Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കൂടുതല്‍ നിക്ഷേപ സൗഹൃദമായി; ലൈസന്‍സ് നിരക്കുകള്‍ ഇനിയും പരിഷ്‌കരിക്കും

റിയാദ് - നിക്ഷേപ ലൈസൻസ് നിരക്കുകൾ നാഷണൽ കോംപറ്റിറ്റീവ്‌നെസ് സെന്റർ (തൈസീർ) പുനഃപരിശോധിക്കുന്നതായി വാണിജ്യ, നിക്ഷേപ സഹമന്ത്രിയും തൈസീർ സി.ഇ.ഒയുമായ ഡോ. ഈമാൻ അൽമുതൈരി വ്യക്തമാക്കി.  മറ്റു രാജ്യങ്ങളിലേതിന് സമാനമായ നിരക്കുകൾ നിർണയിക്കാനാണ് നീക്കം. ഇതിനായി 50 സർക്കാർ വകുപ്പുകളുമായി തൈസീർ ഏകോപനം നടത്തിവരികയാണ്. സ്വകാര്യ മേഖലയെ മൊത്തത്തിലാണ് പരിഗണിക്കുന്നത്.

നിക്ഷേപകരും രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താൽപര്യപ്പെടുന്നവരും എന്താണ് ആഗ്രഹിക്കുന്നത് എന്നും എന്തെല്ലാം വെല്ലുവിളികളാണ് നേരിടുന്നത് എന്നും പരിശോധിക്കും. അവശേഷിക്കുന്ന കാര്യങ്ങൾ വിപണിയിലെ മത്സരത്തിന് വിട്ടുകൊടുക്കുന്നു. 38 സാമ്പത്തിക, നിയമ പരിഷ്‌കരണങ്ങളെ കുറിച്ച ശുപാർശകൾ സെന്റർ ഈ വർഷം ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചിട്ടുണ്ട്. സൗദിയിൽ ബിസിനുകൾക്കും നിക്ഷേപങ്ങൾക്കും പ്രതിബന്ധങ്ങൾ സൃഷ്ടിച്ചിരുന്ന 50 ശതമാനം വ്യവസ്ഥകളും ലഘൂകരിച്ചിട്ടുണ്ട്. ഇതാണ് ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മത്സരക്ഷമതാ സൂചികയിൽ മികച്ച സ്ഥാനം കൈവരിക്കുന്നതിനും സഹായിച്ചതെന്നും ഡോ. ഈമാൻ അൽമുതൈരി പറഞ്ഞു. 


ലോകത്ത് ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും മികച്ച പുരോഗതി കൈവരിച്ചത് സൗദി അറേബ്യയാണെന്ന് ലോക ബാങ്ക് പറഞ്ഞു. 190 രാജ്യങ്ങളിലെ വാർഷിക ബിസിനസ് കാര്യക്ഷമതാ സർവേയിൽ സൗദി അറേബ്യ 30 സ്ഥാനങ്ങൾ ചാടിക്കടന്ന് പരിഷ്‌കരണങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിൽ ഏറ്റവും മുന്നിലെത്തി. ഇരുപതു വർഷം മുമ്പ് ലോക ബാങ്ക് സർവേ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു രാജ്യം ഇത്രയും ഉയർന്ന റാങ്കിംഗ് നേടുന്നത്. നിലവിൽ സൗദി അറേബ്യയുടെ റാങ്ക് 62 ആണ്. ഇന്ത്യ പോലുള്ള വലിയ സാമ്പത്തിക ശക്തികൾക്കു മുന്നിലാണ് സൗദി അറേബ്യ. ചൈനയും പാക്കിസ്ഥാനും പോലുള്ള രാജ്യങ്ങളെക്കാൾ കൂടുതൽ പരിഷ്‌കരണങ്ങൾ സൗദി അറേബ്യ നടപ്പാക്കി. 


അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ സാധ്യമാണെന്നാണ് സൗദി അറേബ്യ നടപ്പാക്കിയ പരിഷ്‌കരണങ്ങൾ വ്യക്തമാക്കുന്നതെന്ന് ലോക ബാങ്ക് എക്‌സിക്യൂട്ടീവ് സൈമൺ ജാങ്കോവ് പറഞ്ഞു. സൗദി അറേബ്യ ബിസിനസ് അനുകൂലമാണെന്ന കാര്യം മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തേണ്ട ജോലിയാണ് ഇനി ശേഷിക്കുന്നതെന്നും സൈമൺ ജാങ്കോവ് പറഞ്ഞു. സർവേ പ്രകാരമുള്ള ആദ്യത്തെ പത്തു റാങ്കിംഗുകളിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ന്യൂസിലാന്റ് ഒന്നാം സ്ഥാനത്ത് തുടർന്നു. സിങ്കപ്പൂർ, ഹോങ്കോംഗ്, ഡെന്മാർക്ക്, ദക്ഷിണ കൊറിയ, അമേരിക്ക, ജോർജിയ, ബ്രിട്ടൻ, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ റാങ്കിംഗിൽ പിന്നോക്കംപോയി. ഏഴു സ്ഥാനങ്ങൾ പിന്നോക്കംപോയി അർജന്റീന 126-ാം സ്ഥാനത്തും ആറു സ്ഥാനങ്ങൾ പിന്നോക്കംപോയി മെക്‌സിക്കോ 60-ാം സ്ഥാനത്തുമാണ്.
 

Latest News