Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ റെയിൽവെയെ തകർക്കുന്നവർ 

174 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ റെയിൽവെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരായ തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാ അധഃസ്ഥിത ജനവിഭാഗങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്കാണ് റെയിൽവെക്കു നിർവഹിക്കാനുള്ളത്. 2018 ൽ ഇന്ത്യൻ റെയിൽവെ 826 കോടി യാത്രക്കാരെയാണ് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. 

റെയിൽവെയുടെ സ്വകാര്യവൽക്കരണം സാധാരണക്കാരായ യാത്രികർക്കു വേണ്ടി എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നതിന്റെ സൂചനയാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിൻ നൽകുന്നത്. ഈ മാസത്തിന്റെ ആരംഭത്തിൽ ഏറെ ആഘോഷപൂർവം തുടക്കം കുറിച്ച ലഖ്‌നൗ - ഡൽഹി- ലഖ്‌നൗ തേജസ് ഏക്‌സ്പ്രസ് റെയിൽവെ ചട്ടം 1989 ന്റെ നിബന്ധനകൾ ലംഘിച്ചാണ് സർവീസ് നടത്തിവരുന്നത്. ചട്ടം അനുസരിച്ച് റെയിൽ യാത്രാനിരക്കുകൾ നിശ്ചയിക്കാനുള്ള ഏക അധികാര കേന്ദ്രം കേന്ദ്ര സർക്കാർ മാത്രമാണ്. നിബന്ധന ലംഘിച്ച് തേജസ് എക്‌സ്പ്രസിന്റെ സേവന ചുമതലയുള്ള ഇന്ത്യൻ റെയിൽവെ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പ്രസ്തുത സേവനത്തിന് സ്വന്തമായി നിരക്ക് നിശ്ചയിച്ചിരിക്കുന്നു. അത് നിയമവിരുദ്ധമാണെന്ന് ഉന്നത റെയിൽവെ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ഈ നിയമലംഘനത്തിനെതിരെ യാതൊരു നടപടിയ്ക്കും കേന്ദ്ര സർക്കാരോ മറ്റ് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളോ ഇനിയും മുതിർന്നിട്ടില്ല.തിരുവനന്തപുരം- എറണാകുളം - തിരുവനന്തപുരം ഇന്റർസിറ്റിയടക്കം 150 യാത്ര ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ സ്വകാര്യവൽക്കരിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ലഖ്‌നൗ-ന്യൂഡൽഹി അർദ്ധ അതിവേഗ തേജസ് എക്‌സ്പ്രസ്. മുംബൈ -അഹമ്മദാബാദ്-മുംബൈ റൂട്ടിലായിരിക്കും അടുത്ത സ്വകാര്യവൽകൃത ട്രെയിൻ സേവനം. ലഖ്‌നൗ – ന്യൂഡൽഹി റൂട്ടിൽ 6.30 മണിക്കൂർ സമയമെടുക്കുന്ന തേജസ് അഞ്ചുമിനിറ്റ് മാത്രം കൂടുതൽ യാത്രാ സമയമെടുക്കുന്ന ശതാബ്ദി എക്‌സ്പ്രസിനെക്കാൾ യഥാക്രമം 595 രൂപയും 400 രൂപയുമാണ് അധികമായി ഈടാക്കുന്നത്. നിയമവിരുദ്ധമായി അധിക യാത്രക്കൂലി ഈടാക്കുക മാത്രമല്ല ടിക്കറ്റ് പൂർണമായും ഓൺലൈനായാണ് വിറ്റഴിക്കുന്നത്. നൂറുശതമാനം ഓൺലൈൻ ടിക്കറ്റ് വിൽപനയും ചട്ടലംഘനമാണെന്ന് ഉന്നത റെയിൽവെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
നിലവിലുള്ള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനുകളുടെ സമാന ശ്രേണിയിലെ യാത്രാനിരക്കുകൾ യഥാക്രമം 645 ഉം 480 രൂപയും മാത്രമായിരിക്കെയാണ് ഭീമമായ ഈ വർധന. ഈ ഉയർന്ന നിരക്ക് നൽകി യാത്രചെയ്യാൻ സന്നദ്ധരായ ഒരു വരേണ്യ വിഭാഗം രാജ്യത്ത് ഉണ്ട്. ഇപ്പോഴത്തെ സ്വകാര്യവൽക്കരണത്തിന്റെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരിക ഏറ്റവും സാധാരണക്കാരും നിർധനരുമായ മഹാഭൂരിപക്ഷം യാത്രക്കാരായിരിക്കുമെന്നതാണ് ഉൽക്കണ്ഠാജനകമായ വസ്തുത.
