Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 22.4 ശതമാനമായി ഉയർന്നു;ക്ലറിക്കല്‍ മേഖല ഒന്നാമത്‌

റിയാദ് - ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 22.4 ശതമാനമായി ഉയർന്നു. 2016 അവസാനത്തിൽ സൗദിവൽക്കരണം 18.1 ശതമാനമായിരുന്നു. നാലു പ്രധാന തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്.

ക്ലറിക്കൽ തൊഴിലുകളിൽ സൗദിവൽക്കരണം 88.7 ശതമാനവും മാനേജർമാർ, ബിസിനസ് മാനേജർമാർ പ്രൊഫഷനുകളിൽ സൗദിവൽക്കരണം 72.1 ശതമാനവും സെയിൽസ് പ്രൊഫഷനിൽ സ്വദേശിവൽക്കരണം 52 ശതമാനവും ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് പ്രൊഫഷനുകളിൽ സൗദിവൽക്കരണം 40.1 ശതമാനവുമായി ഉയർന്നിട്ടുണ്ട്. സൗദിവൽക്കരണം ഏറ്റവും കൂടുതൽ ക്ലറിക്കൽ പ്രൊഫഷനുകളിലും ഏറ്റവും കുറവ് കൃഷി, കാലിവളർത്തൽ, മത്സ്യബന്ധന മേഖലയിലുമാണ്. കൃഷി, കാലിവളർത്തൽ, മത്സ്യബന്ധന മേഖലയിൽ സൗദിവൽക്കരണം 5.6 ശതമാനം മാത്രമാണ്. 


സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സൗദികൾ ജോലി ചെയ്യുന്നതും ക്ലറിക്കൽ പ്രൊഫഷനുകളിലാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളിൽ നാലിലൊന്നും ഈ മേഖലയിലാണ്. ക്ലറിക്കൽ പ്രൊഫഷനുകളിൽ 5,03,880  പേർ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരിൽ 26.4 ശതമാനം ക്ലറിക്കൽ പ്രൊഫഷനുകളിലാണ് ജോലി ചെയ്യുന്നത്. ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ 19.1 ലക്ഷം സ്വദേശി ജീവനക്കാരാണുള്ളത്. 


പേഴ്‌സണൽ അഫയേഴ്‌സ് ക്ലർക്ക്, റിക്രൂട്ട്‌മെന്റ് ക്ലർക്ക്, എംപ്ലോയീസ് അഫയേഴ്‌സ് ക്ലർക്ക്, ഡ്യൂട്ടി ക്ലർക്ക്, ജനറൽ റിസപ്ഷൻ ക്ലർക്ക്, ഹോട്ടൽ റിസപ്ഷൻ ക്ലർക്ക്, ഹോസ്പിറ്റൽ റിസപ്ഷൻ ക്ലർക്ക്, കംപ്ലയിന്റ് ക്ലർക്ക് എന്നീ ക്ലറിക്കൽ തൊഴിലുകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 


കൃഷി, കാലിവളർത്തൽ, മത്സ്യബന്ധന മേഖലകളിൽ ആകെ 4,028 സൗദികൾ മാത്രമാണ് ജോലി ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആകെ സൗദികളിൽ 0.2 ശതമാനം പേർ മാത്രമാണ് ഈ മേഖലകളിലുള്ളത്. ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ടെക്‌നീഷ്യൻ പ്രൊഫഷനുകളിൽ സൗദിവൽക്കരണം 32.2 ശതമാനവും വ്യവസായ മേഖലയിൽ സൗദിവൽക്കരണം 18.7 ശതമാനവും എൻജിനീയറിംഗ് മേഖലയിൽ സ്വദേശിവൽക്കരണം 10.7 ശതമാനവും സേവന മേഖലയിൽ സൗദിവൽക്കരണം 9.5 ശതമാനവുമാണ്.  


സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ സൗദികൾ ജോലി ചെയ്യുന്ന രണ്ടാമത്തെ മേഖല സേവന തൊഴിലുകളാണ്. ഈ മേഖലയിൽ 3,30,100 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളിൽ 17.3 ശതമാനം ഈ മേഖലയിലാണ്. മൂന്നാം സ്ഥാനത്ത് സെയിൽസ് മേഖലയാണ്. ഈ മേഖലയിൽ 2,69,408 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലയിൽ ആകെ സൗദി ജീവനക്കാരിൽ 14.1 ശതമാനം ഈ മേഖലയിലാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
 

Latest News