Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ ബി.ജെ.പി സർക്കാർ,ജെ.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം

ന്യൂദൽഹി- ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനത പാർട്ടിയെ കൂട്ടുപിടിച്ച് ഹരിയാനയിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കും. ജെ.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാണ് ഹരിയാനയിൽ ബി.ജെ.പി ഭരണത്തുടർച്ചയുണ്ടാക്കുന്നത്. ബി.ജെ.പി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ദുഷ്യന്ത് ചൗട്ടാലയും അമിത് ഷാക്കൊപ്പമുണ്ടായിരുന്നു. ഖട്ടാർ മുഖ്യമന്ത്രിയും ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. ബി.ജെ.പി വിമതരായി മത്സരിച്ചവരടക്കം സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്. ഐ.എൻ.എൽ.ഡി, ഹരിയാന ലോക്ഹിത് പാർട്ടി, ഏഴ് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിക്കൊപ്പമാണ്.  
ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 40 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. 46സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ വേണ്ടത്. കോൺഗ്രസിന് 31 സീറ്റുകളാണ് ലഭിച്ചത്. സർക്കാർ രൂപീകരണ ശ്രമവുമായി കോൺഗ്രസും രംഗത്തുണ്ടായിരുന്നു. എന്നാൽ അത് വിജയിച്ചില്ല. ഹരിയാനയിൽ നടക്കുന്നത് ബി.ജെ.പിയുടെ പണക്കരുത്തും കൈക്കരുത്തുമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട കോൺഗ്രസ് ദേശീയ വക്താവ് കൂടിയായ രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു.
വ്യാഴാഴ്ച രാത്രി വൈകിയപ്പോൾ മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിൽ ചേർന്ന യോഗം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. 
എയർഹോസ്റ്റസിന്റെയും അമ്മയുടെയും ആത്മഹത്യക്കേസിൽ പ്രേരണക്കുറ്റം ഉൾപ്പടെ നിരവധി ആരോപണങ്ങൾ നേരിടുന്ന ഗോപാൽ ഖണ്ഡയുടെ പിന്തുണ ബി.ജെ.പി തേടിയത് ഏറെ വിവാദമായിരുന്നു. ഇയാളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിൽ ബി.ജെ.പിക്ക് ഉള്ളിൽ നിന്നു തന്നെ എതിർ ശബ്ദം ഉയരുകയും ചെയ്തു. 2012ൽ കോൺഗ്രസ് മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ഖണ്ഡ ഒരു എയർഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് രാജി വെക്കുകയായിരുന്നു. 
    

Latest News