോസ്റ്റ് റിഫൈനറിയിൽ സൗദിയിലെ അറാംകോയുടെ നിക്ഷേപം സംബന്ധിച്ച അന്തിമരൂപം നൽകൽ, മിഡിൽ ഈസ്റ്റ് ഇന്ത്യൻ ഓയിൽ സൗദിയിലെ അൽജെറി കമ്പനിയുമായി സഹകരിച്ച് സൗദിയിൽ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ സ്ഥാപിക്കൽ, ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം സ്രോതസ്സുകളിൽ സൗദിയുടെ പങ്കാളിത്തം, ഇന്ത്യയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് ഫണ്ടിൽ സൗദി അറേബ്യയുടെ നിക്ഷേപം, ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഇന്ത്യയുടെ ഇ-മൈഗ്രൈറ്റ്, സൗദിയുടെ ഇ-തൗദീഫ് സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കൽ, പുനരുപയോഗ ഊർജ രംഗത്തുള്ള സഹകരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ കച്ചിൽ സൗദി കമ്പനിയുടെ നിക്ഷേപത്തോടെയുള്ള 300 മെഗാവാട്ട് കാറ്റാടിയന്ത്ര പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം, ഡിസംബർ - ജനുവരിയിൽ ഇന്ത്യ സൗദി സംയുക്ത നാവികാഭ്യാസം, സൗദിയിൽ റൂപെ കാർഡ് പുറത്തിറക്കൽ, ഡിപ്ലോമാറ്റിക് സ്ഥാപന സഹകരണം എന്നിവയിലാണ് കരാർ ഒപ്പുവെക്കാനിരിക്കുന്നത്.

Latest News