Sorry, you need to enable JavaScript to visit this website.

അഞ്ചിടത്തെ 'ഉദ്യോഗമറിയാൻ'  എക്‌സിറ്റ് പോൾ 

പണ്ട് നൂറ്റാണ്ടിലൊരിക്കലാണ് മഹാ പ്രളയമുണ്ടായിരുന്നത്. എറണാകുളത്ത് പോളിംഗ് ദിവസം രേഖപ്പെടുത്തിയ കനത്ത മഴ കേരളത്തിന് പരിചയമില്ലാത്ത അനുഭവമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രളയം കനത്ത നാശമുണ്ടാക്കി. രണ്ട് മാസങ്ങൾക്കപ്പുറത്തെ  പേമാരിയും മണ്ണിടിച്ചിലും മലപ്പുറം, വയനാട് ജില്ലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചതാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലും ആശ്വാസം പകർന്നത്. കോഴിക്കോട് നഗരത്തിൽ ഓഗസ്റ്റ് ആദ്യം പതിനയ്യായിരം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നത്. 2018 ൽ ചെങ്ങന്നൂർ, ആലുവ, തൃശൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രയാസം നേരിട്ടപ്പോൾ മലപ്പുറത്തെ യുവാക്കളാണ് രക്ഷാ പ്രവർത്തനത്തിനിറങ്ങിയത്. ഈ വർഷം സമാന അനുഭവം വടക്കൻ ജില്ലകൾക്കുണ്ടായപ്പോൾ ആരും സഹായിക്കേണ്ട കാര്യമില്ലെന്ന് അനന്തപുരിയിലെ ഉദ്യോഗസ്ഥ പ്രമാണി വ്യക്തമാക്കിയത് ഞെട്ടലോടെയാണ് മലയാളികൾ കണ്ടത്. തൊട്ടടുത്ത ദിവസം കൊച്ചി കുസാറ്റിലെ ഒരു വനിത സമൂഹ മാധ്യമങ്ങളിൽ വളരെ സീരിയസായി ഒരു വോയ്‌സ് ക്ലിപ് പോസ്റ്റ് ചെയ്തു. 
കഴിഞ്ഞ കൊല്ലം നമുക്കൊരാപത്ത് വന്നപ്പോൾ സഹായിക്കാൻ പാഞ്ഞെത്തിയവർക്ക് വിഷമം നേരിടുമ്പോൾ നിസ്സംഗത പുലർത്തുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കി. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ നേതൃത്വമേറ്റെടുത്തത് അപ്പോഴാണ്. നിലമ്പൂരിലേക്കും മേപ്പാടിയിലേക്കും മൂന്ന് ലോഡ് ആവശ്യപ്പെടുമ്പോൾ മുപ്പത് ലോറികൾ പറഞ്ഞയച്ച് മേയർ ബ്രോ താരമായി. സോഷ്യൽ മീഡിയ കാലത്ത് അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ പിന്നോക്കം നിൽക്കുന്ന പാർട്ടിയാണ് സി.പി.എം. മേയർ ബ്രോയെ തമാശയിലൂടെ പ്രോത്സാഹിപ്പിക്കുന്ന ട്രോളുകൾ അധികമാരും മറന്നുകാണില്ല. 
പ്രളയ കാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കേരളത്തിന്റെ മുഴുവൻ സ്‌നേഹം ഏറ്റുവാങ്ങിയ അദ്ദേഹം  തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിച്ചു. അതുകൊണ്ടു തന്നെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എൽ.ഡി.എഫിന് റെക്കോർഡ് ഭൂരിപക്ഷം ലഭിച്ചതിൽ ഏറെയൊന്നും ആശ്ചര്യപ്പെടാനില്ല. കെ. മുരളീധരൻ, കുമ്മനം രാജശേഖരൻ, ടി.എൻ. സീമ എന്നീ പ്രമുഖർ മത്സരിച്ച സ്ഥാനത്താണ് യു.ഡി.എഫും ബി.ജെ.പിയും അത്ര തന്നെ അറിയപ്പെടാത്ത മുൻ എം.എൽ.എ കെ.മോഹൻ കുമാറിനെയും (യു.ഡി.എഫ്)  എസ്.സുരേഷിനെയും (ബി.ജെ.പി) സ്ഥാനാർത്ഥികളാക്കിയത്. 

