ചണ്ഡീഗഢ്- ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയൊടോപ്പം സഖ്യം ചേര്‍ന്ന ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാലയുടെ അമ്മ നൈന ചൗതാലയെ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നതായി റിപോര്‍ട്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജെജപി നേതാവ് അജയ് ചൗതാലയുടെ ഭാര്യയാണ് നൈന. അജയിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗതാലയും ഇതേ കേസില്‍ ജയിലിലാണ്. ഇവരുടെ അഭാവത്തില്‍ ദുഷ്യന്താണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്. ബധ്ര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 13,704 വോട്ടിനു പരാജയപ്പെടുത്തിയാണ് നൈന തെരഞ്ഞെടുക്കപ്പെട്ടത്. നൈനയെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തു വന്നിട്ടില്ല.
ബിജെപിയുമായി ജെജപി സഖ്യമുണ്ടാക്കിയതിനു മണിക്കൂറുകള്‍ക്കു ശേഷം തടവു ശിക്ഷയില്‍ നിന്ന് താല്‍ക്കാലിക വിടുതല്‍ ലഭിച്ച അജയ് ചൗതാല ഉടന്‍ തിഹാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും. 14 ദിവസത്തേക്കാണ് അജയിന് പരോള്‍ അനുവദിച്ചിട്ടുള്ളത്. നല്ല പെരുമാറ്റമുള്ള തടവുകാര്‍ക്ക് വര്‍ഷത്തില്‍ 49 ദിവസത്തെ ശിക്ഷാ അവധി നല്‍കാറുണ്ട്. ഇതില്‍ ശേഷിക്കുന്ന 14 ദിവസമാണ് അജയിന് അനുവദിച്ചിട്ടുള്ളത്. ബിജെപിയുമായുള്ള സഖ്യ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വെള്ളിയാഴ്ച ദുഷ്യന്ത് ചൗതാല ജയിലിലെത്തി പിതാവിനെ കണ്ടിരുന്നു.
2013ലാണ് അജയ് ചൗതാലയേയും പിതാവും മുന്‍ മുഖ്യമന്ത്രിയുമായി ഓം പ്രകാശ് ചൗതാലയേയും അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചത്. മുവ്വായിരം അധ്യാപകരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്ത് കോഴ വാങ്ങിയ കേസിലാണിത്.