ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഗോവയിലും മഹാരാഷ്ട്രയിലും കാറ്റും മഴയും കനക്കും

മുംബൈ- അറബിക്കടലിന്റെ കിഴക്കു മധ്യ മേഖലയ്ക്കു മുകളില്‍ ക്യാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറുന്നു. ഇതോടെ ഗോവയിലും മഹാരാഷ്ട്രയിലും കനത്തുപെയ്യുന്ന മഴ കൂടുതല്‍ കനക്കും. 160 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റു വീശുക എന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് രൂപംകൊണ്ട അറബിക്കടല്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. ഗോവ, കര്‍ണാടക, ദക്ഷിണ കൊങ്കണ്‍ തീരദേശ മേഖലകളില്‍ അടുത്ത 12 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. കേരളത്തിലും മഴ പെയ്യും. അടുത്ത അഞ്ചു ദിവസത്തില്‍ ഈ ചുഴലിക്കാറ്റ് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങി ഒമാന്‍ തീരത്തടുക്കുമെന്നാണ് കാലാവസ്ഥാ ഗവേഷണകര്‍ മുന്നറിയിപ്പു നല്‍കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Latest News