                            ***      ***      ***

തിങ്കളാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ഉടൻ ന്യൂസ് ചാനലുകളിൽ എക്‌സിറ്റ് പോളുകൾ വന്നു തുടങ്ങി. രണ്ടാമത്തെ പത്രത്തിന്റെ ചാനലിൽ ഇതിന്റെ പ്രൊമോ രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ തുടങ്ങിയിരുന്നു. ദിവസം പലവുരു ആവർത്തിച്ചതാണിത്. അഞ്ചിടത്തെ ഉദ്യോഗമറിയാൻ എക്‌സിറ്റ് പോൾ എന്നാണ് തുടക്കത്തിലെ അനൗൺസ്‌മെന്റ്. ഉദ്വേഗം എന്നതിന് പകരമാണ് ഉദ്യോഗത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരുന്നത്. മലയാള ഭാഷാ പ്രയോഗങ്ങൾ, ഉച്ചാരണം എന്നീ വിഷയങ്ങളിൽ പ്രത്യേക താൽപര്യമെടുത്ത് ബോധവൽക്കരണത്തിനായി കോളങ്ങൾ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ചാനലാണിത്. കേന്ദ്രന്റെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്റ്റേഷനുകളിൽ ജോലി ലഭിക്കണമെങ്കിൽ ഒഡീഷൻ ടെസ്റ്റ്  പാസാകേണ്ടതുണ്ട്. പാലായിലെ അനുഭവമുള്ളത് കൊണ്ടാകണം ഇക്കുറി ഏഷ്യാനെറ്റുകാരൻ സാഹസത്തിനൊന്നും മുതിർന്നു കണ്ടില്ല. തെരഞ്ഞെടുപ്പു ഫലം വന്ന ദിവസം എം.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റ് സംഘടിപ്പിച്ച അവലോകനം ശ്രദ്ധേയമായി. മാതൃഭൂമി ന്യൂസ് നടത്തിയ എക്‌സിറ്റ് പോൾ ഏറെക്കുറെ ശരിയായി. അരൂരിൽ ഷാനിമോൾ ഉസ്മാന്റെ വിജയം അഭിപ്രായ സർവേ നടത്തിയവരിൽ പലർക്കും ഗണിച്ചെടുക്കാനായില്ല. 


            ***      ***      ***

ആൺതുണയില്ലാതെ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ നാസയുടെ ബഹിരാകാശ യാത്രികരായ ജസീക്ക മെയറെയും ക്രിസ്റ്റീന കോച്ചിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ്  ട്രംപ് ഇരുവരെയും അഭിനന്ദനമറിയിക്കാനായി വിളിച്ച സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോൺ ചെയ്താണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. എന്നാൽ എന്തിനാണ് വനിതകളെ അഭിനന്ദിക്കുന്നത് എന്ന് പോലും അറിയാതെയായിരുന്നു ട്രംപിന്റെ  ഫോൺ കോൾ. ട്രംപ് ഫോൺ സംഭാഷണത്തിൽ പറഞ്ഞ മണ്ടത്തരവും അത് തിരുത്തിയ ബഹിരാകാശ യാത്രികയുടെ വാക്കുകളുമാണ് ശ്രദ്ധേയമായത്. 'ഒരു സ്ത്രീ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങുന്നത് ഇത് ആദ്യമായാണ് എന്നാണ് ഡൊണാൾഡ് ട്രംപ് വനിതകളോട് പറഞ്ഞത്. 
എന്നാൽ ഇതുവരെ 15 വനിതകൾ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ടെന്നും അപ്പോഴെല്ലാം ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നുവെന്നും ട്രംപിനെ ജെസീക്ക മെയർ തിരുത്തുകയായിരുന്നു. ഇതിനു മുൻപ് മറ്റു നിരവധി വനിതാ ഗവേഷകർ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്. എന്നാൽ ഒരേ സമയം രണ്ട് സ്ത്രീകൾ പുറത്ത് ഉണ്ടായിരിക്കുന്നത് ഇതാദ്യമാണെന്ന് ട്രംപിനോട് മെയർ പറഞ്ഞു. അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമായ ഈ നടത്തം സ്ത്രീകളുടെ മാത്രം പ്രയത്‌നത്തിൽ നടത്തുന്നുവെന്നതായിരുന്നു കോച്ച്‌മെയർ യാത്രയുടെ പ്രത്യേകത. 1984 ൽ ബഹിരാകാശ നടത്തം നടത്തിയ റഷ്യൻ ബഹിരാകാശ യാത്രികയായ സ്വെറ്റ്‌ലാന സാവിറ്റ്‌സ്‌കയാണ് ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ വനിത. കോച്ചിന്റെ  നാലാമത്തെ ബഹിരാകാശ നടത്തമാണ് പൂർത്തിയായത്. മെയറിന്റെ  ആദ്യത്തേതും. പടിഞ്ഞാറൻ നാടുകളിലെ ദൃശ്യ മാധ്യമങ്ങൾക്ക് ആഘോഷിക്കാനുള്ള വകയായി ഇത്. 

