Sorry, you need to enable JavaScript to visit this website.

വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം- കുമ്മനം രാജശേഖരനിലൂടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർക്കാവിൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. സ്ഥാനാർഥി നിർണയം ശരിയായില്ലെന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ പ്രതികരണം പാർട്ടിയിൽ ഉണ്ടാകാനിരിക്കുന്ന പൊട്ടിത്തെറികളുടെ സൂചനയാണ്. വലിയ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് സ്ഥാനാർഥിയായ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് വീഴുമ്പോൾ ആ വീഴ്ചയുടെ കാരണം പറയാൻ ബി.ജെ.പി നേതൃത്വവും ബാധ്യസ്ഥരാകും. 
മണ്ഡലം രൂപീകരിച്ച 2011 നുശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ച യു.ഡി.എഫ് ആദ്യമായി പ്രതിരോധത്തിലാകുന്നത് മേയർ വി.കെ.പ്രശാന്തിന്റെ സ്ഥാനാർഥിത്വത്തിലൂടെയാണ്. പ്രളയ ബാധിതരെ സഹായിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ മികച്ച പ്രതിച്ഛായ സൃഷ്ടിച്ച പ്രശാന്തിനെ നേരിടാനാണ് മുൻ എം.എൽ.എ മോഹൻ കുമാറിനെ യു.ഡി.എഫ് രംഗത്തിറക്കിയത്. നായർ സമുദായത്തിൽനിന്നുള്ളയാളെന്ന പരിഗണനയും ലഭിച്ചു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ നേതൃത്വം യു.ഡി.എഫിനു പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണത്തിനിറങ്ങുകയും ചെയ്തതോടെ 80 ശതമാനം ബൂത്തുകളിലും നായർ സമുദായത്തിന് 30 ശതമാനത്തിലേറെ മുൻതൂക്കമുള്ള മണ്ഡലത്തിൽ മുന്നണി വിജയം ഉറപ്പിച്ചു.
മറുവശത്ത് എൽ.ഡി.എഫിന് ആശ്രയിക്കാനുണ്ടായിരുന്നത് വി.കെ.പ്രശാന്തെന്ന ചെറുപ്പക്കാരന്റെ മുഖം മാത്രമായിരുന്നു. പ്രശാന്തിനു കീഴിൽ പാർട്ടിയുടെ സംഘടനാ സംവിധാനം മൊത്തത്തിൽ അണിനിരന്നു. എൻ.എസ്.എസ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ വിജയം എൽ.ഡി.എഫിന് അഭിമാന പ്രശ്‌നമായി. അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് പ്രശാന്തിനായി രംഗത്തിറങ്ങാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്കു നിർദേശം നൽകി. പ്രശാന്തിനായി സർവ തന്ത്രങ്ങളും മണ്ഡലത്തിൽ പരീക്ഷിക്കപ്പെട്ടു. രഹസ്യ സർവേകൾ പലതവണ നടന്നു. സർവേ ഫലങ്ങൾ ഓരോ ദിവസം അവലോകനം ചെയ്ത ജില്ലാ കമ്മിറ്റി അതനുസരിച്ച് പ്രചാരണ പരിപാടികൾ രൂപപ്പെടുത്തി. ഇതിനെല്ലാം അപ്പുറം പ്രശാന്തെന്ന ചെറുപ്പക്കാരന്റെ മേയറെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകിയപ്പോൾ വട്ടിയൂർക്കാവ് മണ്ഡലം ചുവന്നു.
