ഫേസ്ബുക്ക് വാര്‍ത്തകളുടെ ലോകത്തേക്ക്; വന്‍ പ്രഖ്യാപനം ഉടനെന്ന് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍- വാര്‍ത്തകളുമായും മാധ്യമപ്രവര്‍ത്തനവുമായും ബന്ധപ്പെട്ട് വലിയൊരു പ്രഖ്യാപനത്തിന് ഫേസ്ബുക്ക് ഒരുങ്ങുകയാണെന്ന് കമ്പനി മേധാവി മാര്‍ക്ക് സര്‍ക്കര്‍ബര്‍ഗ്. ഉയര്‍ന്ന ഗുണനിലവാരമുള്ള മാധ്യമ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പുതിയൊരു പദ്ധതി സംബന്ധിച്ച് ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പുതുതായി അവതരിപ്പിച്ച ഡിജിറ്റല്‍ കോയിന്‍ ലിബ്രയുമായി ബന്ധപ്പെട്ട യുഎസ് പാര്‍ലമെന്റ് (കോണ്‍ഗ്രസ്) സമിതിയുടെ ചോദ്യം ചെയ്യലിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് 'ന്യൂസ് ടാബ്' അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി ഏതാനും ആഴ്ചകളായി റിപോര്‍ട്ടുകളുണ്ടായിരുന്നു. സമൂഹ മാധ്യമമെന്ന നിലയില്‍ പങ്കുവെയ്ക്കപ്പെടുന്ന കുറിപ്പുകളും വിഡിയോകളും അടങ്ങുന്ന കണ്ടന്റിനു പുറമെ വാര്‍ത്തകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗമാണ് ന്യൂസ് ടാബ് എന്നാണ് സൂചന. മുന്‍നിര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും റിപോര്‍ട്ടുകളും ഇതുവഴി ലഭ്യമാക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി. ആഗോള മാധ്യമ ഭീമനായ ന്യൂസ് കോര്‍പിന്റെ വോള്‍ സ്ട്രീറ്റ് ജേണല്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകളും ന്യൂസ് ടാബ് വഴി ഫേസ്ബുക്കിലും ലഭ്യമാകുമെന്നും റിപോര്‍ട്ടുണ്ട്. ന്യൂസ് ടാബിലേക്ക് ഉന്നത നിലവാരമുള്ള വാര്‍ത്താ ഉള്ളടക്കങ്ങള്‍ നല്‍കുന്ന പ്രൊഫഷണല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് പണം നല്‍കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ലിബ്ര സംന്ധിച്ചാണ് കോണ്‍ഗ്രസ് സമിതി സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്തതെങ്കിലും പല കോണുകളില്‍ നിന്നുള്ള ചോദ്യങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. വിവര സുരക്ഷ, ആള്‍മാറാട്ട വിഡിയോകള്‍ (ഡീപ് ഫെയ്ക്ക്), ബാല ലൈംഗികത തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സമിതി സക്കര്‍ബര്‍ഗില്‍ നിന്ന് ആരാഞ്ഞു.


 

Latest News