Sorry, you need to enable JavaScript to visit this website.

കശ്മീര്‍ ബി.ഡി.സി തെരഞ്ഞെടുപ്പില്‍ 217 സീറ്റുകള്‍ കക്ഷിരഹിതര്‍ സ്വന്തമാക്കി

ശ്രീനഗര്‍- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടര മാസത്തിന് ശേഷം ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് (ബി.ഡി.സി) നടന്ന തെരഞ്ഞെടുപ്പില്‍ 307 സീറ്റില്‍ 217 സീറ്റുകള്‍ സ്വന്തമാക്കിയത് സ്വതന്ത്രര്‍. പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 81 സീറ്റ് നേടി. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റര്‍ സന്ദേശത്തില്‍ അഭിനന്ദിച്ചു.
ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 98.3 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 316 ല്‍ 307 ബ്ലോക്കുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് ഒരു സീറ്റും ജമ്മു കശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടി എട്ട് സീറ്റുകളും സ്വന്തമാക്കി. കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് രണ്ടു പേര്‍ പത്രിക നല്‍കി. ഇതില്‍ ഒരാളുടേത് തള്ളി. 27 ബ്ലോക്കുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് വിജയിച്ചത്.
ലഡാക്കില്‍ 31ല്‍ 20 സീറ്റുകളില്‍ സ്വതന്ത്രരും 11 സീറ്റുകളില്‍ ബി.ജെ.പിയും ജയിച്ചു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ബഹിഷ്‌കരിച്ചിരുന്നു.

 

Latest News