സ്ഥാനാർഥി നിർണയത്തിന്റെ സമയത്തുതന്നെ യു.ഡി.എഫിൽ തർക്കങ്ങൾ ആരംഭിച്ചിരുന്നു. പീതാംബരക്കുറുപ്പിനെ സ്ഥാനാർഥിയാക്കണമെന്ന കെ.മുരളീധരന്റെ ആവശ്യത്തെ പ്രാദേശിക നേതൃത്വം എതിർത്തതോടെ മോഹൻ കുമാറിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. തുടക്കത്തിൽ കെ.മുരളീധരൻ പ്രചാരണത്തിൽ സജീവമല്ലെന്ന പരാതി സ്ഥാനാർഥിക്കുണ്ടായിരുന്നു. താൻ മത്സരിച്ചപ്പോഴും ആരുടേയും പിന്തുണ ഉണ്ടായില്ലെന്നായിരുന്നു ഇതിന് മുരളീധരന്റെ പ്രതികരണം. പിന്നീട് കെ.പി.സി.സി നേതൃത്വം ഇടപെട്ടതോടെയാണ് പ്രചാരണം ഉഷാറായത്. പ്രചാരണം കാര്യക്ഷമമായിരുന്നില്ലെന്ന ആദ്യപ്രതികരണം മോഹൻ കുമാറിൽനിന്ന് വന്നു കഴിഞ്ഞു. ഇതു വരും ദിവസങ്ങളിൽ കടുത്ത അഭിപ്രായ ഭിന്നതകളിലേക്ക് കടക്കാം. പരാജയത്തിന്റെ കാരണങ്ങൾ കെ.മുരളീധരനും വിശദീകരിക്കേണ്ട സാഹചര്യമുണ്ടാകാം. പ്രചാരണത്തിലെ വീഴ്ചയും പാർട്ടിയിലെ തർക്കങ്ങളുമാണ് പരാജയ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എൻ.എസ്.എസ് നിലപാടുകൾ തിരിച്ചടിയായതായും നേതൃത്വം പറയുന്നു. എൻ.എസ്.എസ് പരസ്യ നിലപാട് സ്വീകരിച്ചതോടെ യുവാക്കളും സ്ത്രീകളും ഉൾപ്പെടുന്ന വലിയൊരു വിഭാഗം പ്രശാന്തിനു അനുകൂലമായി ചിന്തിച്ചു. എൽ.ഡി.എഫ് ഭരണത്തിലിരിക്കുന്നതിനാൽ പ്രശാന്ത് വിജയിക്കുന്നതാണ് മണ്ഡലത്തിനു നല്ലതെന്ന ചിന്തയും ജനങ്ങളെ സ്വാധീനിച്ചു.
മണ്ഡലത്തിൽ 76 ശതമാനം ഹിന്ദുവോട്ടുണ്ട്. നായർ 40 ശതമാനം, ഈഴവ 16 ശതമാനം, എസ്.ഇ, എസ്.ടി 18 ശതമാനം, മറ്റുള്ളവർ രണ്ട് ശതമാനം, ക്രിസ്ത്യൻ 19 ശതമാനം, മുസ്‌ലിം അഞ്ച് ശതമാനം. കോൺഗ്രസിനെയും ബി.ജെ.പിയെയും പിന്തുണച്ചിരുന്ന വലിയൊരു വിഭാഗം ഹിന്ദുക്കൾ ഇത്തവണ എൽ.ഡി.എഫിന് അനുകൂലായി ചിന്തിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വോട്ടുകളും വലിയ രീതിയിൽ സമാഹരിക്കാനായതിനൊപ്പം എസ്.ഇ, എസ്.ടി വിഭാഗത്തിന്റെ പിന്തുണയും എൽ.ഡി.എഫിന് ഉറപ്പിക്കാനായി. കഴിഞ്ഞ തവണ സ്ഥാനാർഥി നിർണയത്തിലുണ്ടായ അപാകതയാണ് പരാജയ കാരണമെന്ന എൽ.ഡി.എഫ് വിലയിരുത്തലിനെ ശരിവെക്കുന്നതായി ഫലം. തുടക്കം മുതൽ പ്രശാന്ത് ലീഡ് ചെയ്തു. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എൽ.ഡി.എഫ് മുന്നേറി. കൈവശമുള്ള 10 കോർപറേഷൻ വാർഡുകൾക്ക് പുറമേ യു.ഡി.എഫിന്റെ ആറ് വാർഡുകളിലും ബി.ജെ.പിയുടെ കൈവശമുള്ള ഒൻപത് വാർഡുകളിലും പ്രകടനം മെച്ചപ്പെടുത്തി. 
ബി.ജെ.പിക്ക് കനത്ത നിരാശ നൽകുന്നതാണ് ഫലം. സി.പി.എമ്മിന് കോൺഗ്രസ് വോട്ടു മറിച്ചുവെന്നാണ് ബി.ജെ.പി സ്ഥാനാർഥി സുരേഷിന്റെ ആരോപണം. എന്നാൽ കഴിഞ്ഞ തവണ കുമ്മനം നേടിയ വോട്ടുകൾ നഷ്ടപ്പെടുത്തിയതിന്റെ കാരണങ്ങൾ നേതൃത്വത്തിനു വിശദീകരിക്കേണ്ടിവരും. 

 

Latest News