Sorry, you need to enable JavaScript to visit this website.

ഉപതെരഞ്ഞെടുപ്പ്: നേട്ടവും കോട്ടവുമായി മുന്നണികൾ

സംസ്ഥാനത്ത് അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ഓരോ മുന്നണിക്കും പറയാൻ ഒട്ടേറെ നേട്ടങ്ങളും തിരിച്ചടികളും. അഞ്ച് മണ്ഡലങ്ങളിൽ നാലും കൈവശമുണ്ടായിരുന്ന യു.ഡി.എഫിന് രണ്ടിടത്ത് പരാജയം രുചിക്കേണ്ടി വന്നപ്പോൾ ഒരിടത്ത് അട്ടിമറി ജയം നേടാനായി. 4-1 എന്ന നിലയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ് ഫലം പുറത്തുവന്നപ്പോൾ 3-2 എന്ന അവസ്ഥയിലായി. രണ്ട് സിറ്റിംഗ് സീറ്റുകൾ എൽ.ഡി.എഫ് മുന്നിൽ അടിയറവ് വെക്കേണ്ടി വന്ന കോൺഗ്രസിന് എൽ.ഡി.എഫിന്റെ കോട്ട പിടിച്ചെടുക്കാനായി. അതേസമയം, രണ്ടരപ്പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസിനൊപ്പമായിരുന്ന കോന്നിയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. വട്ടിയൂർക്കാവിലും കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. 
ആലപ്പുഴ ജില്ലയിലെ അരൂരിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാന് 1955 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടതുകേന്ദ്രങ്ങളിലടക്കം ഷാനിമോൾ ലീഡ് നേടി മുന്നോട്ടുപോയി. 
68851 വോട്ടുകൾ ഷാനിമോൾ നേടിയപ്പോൾ എൽ.ഡി.എഫിലെ മനു സി പുളിക്കൽ 66,896 വോട്ടുകളാണ് നേടിയത്. ബി.ജെ.പിക്കാണ് ഇവിടെ വൻ തിരിച്ചടി നേരിട്ടത്. ബി.ജെ.പിയുടെ കെ.പി പ്രകാശ് ബാബുവിന് ആകെ ലഭിച്ചത് 16,215 വോട്ടുകൾ മാത്രം. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇടതു കേന്ദ്രങ്ങൾക്ക് ആശ്വാസം പകർന്നു കൊണ്ട് സി.പി.എമ്മിലെ മനു സി.പുളിക്കനായിരുന്നു ലീഡ്. എന്നാൽ രണ്ടാം റൗണ്ടിൽ ലീഡിലേക്കെത്തിയ ഷാനിമോൾ പിന്നെ പതുക്കെ പതുക്കെ മുന്നേറുകയായിരുന്നു. 2300 വോട്ടിന്റെ ഉയർന്ന ലീഡിനപ്പുറത്തേക്ക് ഒരു ഘട്ടത്തിലും പോയില്ല. അവസാന റൗണ്ട് വരെ ഇഞ്ചോടിഞ്ച് പിടിച്ചു നിന്ന ഷാനിമോൾ അട്ടിമറിയിലൂടെ മനുവിനെ പിന്നിലാക്കുകയായിരുന്നു. 2016ൽ എ.എം ആരിഫ് 33000ൽപ്പരം വോട്ട് നേടി ഹാട്രിക് കുറിച്ച മണ്ഡലമാണ് അരുർ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആരിഫ് അരൂരിൽ 678 വോട്ടുകൾക്ക് പിന്നിലായിരുന്നു.
വട്ടിയൂർക്കാവിൽ എൽ.ഡി.എഫിലെ വി.കെ പ്രകാശ് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 54,830 വോട്ടുകൾ തിരുവനന്തപുരം മേയർ കൂടിയായ പ്രശാന്ത് നേടിയപ്പോൾ യു.ഡി.എഫിലെ കെ. മോഹൻ കുമാറിന് ലഭിച്ചത് 40,365 വോട്ടുകൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച മുന്നേറ്റം നേടിയ വട്ടിയൂർക്കാവിൽ ഇത്തവണ ലഭിച്ചത് 27,453 വോട്ടുകൾ മാത്രം. 
കോന്നിയിലും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് നഷ്ടമായി. കെ.യു ജനീഷ് കുമാർ 9,953 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇവിടെ വിജയിച്ചത്. 54,099 വോട്ടുകൾ ജനീഷ് കുമാർ നേടിയപ്പോൾ യു.ഡി.എഫിനെ പി മോഹൻരാജ് 44,146 വോട്ടുകൾ സ്വന്തമാക്കി. ബി.ജെ.പി വിജയപ്രതീക്ഷ നിലനിർത്തിയിരുന്ന ഇവിടെ എൻ.ഡി.എ യുടെ കെ. സുരേന്ദ്രൻ നേടിയത് 39,786 വോട്ടുകൾ. 
കൊച്ചി മണ്ഡലം യു.ഡി.എഫ് നിലനിർത്തിയെങ്കിലും ഭൂരിപക്ഷത്തിൽ വൻ കുറവുണ്ടായി. ടി.ജെ വിനോദ് 3750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പ് ദിവസത്തെ കനത്ത മഴയാണ് ഭൂരിപക്ഷം കുറയാൻ കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 37,891 വോട്ടുകൾ വിനോദ് നേടിയപ്പോൾ മനുറോയ് 34,141 േേവാട്ടുകൾ നേടി. ബി.ജെ.പിയുടെ സി.ജി രാജഗോപാലിന് ലഭിച്ചത് 13,351 വോട്ടുകൾ മാത്രം. 
മഞ്ചേശ്വരത്ത് മുസ്്‌ലിം ലീഗിലെ എം.സി ഖമറുദ്ദീന് വൻ വിജയമാണ് സ്വന്തമാക്കിയത്. 7923 വോട്ടുകളുടെ ഭൂരിപക്ഷം ഖമറുദ്ദീൻ സ്വന്തമാക്കി. കഴിഞ്ഞ തവണ 89 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിനുണ്ടായത്. ഇവിടെ ബി.ജെ.പി തന്നെയാണ് ഇക്കുറിയും രണ്ടാം സ്ഥാനത്ത്. രവീശ തന്ത്രി കുണ്ടാറിന് 57,484 വോട്ടുകൾ ലഭിച്ചു. ഖമറുദ്ദീന് 65407 വോട്ടുകൾ ലഭിച്ചിരുന്നു. സി.പി.എമ്മിലെ എം. ശങ്കർ റൈക്ക് ലഭിച്ചത് 38,233 വോട്ടുകൾ. 

Latest News