Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ആപ്പിള്‍ വ്യാപാരം രക്തത്തില്‍ കുളിക്കുന്നു; രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൂടി കൊല്ലപ്പെട്ടു

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ രണ്ട് ആപ്പിള്‍ ട്രക്ക് ഡ്രൈവര്‍മാരെ വെടിവെച്ച് കൊല്ലുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും കശ്മീര്‍ തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തില്‍ താഴ്‌വരയിലെ സുപ്രധാന ആപ്പിള്‍ വ്യാപാരം ഇരയാകുകയാണ്. കശ്മീരിനുണ്ടായിരുന്ന സ്വയംഭരണാധികാരം ഇല്ലാതാക്കാനും സംസ്ഥാനത്തെ വിഭജിക്കാനും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ക്കുശേഷം ഓഗസ്റ്റ് അഞ്ച് മുതല്‍ താഴ്‌വര സംഘര്‍ഷത്തിലാണ്. സുരക്ഷാ, ആശയവിനിമയ നിയന്ത്രണങ്ങള്‍ ഇനിയും പൂര്‍ണമായി നീക്കിയിട്ടില്ലാത്ത കശ്മീരില്‍ ദിവസം കഴിയുന്തോറും സംഘര്‍ഷവും അക്രമങ്ങളും വര്‍ധിച്ചുവരികയാണ്.
ഇന്ത്യയുടെ നടപടികളില്‍ പ്രതിഷേധിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളും സാധാരണനില പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്ന  കേന്ദ്രസര്‍ക്കാരും  തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഏകദേശം 200 കോടി ഡോളറിന്റെ ആപ്പിള്‍ വ്യാപാരം.
തീവ്രവാദികളുടെ ശക്തികേന്ദ്രമായ തെക്കന്‍ ഷോപിയന്‍ ജില്ലയിലാണ് വ്യാഴാഴ്ച രാത്രി കശ്മീരിന് പുറത്തുള്ള രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചത്. വാഹനങ്ങള്‍ തടഞ്ഞ് തോക്കുധാരികള്‍ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ കുറിച്ച് സുപ്രധാന സൂചനകള്‍ ലഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുനീര്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച രണ്ട് ആപ്പിള്‍ കച്ചവടക്കാരും ഒരു ഡ്രൈവറും രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേരും കശ്മീരിന് പുറത്തുനിന്നുള്ളവരാണ്. വടക്കന്‍ സോപോര്‍ പ്രദേശത്ത് കഴിഞ്ഞ മാസം ഒരു പ്രാദേശിക ആപ്പിള്‍ വ്യാപാരിയെയും അഞ്ച് വയസുകാരിയെയും തോക്കുധാരികള്‍ വെടിെവച്ച് പരിക്കേല്‍പ്പിച്ചതായിരുന്നു മറ്റൊരു സംഭവം.
നിലവില്‍ വിളവെടുപ്പ് തുടരുന്ന കശ്മീര്‍ താഴ്‌വരയിലെ ആപ്പിള്‍ മേഖല  പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്, നേരിട്ടോ അല്ലാതെയോ 30 ലക്ഷത്തിലധികം ആളുകള്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കുന്നുണ്ട്.
പതിനായിരത്തോളം ആപ്പിള്‍ ട്രക്കുകള്‍ താഴ്‌വരയില്‍നിന്ന് പുറത്തുപോയതായി കഴിഞ്ഞയാഴ്ച അധികൃതര്‍ പറഞ്ഞെങ്കിലും വ്യാപാരം വളരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു പല കര്‍ഷകരും വിളവെടുപ്പില്‍നിന്ന് വിട്ടുനിന്നതിനാല്‍ വന്‍ നഷ്ടമുണ്ടായി.
ആയിരക്കണക്കിന് സൈനികരെ അയച്ച് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും നൂറുകണക്കിന് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ കസ്റ്റഡിയിലെടുക്കുകയും മേഖലയിലെ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ലാന്‍ഡ്‌ലൈനും പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങളും പുനഃസ്ഥാപിച്ചുവെങ്കിലും ഇന്റര്‍നെറ്റ് ഇനിയും പൂര്‍ണതോതില്‍ നല്‍കിയിട്ടചഷ്ട.
ആശയവിനിമയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്ന സുപ്രീം കോടതി നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. നവംബര്‍ അഞ്ചിനാണ് ഹരജികളില്‍ അടുത്ത വാദം കേള്‍ക്കല്‍.

 

 

Latest News