അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കി. അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ അൽപേഷ് താക്കൂറിന്റെ പരാജയം കോൺഗ്രസിന് ഇരട്ടി മധുരമായി. രാധൻപുർ മണ്ഡലത്തിൽ ദേശായി രഘുഭായ് മേരജ് ഭായിയോട് 3814 വോട്ടിനാണ് അൽപേഷ് താക്കൂർ തോറ്റത്. തരാഡ് മണ്ഡലത്തിൽ കോൺഗ്രസിലെ രജപുത് ഗുലാബ്‌സിംഹ് പിരാഭായ് 6408 വോട്ടിന് വിജയിച്ചു. ബയാഡ് മണ്ഡലത്തിലും കോൺഗ്രസിനാണ് ജയം. ഇവിടെ വിജയിച്ചത് പട്ടേൽ ജഷുഭായ് ശിവാഭായിയാണ്. കെരാളു, അമരൈവാഡി, ലുനാവാഡ മണ്ഡലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.






