കുട്ടിക്കടത്ത് വാദം വീണ്ടും പൊളിഞ്ഞു; വെട്ടത്തൂർ യത്തീംഖാന കേസും സി.ബി.ഐ അവസാനിപ്പിച്ചു

കൊച്ചി - യത്തീംഖാനകളിലേക്ക് കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് കേരളത്തിൽ ഉണ്ടാക്കിയ വിവാദങ്ങൾ വീണ്ടും പൊളിഞ്ഞു. മുക്കം യത്തീംഖാന കുട്ടിക്കടത്ത് കേസ് സി.ബി.ഐ എഴുതിത്തള്ളിയതിനു പിന്നാലെ മലപ്പുറം വെട്ടത്തൂർ യത്തീംഖാന കുട്ടിക്കടത്ത് കേസും സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.
സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയാണ് വെട്ടത്തൂർ അൻവാറുൽ ഹുദാ യത്തീംഖാന നടത്തിയിരുന്നത്. 2014 മെയ് 25ന് പശ്ചിമ ബംഗാളിൽനിന്നും മതിയായ രേഖകൾ ഇല്ലാതെ 123 കുട്ടികളെ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ യത്തീംഖാനയിലേക്ക് കൊണ്ടുപോകാൻ എത്തിച്ചിരുന്നു. ഇത് കുട്ടിക്കടത്താണെന്ന് ആരോപിച്ച് പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റിയും റെയിൽവെ പോലീസും കേസെടുക്കുകയും ചെയ്തു. കുട്ടികളോടൊപ്പം ഉണ്ടായിരുന്ന അബൂബക്കർ, മൻസൂർ, ദോശ് മുഹമ്മദ്, ജാഹിറുദീൻ എന്നീ ബംഗാൾ സ്വദേശികളെ  കുട്ടിക്കടത്ത് ഏജന്റ്മാരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു.
കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകൾ ഹൈക്കോടതിയിൽ ഹരജി നൽകി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് സി.ബി.ഐക്ക് വിട്ടു. ഇതിനെതിരെ വെട്ടത്തൂർ യത്തീംഖാന സുപ്രീം കോടതിയിൽ അപ്പീൽ സമർപിച്ചു. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ സമൂഹ്യ നീതിക്കായുള്ള സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് അപ്പീൽ ഫയലിൽ സ്വീകരിച്ച് സി.ബി.ഐയോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ നാല് വർഷം നാല് സംസ്ഥാനങ്ങളിലാകെ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് കുട്ടിക്കടത്ത് നടന്നിട്ടില്ല എന്ന് കണ്ടെത്തി സി.ബിഐയുടെ ദൽഹി യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആറിനെ തുടർന്നുള്ള അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിയത്. 

Latest News