മുംബൈ- അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെങ്കിലും മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്താൻ ബി.ജെ.പി-ശിവസേന സഖ്യം ഒരുങ്ങുകയാണ്. സർക്കാർ രൂപീകരിക്കുമ്പോൾ 50:50 ഫോർമുല നടപ്പാക്കണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിപദവും ശിവസേനയ്ക്ക് അർഹതപ്പെട്ടതാണ്. ശിവസേനയുമായി സഖ്യമുണ്ടായിരുന്നെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ഒറ്റയ്ക്ക് പിടിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ 50:50 എന്ന ഫോർമുല അംഗീകരിച്ചതാണെന്നും ഇപ്പോൾ അത് നടപ്പാക്കാനുള്ള സമയമായെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ ബി.ജെ.പിയുടെ അഭ്യർഥനയെ തുടർന്ന് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതിൽ അമ്പതിലേറെ സീറ്റുകളിൽ അവർ വിജയിക്കുകയും ചെയ്തു.
15 സ്വതന്ത്ര എം.എൽ.എമാരുടെ കൂടി പിന്തുണ എൻ.ഡി.എയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 15 സ്വതന്ത്ര എം.എൽ.എമാർ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ തങ്ങൾക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി, ശിവസേന വിമതരായി മത്സരിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും.
സർക്കാർ രൂപീകരിക്കുമ്പോൾ ശിവസേനയുമായി നേരത്തെ തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ടു പോകും. എല്ലാ വിവരങ്ങളും അതിന്റെ സമയമാകുമ്പോൾ അറിയിക്കും. പരാജയത്തിന്റെ കാരണം കണ്ടെത്തും -അദ്ദേഹം പറഞ്ഞു.






