മദ്രസയില്‍ 19 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 16 പ്രതികള്‍ക്ക് വധശിക്ഷ

ഫെനി- ബംഗ്ലാദേശില്‍ 19 വയസുകാരിയെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ 16 പേര്‍ക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഏപ്രിലില്‍ നടന്ന സംഭവം രാജ്യത്താകമാനം പ്രതിഷേധത്തിനു കാരണമായിരുന്നു. പഠനം നടത്തിയിരുന്ന മദ്രസയിലെ  പ്രധാനാധ്യാപകനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നുസ്രത്ത് ജഹാന്‍ റാഫി എന്ന വിദ്യാര്‍ഥിനിയെ  മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തി ബംഗ്ലാദേശില്‍ ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും ഞങ്ങള്‍ക്ക് വ്യക്തമായ നിയമവാഴ്ചയുണ്ടെന്നും തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് പ്രോസിക്യൂട്ടര്‍ ഹഫീസ് അഹമ്മദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പ്രതികള്‍ക്കെതിരായ ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു.

മദ്രസയുടെ മുകള്‍നിലയിലേക്ക് കൊണ്ടു പോയ നുസ്രത്തിനോട് പ്രധാന അധ്യാപകനെതിരായ പരാതി പിന്‍വലിക്കാന്‍ പ്രതികള്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ശരീരത്തിന്റെ 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അഞ്ച് ദിവസത്തിന് ശേഷം ഏപ്രില്‍ 10 ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയാറാകത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഷേധത്തിനു കാരണമായിരുന്നു. 165 ദശലക്ഷം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍  ലൈംഗിക പീഡന കേസുകളില്‍ വന്‍തോതില്‍ വര്‍ധിക്കുകയാണെന്ന കണക്കുകളും പുറത്തുവന്നു. കൊലയാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ധാക്കയില്‍ ദിവസങ്ങളോളമാണ് പ്രകടനങ്ങള്‍ നടന്നത്.  ബന്ധപ്പെട്ട എല്ലാവരെയും പ്രോസിക്യൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാഗ്ദാനം ചെയ്തിരുന്നു.

ലൈംഗിക പീഡനത്തിനിരയായെന്ന പരാതി നല്‍കുന്നതിന്  മാര്‍ച്ച് അവസാനം പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്‌തെങ്കിലും വലിയ കാര്യമല്ലെന്ന് പറഞ്ഞ് പോലീസ് തള്ളിക്കളയുന്ന വിഡിയോ ദൃശ്യം പിന്നീട് പുറത്തുവന്നു.  കേസ് പിന്‍വലിക്കുന്നില്ലെങ്കില്‍ കൊന്നുകളയാന്‍ പ്രധാന അധ്യാപകന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് തുടക്കത്തില്‍ അറസ്റ്റിലായ 18 പേരില്‍ ചിലര്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

കേസ് പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ കൊല്ലാന്‍ തന്നെയായിരുന്നു നിര്‍ദേശമെന്് അന്വേഷണത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന പോലീസ് സൂപ്രണ്ട് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ ചിലര്‍ പെണ്‍കുട്ടിയുടെ സഹപാഠികളായിരുന്നു. സ്‌കാഫ് കൊണ്ട് കൈകാലുകള്‍ ബന്ധിച്ച ശേഷമാണ് പ്രതികള്‍  തീകൊളുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയായി സംഭവം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ തീപിടിത്തത്തിനിടെ നുസ്രത്തിന് താഴേക്കിറങ്ങാന്‍ കഴിഞ്ഞതിനാല്‍ പ്രതികളുടെ പദ്ധതി തകര്‍ന്നു. സ്‌കാഫ് കത്തി തീര്‍ന്നതോടെ കൈകാലുകള്‍ സ്വതന്ത്രമായതിനാലാണ് പെണ്‍കുട്ടിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിഞ്ഞത്- അദ്ദേഹം വിശദീകരിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒതുക്കപ്പെടുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ്  ഈ സംഭവമെന്നും ലൈംഗിക പീഡനത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ പലപ്പോഴും ആക്രമിക്കപ്പെടുന്നുവെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. ബംഗ്ലാദേശില്‍ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളില്‍ വിചാരണ അപൂര്‍വമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.  
വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിനുശേഷം ബംഗ്ലാദേശിലെ 27,000 സ്‌കൂളുകളില്‍ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. അതിവേഗ വിചാരണ നടത്തിയാണ് 62 ദിവസങ്ങള്‍ കൊണ്ട് കേസില്‍ വിധി പുറപ്പെടുവിച്ചത്.

 

 

 

Latest News