സിലിയുടെ കൊലപാതത്തില്‍ നിര്‍ണായക തെളിവായി ജോളി കൈക്കലാക്കിയ സ്വര്‍ണം

കോഴിക്കോട്- കൊല്ലപ്പെട്ട സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി കൈക്കലാക്കിയതിന് സ്ഥിരീകരണം. ജോളി പണയം വെക്കാനായി സുഹൃത്ത് ജോണ്‍സണെ ഏല്‍പ്പിച്ച സ്വര്‍ണ്ണം സിലിയുടേതാണെന്ന് കണ്ടെത്തി. ജോളി ഏല്‍പിച്ച എട്ടേകാല്‍ പവന്‍ ജോണ്‍സണ്‍ അന്വേഷണസംഘത്തിന് കൈമാറി. ഇതിലുണ്ടായിരുന്ന വളയും മാലയും സിലിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഈ ആഭരണങ്ങള്‍ തിരിച്ചറിയുന്നതിനായി അന്വേഷണസംഘം സിലിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തിയിരുന്നു. സിലിയുടെ സഹോദരന്‍ സിജോയും മറ്റു ബന്ധുക്കളുമാണ് ജോണ്‍സണ്‍ കൊണ്ടുവന്ന ആഭരണങ്ങള്‍ സിലിയുടേതാണെന്ന് സ്ഥിരീകരിച്ചത്.

മറ്റു മൂന്നു ബാങ്കുകളിലായി ജോളി പണയം വെച്ച ആഭരണങ്ങളിലും സിലിയുടെ സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വടകര തീരദേശ സ്റ്റേഷനിലാണ് ജോണ്‍സണ്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഇവിടെ വെച്ച് ജോളി തന്നെ ഏല്‍പ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ ജോണ്‍സണ്‍ പോലീസിന് കൈമാറുകയായിരുന്നു. തന്റെ സ്വര്‍ണ്ണമാണെന്നാണ് ജോളി ജോണ്‍സനെ വിശ്വസിപ്പിച്ചിരുന്നത്. പുതുപ്പാടി സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയിരുന്ന സ്വര്‍ണ്ണം പണം നല്‍കി തിരിച്ചെടുത്തിരുന്നെങ്കിലും ഇതിനിടയില്‍ ജോളിയുടെ അറസ്റ്റ് നടന്നതിനാല്‍ തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ലെന്നാണ് ജോണ്‍സണ്‍ അന്വേഷണസംഘത്തോട് പറഞ്ഞത്.

ഈ ആഭരണങ്ങള്‍ സിലിയുടെ സഹോദരന്‍ സിജോയും സഹോദരിയും സിജോയുടെ ഭാര്യയും തിരിച്ചറിഞ്ഞതോടെ സിലിയുടെ കൊലപാതകം സംബന്ധിച്ച കേസില്‍ ഇത് സുപ്രധാന തെളിവാകും.

 

Latest News