Sorry, you need to enable JavaScript to visit this website.

അസം തടങ്കല്‍പാളയത്തില്‍ ഒരാള്‍ കൂടി മരിച്ചു; മൃതദേഹം സ്വീകരിക്കാതെ വീട്ടുകാര്‍

ഗുവാഹത്തി- അസമില്‍ വിദേശികളായി പ്രഖ്യാപിച്ചവരെ പാര്‍പ്പിച്ച കേന്ദ്രത്തില്‍ ഒരാള്‍ കൂടി മരിച്ചു. തടങ്കലില്‍ ആരോഗ്യനില മോശമായി മരിക്കുന്ന രണ്ടാമത്ത സംഭവമാണിത്. സംസ്ഥാനത്തെ തടങ്കല്‍ കേന്ദ്രങ്ങളിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ സംഭവം അസം സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

2017 ജൂലൈ മുതല്‍ ലോവര്‍ അസമിലെ ഗോള്‍പാറ ക്യാമ്പിലുള്ള നല്‍ബാരി സതേമാരി സ്വദേശി പഹ് ലു ദാണ് (70) മരിച്ചത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 11 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് പിന്നീട് ഗുവഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യ സ്ഥതി അറിയിച്ചിട്ടില്ലെന്ന് ആരോപിച്ച്  മൃതദേഹം സ്വീകരിക്കാന്‍ കുടുംബം വിസമ്മതിച്ചു. എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും ഇയാളെ വിദേശിയായി പ്രഖ്യാപിച്ചുവെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.

സോണിത്പൂര്‍ ജില്ലയിലെ അലിസിംഗ സ്വദേശിയും 65 കാരനുമായ ദുലാല്‍ ചന്ദ്ര പോള്‍ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 13 ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് ദുലാല്‍ ചന്ദ്രയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.

അതിനിടെ, സംസ്ഥാന തടങ്കല്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ള അവസ്ഥകളെക്കുറിച്ച് വിലിയിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അവലോകന സമിതി രൂപീകരിച്ചു. ഡിഐജി (അതിര്‍ത്തി)യുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ജയില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, റിട്ട.ഡിസ്ട്രിക്റ്റ്, സെഷന്‍സ് ജഡ്ജി ഹര്‍ദീപ് സിംഗ്, ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി, ചെയര്‍മാന്‍ നിര്‍ദേശിക്കുന്ന മറ്റേതെങ്കിലും അംഗങ്ങള്‍ എന്നിവരുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സമിതി സംസ്ഥാനത്തെ എല്ലാ തടങ്കല്‍ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ഓരോ തടവുകാരന്റെയും നിയമ സഹായ നിലയും ആരോഗ്യസ്ഥിതിയും അവലോകനം ചെയ്യും. തടങ്കല്‍ കേന്ദ്രങ്ങളിലെ ഭക്ഷണം, ശുചിത്വം, ജീവിത സാഹചര്യങ്ങള്‍ എന്നിവ അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. സമിതി ഉടന്‍ തന്നെ പ്രവര്‍ത്തനും തുടങ്ങുകയും  മൂന്ന് മാസത്തിനുള്ളില്‍ ഏകീകൃത റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും.

ഓഗസ്റ്റ് 31 ന് അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച  അസം ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയിരുന്നു. ട്രൈബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിക്കുന്നവരെ നാടു കടത്തുന്നതിനു മുമ്പായി പാര്‍പ്പിക്കാന്‍  സംസ്ഥാനത്ത് ആറ് തടങ്കല്‍ കേന്ദ്രങ്ങളാണുള്ളത്.

 

Latest News