കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിയുടെ കരിപ്പൂർ ഹജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നു. അടുത്ത മാസം ആറ് മുതൽ ഹജ് ഓഫീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഒരുക്കുന്ന ഹജ് ക്യാംപിന് സമീപത്ത് പ്രവർത്തിക്കും. 8 മുതൽ തീർഥാടകരുടെ യാത്ര രേഖകൾ വിതരണം ചെയ്യുന്ന ഹജ് സെല്ലിന്റെ പ്രവർത്തനവും ആരംഭിക്കും.
ഹജ് ക്യാംപിനോട് അനുബന്ധിച്ച് താൽക്കാലികമായാണ് ഹജ് ഹൗസിന്റെ പ്രവർത്തനം നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. തീർഥാടകർ തിരിച്ചെത്തി കഴിഞ്ഞാൽ പൂർണമായും കരിപ്പൂരിലേക്ക് തന്നെ ഷിഫ്റ്റ് ചെയ്യും. ഹജ് ഓഫീസ് മാറ്റുന്നതിനുളള നടപടികൾ ജീവനക്കാർ ആരംഭിച്ചിട്ടുണ്ട്. തീർഥാടകരുടെ പാസ്‌പോർട്ട് അടക്കമുളള യാത്ര രേഖകൾ ഏഴിനാണ് കൊച്ചിയിലെത്തുക. ഇവ എണ്ണി തിട്ടപ്പെടുത്താനായി ഹജ് ഹൗസ് ജീവനക്കാർ അടുത്ത ദിവസം മുംബൈയിലേക്ക് പോകും.
ഹജ് സെല്ലിൽനിന്നാണ് തീർഥാടകരുടെ പാസ്‌പോർട്ട്, തിരിച്ചറിയാനുളള ലോഹവള, ഐ.ഡി കാർഡ്, റിട്ടേൺ ടിക്കറ്റ്, സിം കാർഡ് തുടങ്ങിയവ കൈമാറുക. ഇവ ഓരോ തീർഥാടകനും വ്യത്യസ്തമാണ് എന്നതിനാൽ യാത്രക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ ശരിയാക്കി വെക്കേണ്ടതുണ്ട്. അതിനാലാണ് ഹജ് സെല്ല് എട്ടിന് തുടങ്ങുന്നത്. നെടുമ്പാശ്ശേരിയിൽ ഒരുക്കുന്ന ഹജ് ക്യാംപിൽ 12 മുതൽ തീർത്ഥാടകരെത്തി തുടങ്ങും. 13നാണ് ഹജ് സർവീസ് ആരംഭിക്കുന്നത്. തീർഥാടകരുടെ യാത്ര സംബന്ധിച്ച വിമാന ഷെഡ്യൂൾ തയാറാക്കി വരികയാണ്.