                             ***      ***      ***

മാതൃഭൂമി ഷി ന്യൂസിൽ വെള്ളിയാഴ്ച ഉച്ചക്ക് പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്ത ഒരു വാർത്തയാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ വിവാഹം. രണ്ടു മാസം കൂടി കാത്തിരിക്കണം. ഡിസംബറിലായിരിക്കും ഈ സംഭവമെന്ന് ചാനൽ. തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്.  ഇരുവരും ഇത് പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. നയൻസുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്‌നേഷ് ഇൻസ്റ്റഗ്രാമിലുൾപ്പടെ പങ്കുവെയ്ക്കാറുമുണ്ട്.   
ഇരുവരും വിവാഹത്തിനു മുൻപേ തങ്ങൾ മികച്ച താര ജോഡികളാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോയും ചിത്രങ്ങളുമാണ് പങ്ക് വെച്ചിട്ടുള്ളതും. വിഘ്‌നേശ് ശിവനും നയൻതാരയും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര ദർശനം നടത്തിയ വീഡിയോയും ചിത്രങ്ങളുമാണ് ഏറ്റവുമൊടുവിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതൊന്നുമല്ല സംശയം, ഈ ലേഡിയുടെ വിവാഹം കുറച്ചു മുമ്പ് കഴിഞ്ഞതല്ലേ. 30 കോടി രൂപ ചെലവിൽ ഡൈവോഴ്‌സ് നടത്തിയ ഒരു സിനിമാ പ്രമുഖനെ കെട്ടിയത്  മുമ്പ് വലിയ വാർത്തയായിരുന്നുവല്ലോ. 

         ***      ***      ***

മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ കൽപിക്കുന്ന ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ പ്രതിഷേധിച്ച് പത്രങ്ങൾ. ഒന്നാം പേജിൽ കറുപ്പ് പടർത്തിയാണ് പത്രങ്ങൾ സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചത്. ദേശീയ - പ്രാദേശിക പത്രങ്ങളായ ദ ഓസ്‌ട്രേലിയൻ, ദ സഡ്‌നി മോർണിംഗ് ഹെറാൾഡ്, ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ, ഡെയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങളിൽ കറുപ്പ് പടർത്തി പത്രം പ്രിന്റ് ചെയ്തത്. സർക്കാരിനെ പിടിച്ചുലയ്ക്കുന്ന രണ്ട് വാർത്തകൾ പുറത്തു വന്നതോടെ ചാനലുകളായ എബിസിയിലും ന്യൂസ് കോർപ്പിലെയും മാധ്യമ പ്രവർത്തകരുടെ വീടുകളിൽ ഫെഡറൽ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിഷേധം ശക്തമായത്.
'ന്യൂസ് കോർപ് ജേണലിസ്റ്റ് അന്നിക സ്‌മെത്ത്‌റസ്റ്റിന്റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാർട്ടേഴ്‌സിലും പോലീസ് റെയ്ഡ് നടത്തി. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് -മീഡിയ എന്റർടെയ്ൻമെന്റ് ആന്റ് ആർട്‌സ് അലയൻസ് യൂനിയൻ തലവൻ പോൾ മർഫി പറഞ്ഞു. പത്രങ്ങൾ മാത്രമല്ല, ചാനലുകളിലും പ്രതിഷേധം കത്തിയമരുകയാണ്. 'സർക്കാർ നിങ്ങളിൽ നിന്ന് സത്യങ്ങൾ മറച്ചുവെയ്ക്കുമ്പോൾ അവർ എന്താണ് ഒളിക്കുന്നത്' എന്ന ചോദ്യമാണ് ചാനലുകൾ പ്രേക്ഷകരോട് ചോദിക്കുന്നത്. റെയ്ഡിന് ശേഷം മൂന്ന് മാധ്യമ പ്രവർത്തകരാണ് ക്രിമിനൽ കേസിൽ ഉൾപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ യുദ്ധത്തിനിടെ ഓസ്‌ട്രേലിയൻ സ്‌പെഷ്യൽ ഫോഴ്‌സ് അനധികൃതമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന് എബിസിയിലെ രണ്ട് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.

 

Latest News