Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സത്യപ്രതിജ്ഞ ഏത് ഭാഷയിൽ? ആശയക്കുഴപ്പത്തിൽ ഖമറുദ്ദീൻ

കാസർകോട്- മഞ്ചേശ്വരം മണ്ഡലത്തിലെ നിയുക്ത എം.എൽ.എ എം.സി.ഖമറുദ്ദീൻ ആകെ ആശയക്കുഴപ്പത്തിലാണ്. തിങ്കളാഴ്ച നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഏത് ഭാഷ തെരഞ്ഞെടുക്കണമെന്ന് നിശ്ചയിക്കാൻ വിഷമിക്കുകയാണ് ഇദ്ദേഹം. സപ്തഭാഷകൾ മാത്രമല്ല അതിലേറെ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ തന്റെ മണ്ഡലത്തിൽ താമസിക്കുന്നുണ്ട് എന്ന അഭിപ്രായക്കാരനാണ് ഖമറുദ്ദീൻ. 
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അടുക്കൽ മലയാളത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച് ഭാഷ ന്യുനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് ഖമറുദ്ദീൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം മുഖാമുഖത്തിൽ സത്യപ്രതിജ്ഞ ഏത് ഭാഷയിൽ ചൊല്ലുമെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ തീരുമാനിച്ചിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അന്തരിച്ച മുൻ എം.എൽ.എ പി.ബി.അബ്ദുൽ റസാഖ് കന്നഡയിലാണ് സത്യവാചകം ചൊല്ലിയത്. മണ്ഡലത്തിൽ താമസം തുടങ്ങിയതിനെ തുടർന്ന് കന്നഡയും തുളുവും പഠിക്കാനുള്ള ശ്രമത്തിലാണ് ഖമറുദ്ദീൻ. 
മലയാളത്തിന് പുറമെ ഹിന്ദി, ഉറുദു, അറബി, ഇംഗ്ലീഷ് ഭാഷകൾ ഖമറുദ്ദീൻ അനായാസം കൈകാര്യം ചെയ്യും. നിയമസഭയിൽ ആദ്യമായി ഏത് വിഷയം ഉന്നയിക്കും എന്ന ചോദ്യത്തിനും ഉത്തരം പറയാൻ നിയുക്ത എം.എൽ.എ വിഷമിച്ചു. തിരുവനന്തപുരത്ത് എത്തിയ ശേഷം തീരുമാനിക്കും എന്നായിരുന്നു മറുപടി. മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപെടുത്താൻ ഉള്ളതുകൊണ്ട് ഏതിനാണ് മുന്തിയ പരിഗണന നൽകേണ്ടതെന്ന് നിശ്ചയിക്കുക എളുപ്പമല്ലാതായി. 
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ എം.സി.ഖമറുദ്ദീൻ അടക്കമുള്ള പുതിയ എം.എൽ.എമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഖമറുദ്ദീന്റെ ഭാര്യയും മക്കളുമടക്കമുള്ളവരും സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹമ്മദാലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ.അബ്ദുല്ല, ജനറൽ സെക്രട്ടറി എ. അബ്ദുർ റഹ്മാൻ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, പി.കെ.ഫൈസൽ തുടങ്ങിയ യു.ഡി.എഫ് നേതാക്കളും സത്യാപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ തലസ്ഥാനത്തേക്ക് വണ്ടി കയറിയിട്ടുണ്ട്.
 

Latest News