Sorry, you need to enable JavaScript to visit this website.

നേതാക്കള്‍ പുറത്തിറങ്ങാതിരിക്കാന്‍ കശ്മീരില്‍ പുതിയ തന്ത്രം

ശ്രീനഗര്‍-ജമ്മു കശ്മീരില്‍ നേതാക്കളുടെ സുരക്ഷ മനഃപൂര്‍വം വെട്ടിക്കുറച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നത് തടയുകയാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ സംവിധാനങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍ ഔദ്യോഗിക പദവികളൊന്നും ഇല്ലാതിരുന്ന ബി.ജെ.പി നേതാക്കള്‍ക്ക് മികച്ച സൗകര്യങ്ങളും വാഹനങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ ജനപ്രതിനിധികള്‍ക്ക് പോലും ബി.ജെ.പി നേതാക്കള്‍ക്ക് ലഭിക്കുന്നതു പോലുള്ള സുരക്ഷ സൗകര്യങ്ങളില്ല.
പാര്‍ട്ടി നേതാക്കളെ ഒറ്റപ്പെടുത്തുകയും അവര്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നത് തടയുകയുമാണ് അധികൃതരുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതു തീര്‍ത്തും വിവേചനത്തോടെയുള്ള നടപടിയാണ്. ഉന്നത നേതാക്കളില്‍ ഭൂരിഭാഗത്തെയും വീട്ടുതടങ്കലിലാക്കിയിരിക്കയാണ്. സുരക്ഷ ഒഴിവാക്കുന്നതടക്കമുള്ള വിവേചന നടപടികളിലൂടെ ബാക്കിയുള്ളവരെ വീടുകളില്‍നിന്ന് പുറത്തിറങ്ങാതാക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ജി.എ. മീറിന്റെ താമസം ശ്രീനഗറില്‍നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. മുഖ്യധാര, ദേശീയ പാര്‍ട്ടികളെ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുകയെന്ന തന്ത്രമാണ് ജമ്മു കശ്മീര്‍ ഭരണകൂടം പയറ്റുന്നത്.
സുരക്ഷ സംവിധാനങ്ങള്‍ കുറയ്ക്കുന്നതോടെ ജാനധിപത്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതാക്കുമെന്ന് മാത്രമല്ല, നേതാക്കളുടെ ജീവന്‍ ദേശവിരുദ്ധ ശക്തികളുടെയും സാമൂഹിക വിരദ്ധ ശക്തികളുടെയും കൈയിലാകും. ഇക്കാര്യം കണക്കിലെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ച് മുതല്‍ കശ്മീര്‍ താഴ്‌വര സൈനിക നിയന്ത്രണത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വിഘടനവാദികളുമടക്കം ആയിരത്തിലേറെ പേരെയാണ്  തടവിലാക്കിയത്.  

 

 

Latest News