ഓടുന്ന ട്രെയിനില്‍ സെല്‍ഫി  എടുത്താല്‍ പണി കിട്ടും 

കണ്ണൂര്‍- ട്രെയിനില്‍ അപകടകരമായ വിധത്തില്‍ സെല്‍ഫിയെടുക്കുന്നവരെ കുടുക്കാന്‍  ആര്‍.പി.എഫ് സ്‌ക്വാഡുകള്‍. പ്രൊഫഷനല്‍ കോളേജ് വിദ്യാര്‍ത്ഥികളും യാത്രക്കാരുമുള്‍പ്പെടെയുള്ളവരുടെ അതിരുവിട്ട സെല്‍ഫിഭ്രമം അപകടത്തിനിടയാക്കുന്നുവെന്നാണ് റെയില്‍വെയുടെ കണ്ടെത്തല്‍. ട്രെയിന്‍ ഓടികോണ്ടിരിക്കുമ്പോഴാണ് ഡോറിനു സമീപത്തു നിന്നായി സെല്‍ഫിയെടുക്കുകയും ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ഓടുന്ന ട്രെയിന്റെ ചവിട്ടുപടിയില്‍ നിന്ന് സെല്‍ഫി പിടുത്തവും ട്രാക്കില്‍ ഇരുന്നും നടന്നും ഫോട്ടോ എടുക്കല്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിശോധന ശക്തമാക്കിയത്. 
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ നിരവധി വിദ്യാര്‍ഥികളെ സ്‌റ്റേഷനില്‍ എത്തിച്ച് ക്ലാസുകള്‍ നല്‍കി. പലരുടെയും സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെ പിടിച്ചുവച്ചു. കണ്ണൂര്‍ ആര്‍.പി.എഫ് എസ്.ഐ ടി.എം ധന്യ, എ.എസ്.ഐ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.പി മഗേഷ്, ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ട്രെയിനുകളില്‍ നിന്നിറങ്ങി ബസ് സ്റ്റാന്‍ഡിലേക്കും കോളേജിലേക്കും കൂട്ടത്തോടെയാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകുന്നത്. പലപ്പോഴും സംസാരത്തില്‍ മുഴുകി നില്‍ക്കുന്നതിനാല്‍ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാറില്ലെന്ന് പോലീസ് പറയുന്നു. ഇലക്ട്രിക് എന്‍ജിന്‍ കൂടിയായതോടെ ട്രെയിനുകള്‍ വരുന്നത് ശബ്ദം കുറഞ്ഞതിനാല്‍ അപകടം കൂടുകയാണ്. യാത്രക്കാര്‍ക്ക് മുറിച്ച് കടക്കാന്‍ റെയില്‍വേ ലൈനിന് മുകളില്‍ പാലമുണ്ടെങ്കിലും ഇത് ഉപയോഗിക്കാത്തവരുമുണ്ട്. ഇത്തരം യാത്രക്കാരെയും ബോധവത്കരിച്ചു. 

Latest News