Sorry, you need to enable JavaScript to visit this website.

പാക് സൈന്യത്തേയും സര്‍ക്കാരിനേയും ലക്ഷ്യമിട്ട് വ്യാജ മൊബൈല്‍ ആപ്പുകള്‍

ഇസ്ലാമാബാദ്- വൈറസുകളുമായും മാല്‍വെയറുകളുമായി വ്യാജ മൊബൈല്‍ ആപ്പുകള്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനേയും സൈന്യത്തേയും ലക്ഷ്യമിടുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ മുന്നറിയിപ്പ്. കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്‌ബെറിയാണ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മൊബൈല്‍ ഉപകരണങ്ങളില്‍നിന്ന് നിര്‍ണായക ഡാറ്റകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന പുതിയ ചാരവൃത്തിയാണിതെന്നും പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും ബ്ലാക്ക്‌ബെറി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഏതെങ്കിലും രാജ്യത്തിന്റെ പിന്തുണ ഹാക്കിംഗ് സംഘത്തിനുണ്ടാകാമെന്നും ചൂണ്ടിക്കാണിക്കുന്നു.

കശ്മീര്‍ സംബന്ധിച്ച വാര്‍ത്തകള്‍ വാഗ്ദാനം ചെയ്താണ് വ്യാജ ആപ്പുകളിലൊന്ന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ബ്ലാക്ക്‌ബെറി റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ ഓഗസ്റ്റില്‍ താഴ് വരയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തകയും വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലം മുതലെടുത്താണ് വ്യാജ ആപ്പുകളുടെ വരവ്.

അശ്ലീല വെബ്‌സൈറ്റ്, ഡേറ്റിംഗ് ചാറ്റ് സേവനം, ദുരന്ത നിവാരണ സംഘടനയായ അന്‍സാര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ മൊബൈല്‍ ആപ്പുകള്‍ക്ക് സമാനമായി നിര്‍മിച്ചതാണ് മറ്റു വ്യാജ ആപ്പുകള്‍.  
ആന്‍ഡ്രോയിഡ്  ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന വ്യാജ ആപ്പുകള്‍ ഇമെയില്‍ വഴിയും വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴിയുമാണ് ലക്ഷ്യമിടുന്ന കേന്ദ്രങ്ങളില്‍ എത്തിച്ചിരിക്കുന്നത്.

ജനങ്ങള്‍ കൂടുതലായി ജോലിസ്ഥലത്തും വീടുകളിലും സ്മാര്‍ട്ട് ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ഇപ്പോള്‍ മൊബൈല്‍ ആപ്പുകളിലേക്ക് നീങ്ങിയിരിക്കയാണെന്ന് ബ്ലാക്ക്‌ബെറി റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ മുന്‍ നിര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായിരുന്ന ബ്ലാക്ക്‌ബെറി ഇപ്പോള്‍ സുരക്ഷാ ബിസിനസിലേക്ക് മാറിയിരിക്കയാണ്.

പാക്കിസ്ഥാനില്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ട വ്യക്തികളെ വേര്‍തിരിച്ച് പറയാനാവില്ലെന്നും വിപുലമായി തന്നെയാണ് ഹാക്കിംഗിന് ശ്രമിക്കുന്നതെന്നം കമ്പനി വക്താവ്  ബ്രയാന്‍ റോബിസണ്‍ പറഞ്ഞു. ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ ചൈനീസ്, ഇറാനിയന്‍, വിയറ്റ്‌നാമീസ്, ഉത്തരകൊറിയന്‍ സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും  ഇവിടങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
തങ്ങളുടെ ഫോണുകള്‍ തികച്ചും വിശ്വാസയോഗ്യമാണെന്ന തെറ്റിദ്ധാരണയുമായാണ് ജനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് ബ്രയാന്‍ റോബിസണ്‍ പറയുന്നു. പൊതു ആപ്പ് സ്റ്റോറുകളില്‍നിന്ന് ലഭിക്കുന്ന മൊബൈല്‍ ആപ്പുകള്‍ സുരക്ഷിതമാണെന്ന വിശ്വാസവും തെറ്റാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News