Sorry, you need to enable JavaScript to visit this website.

തൊഴിൽ കേസിൽ എയർഹോസ്റ്റസിന് ഏഴു ലക്ഷം റിയാൽ നൽകാൻ വിധി

ജിദ്ദ - മൊറോക്കൊക്കാരിയായ എയർ ഹോസ്റ്റസിന് വിമാന കമ്പനി ഏഴു ലക്ഷം റിയാൽ നൽകണമെന്ന് ജിദ്ദ ലേബർ കോടതി വിധി. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യവും പ്രയോജനപ്പെടുത്താത്ത വാർഷിക ലീവ് വകയിലുള്ള നഷ്ടപരിഹാരവും അടക്കം ആകെ ഏഴു ലക്ഷത്തോളം റിയാൽ വിമാന കമ്പനി നൽകണമെന്നാണ് വിധി. പരാതിക്കാരിക്ക് വിമാന കമ്പനി സർവീസ് സർട്ടിഫിക്കറ്റ് നൽകണമെന്നും വിധിയുണ്ട്. 
വേതന കുടിശ്ശികയും സർവീസ് ആനുകൂല്യവും തേടിയാണ് എയർഹോസ്റ്റസ് ജിദ്ദ ലേബർ കോടതിയെ സമീപിച്ചത്. തുടക്കത്തിൽ കേസ് വിചാരണക്ക് വിമാന കമ്പനി പ്രതിനിധി കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് കേസ് വിചാരണയുമായി കോടതി മുന്നോട്ടുപോവുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരായ കമ്പനി പ്രതിനിധി എയർഹോസ്റ്റസിന്റെ തൊഴിൽ കരാർ ഹാജരാക്കുകയും ആരോപണങ്ങളിൽ മറുപടി നൽകുന്നതിന് സാവകാശം തേടുകയും ചെയ്തു. തുടർന്നുള്ള സിറ്റിംഗുകളിലും കമ്പനി പ്രതിനിധി ഹാജരായില്ല. വേതനം ലഭിക്കാത്തതിനാലാണ് എയർഹോസ്റ്റസ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചത്. ഇക്കാരണത്താൽ തന്നെ തൊഴിൽ നിയമം അനുസരിച്ച് സർവീസ് ആനുകൂല്യത്തിന് പരാതിക്കാരിക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എയർഹോസ്റ്റസ് കമ്പനിയിൽനിന്ന് അവസാനം കൈപ്പറ്റിയിരുന്ന വേതനമായ 13,000 റിയാൽ അടിസ്ഥാനമാക്കിയാണ് സർവീസ് ആനുകൂല്യങ്ങളും മറ്റും കോടതി കണക്കാക്കിയത്. 
തൊഴിൽ കേസുകളിൽ വിചാരണ വേഗത്തിലാക്കുന്നതിനാണ് സൗദിയിൽ നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പ്രത്യേക ലേബർ കോടതികൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ലേബർ ഓഫീസുകൾക്കു കീഴിലെ തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് സൗദിയിൽ ലേബർ കോടതികൾ പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ മുഹറം മാസത്തിൽ രാജ്യത്തെ ലേബർ കോടതികളിൽ 4,446 തൊഴിൽ കേസുകളെത്തി, പ്രതിദിനം ശരാശരി 234. ഇതിൽ 60 ശതമാനവും വേതനവുമായി ബന്ധപ്പെട്ട കേസുകളായിരുന്നു. 
തൊഴിൽ കേസുകൾക്ക് അനുരഞ്ജന പരിഹാരമുണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് തൊഴിൽ പരാതികൾ ആദ്യം ലേബർ ഓഫീസുകൾക്കാണ് നൽകേണ്ടത്. കേസുകൾക്ക് രമ്യമായി പരിഹാരം കാണുന്നതിന് ലേബർ ഓഫീസുകൾക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം അനുരഞ്ജനം സാധിക്കാത്ത കേസുകൾ പിന്നീട് ലേബർ കോടതികൾക്ക് കൈമാറും. 
ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴിൽ കേസുകൾ ഗാർഹിക തൊഴിലാളി പരിഹാര സമിതിക്കാണ് കൈമാറേണ്ടത്. അനുരഞ്ജനത്തിന് അഞ്ചു ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനകം കേസുകൾക്ക് രമ്യമായി പരിഹാരം കാണാൻ സാധിക്കാത്ത പക്ഷം പത്തു ദിവസത്തിനകം സമിതികൾ കേസിൽ വിധി പ്രസ്താവിക്കും. ഗാർഹിക തൊഴിലാളി തർക്ക പരിഹാര സമിതി തീരുമാനങ്ങളിൽ വിയോജിപ്പുള്ള കക്ഷികൾക്ക് ലേബർ കോടതിയെ സമീപിച്ച് അപ്പീൽ നൽകാവുന്നതാണ്. രാജ്യത്ത് റിയാദ്, ജിദ്ദ, ദമാം, മക്ക, മദീന, അബഹ, ബുറൈദ എന്നീ പ്രധാന നഗരങ്ങളിലാണ് ലേബർ കോടതികളുള്ളത്. മറ്റു നഗരങ്ങളിൽ തൊഴിൽ കേസുകൾക്ക് ജനറൽ കോടതികളിൽ പ്രത്യേക ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. 

 

Latest News