174 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ റെയിൽവെ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ല. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരായ തൊഴിലാളികൾ, കർഷകർ തുടങ്ങി എല്ലാ അധഃസ്ഥിത ജനവിഭാഗങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യവും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്കാണ് റെയിൽവെക്കു നിർവഹിക്കാനുള്ളത്. 2018 ൽ ഇന്ത്യൻ റെയിൽവെ 826 കോടി യാത്രക്കാരെയാണ് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സമ്പന്നരും കൂടുതൽ വേഗതയും സൗകര്യങ്ങളും ആഗ്രഹിക്കുന്നവരുമായ വരേണ്യ യാത്രികർക്കു അത് നൽകുന്നതിനെ ആരും എതിർക്കേണ്ടതില്ല. എന്നാൽ അവരുടെ ആഡംബരങ്ങൾക്കുവേണ്ടി മഹാഭൂരിപക്ഷത്തിന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടുകൂടാ.
രാജ്യത്തെ ഇതര രംഗങ്ങളിൽ തകൃതിയായി നടന്നുവരുന്ന സ്വകാര്യവൽക്കരണ പ്രക്രിയ രാജ്യത്തിന്റെ പൊതു ആസ്തികളുടെ തകർച്ചയ്ക്കും വിവിധ സേവനങ്ങളുടെ കുത്തകവൽക്കരണത്തിലുമായിരിക്കും കലാശിക്കുക എന്നത് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ബിഎസ്എൻഎൽ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ബിഎസ്എൻഎല്ലിന്റെ തകർച്ച റിലയൻസ് ജിയോയുടെ വളർച്ചയ്ക്കും കുത്തകവൽക്കരണത്തിനുമാണ് വഴിവച്ചത്. ജനങ്ങൾക്ക് നഷ്ടമാകുന്നത് ടെലികോം സേവനങ്ങളുടെ അനിയന്ത്രിത നിരക്കുവർധന തടയാനുള്ള പൊതു മേഖലാ സംവിധാനമാണ്. രാഷ്ട്രത്തിനു നഷ്ടമാകുന്നത് പൊതു ഉടമസ്ഥതയിലുള്ള വാർത്താവിനിമയോപാധിയും നികുതിയേതര വരുമാന സ്രോതസുമാണ്.
പതിനായിരക്കണക്കിനു തൊഴിലാളികൾക്കും ജീവനക്കാർക്കും നഷ്ടമാകുന്നത് അവരുടെ സാമ്പത്തിക സുരക്ഷിതത്വവും തൊഴിലുമാണ്. തൊഴിൽരഹിതരായ കോടാനുകോടി വരുന്ന ഇന്ത്യൻ യുവതക്കു നഷ്ടമാകുന്നത് ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയാണ്. നൂറ്റിയമ്പത് ട്രെയിനുകളുടെ സ്വകാര്യവൽക്കരണം മാത്രമാണ് ലക്ഷ്യമെന്നു പറയുമ്പോൾ നിസ്സംശയം അത് അവസാനത്തിന്റെ ആരംഭമായിരിക്കും. ഐആർസിടിസി ഒരു പരിവർത്തന ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. യഥേഷ്ടം നിയമം ലംഘിച്ച് യാത്രാ നിരക്കുകൾ ഉയർത്താമെന്നും അത് ലാഭകരമായ ഒരു സംരംഭമാണെന്നും താമസിയാതെ തെളിയിക്കപ്പെടും. അപ്പോൾ പൊതുമേഖല കോർപ്പറേറ്റായ ഐആർസിടിസി ചവിട്ടിപ്പുറത്താക്കപ്പെടും. ആ സ്ഥാനം കയ്യടക്കുക ലാഭാർത്തി പൂണ്ട സ്വകാര്യ കുത്തകകളായിരിക്കും. അത് ആത്യന്തികമായി ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ നിഷേധത്തിലായിരിക്കും കലാശിക്കുക.
റെയിൽവെയുടെ യാത്രാസേവനങ്ങൾ മാത്രമല്ല നരേന്ദ്രമോഡി സർക്കാർ വില്പനയ്ക്കു വെച്ചിരിക്കുന്നത്. റയിൽവെ സ്‌റ്റേഷനുകൾ, റയിൽവെയുടെ അധീനതയിലുള്ള ഭൂമി, കോച്ച് ഫാക്ടറികൾ അടക്കം യന്ത്രോപകരണങ്ങളുടെ നിർമ്മാണ വ്യവസായം തുടങ്ങി എല്ലാം വിറ്റുതുലയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡി ഭരണകൂടം നീങ്ങുന്നത്. റെയിൽവെയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കുക എന്നതിന്റെ പേരിൽ നടക്കുന്ന ഇടപാടുകൾ ഭരണവർഗങ്ങളുടെ ഖജനാവുകൾ നിറയ്ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള നടപടിയാണ്. മോഡി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്കും ജനങ്ങളെ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പടുകുഴിയിലേക്കുമാണ് തള്ളിവിട്ടത്. എന്നാൽ മോഡി പ്രഭൃതികളെ അധികാരത്തിൽ പ്രതിഷ്ഠിച്ച അംബാനിമാരും അദാനിമാരും അവരുടെ ആസ്തികൾ പലമടങ്ങ് വർധിപ്പിച്ചതിന്റെ കണക്കുകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയിലും ജനങ്ങളുടെ മൗലിക അവകാശ സംരക്ഷണത്തിലും രാഷ്ട്ര ഉദ്ഗ്രഥനത്തിലും നിർണായക പങ്ക് വഹിച്ചതും രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദായകനുമായ റെയിൽവെയെ തകർക്കാൻ ഭരണകൂടത്തെ അനുവദിച്ചുകൂടാ. 
 

Latest News