Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യ കരിപ്പൂര്‍-ജിദ്ദ ജംമ്പോ വിമാനം ഡിസംബറില്‍; തിരുവനന്തപുരത്തേക്ക് ആഭ്യന്തര സര്‍വീസ്

കൊണ്ടോട്ടി- കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാന സര്‍വീസ് ഡിസംബറില്‍ ആരംഭിക്കും. ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ എയര്‍ ഇന്ത്യയുടെ സംഘം കരിപ്പൂരിലെത്തി വിലയിരുത്തി. ഡി.ജി.സി.എ ഉന്നയിച്ച 11 കാര്യങ്ങളില്‍ വ്യക്തത വരുത്താനായാണ് സംഘം കരിപ്പൂരിലെത്തിയത്. റണ്‍വേ,ഏപ്രണ്‍ ഭാഗങ്ങള്‍ ഇവര്‍ പരിശോധിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത സാങ്കേതികകാര്യങ്ങള്‍ വിലയിരുത്തി.

കരിപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആഭ്യന്തര സര്‍വീസ് ഉള്‍പ്പെടുത്തിയാണ് എയര്‍ ഇന്ത്യ ജംബോ സര്‍വീസ് ആരംഭിക്കുന്നത്. നേരത്തെ ആഭ്യന്തര സര്‍വീസ് ഷെഡ്യൂളില്‍ ഇല്ലായിരുന്നു. ജിദ്ദയില്‍ നിന്നെത്തുന്ന വിമാനം 10 മണിക്കൂറോളം കരിപ്പൂര്‍ റണ്‍വേയില്‍ നിര്‍ത്തിയിടുന്ന രീതിയിലായാണ് ഷെഡ്യൂള്‍ ഒരുക്കിയിരുന്നത്. വിമാനം ഇത്രയും നേരം ഏപ്രണില്‍ നിര്‍ത്തുന്നത് മറ്റു സര്‍വ്വീസുകള്‍ക്ക് പ്രശ്‌നമാകുന്നതിനാലാണ് തിരുവന്തപുരം ആഭ്യന്തര സര്‍വ്വീസ് നടത്തുന്നത്.

റണ്‍വേ ഏപ്രണില്‍ നിലവില്‍ ചെറിയ 13 വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള സൗകര്യമാണുളളത്. വലിയ വിമാനം നിര്‍ത്തിയിടുന്നതോടെ കൂടുതല്‍ വിമനാങ്ങളുടെ പാര്‍ക്കിങ് പ്രശ്‌നത്തിലാവും. ഇത് ഒഴിവാക്കണമെന്ന വിമാനത്താവള എയറോ ഡ്രോം നേരത്തെ എയര്‍ഇന്ത്യയോട്  നിര്‍ദേശിച്ചിരുന്നു.
എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എക്സ്റ്റിക്യുട്ടീവിനോടൊപ്പം ഫ്‌ളൈറ്റ് സേഫ്റ്റി, എഞ്ചിനീയറിംഗ്, ഗ്രൗണ്ട് സപ്പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികളും സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.

 

Latest News