ഹിന്ദുത്വ സംഘടനകള്‍ വര്‍ഗീയത കുത്തിവെക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ചെന്നൈ- വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിന്ദുത്വ ആശയം കുത്തിവെച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് എല്ലാ സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പു ന്ല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം തടയണമെന്നാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹിന്ദു ഇളൈംഗര്‍ മുന്നണി, ഹിന്ദു മാനവര്‍ മുന്നണി എന്നീ സംഘപരിവാര്‍ ബന്ധമുള്ള തീവ്രഹിന്ദുത്വ സംഘടനള്‍ കാമ്പസുകളില്‍ ലൗ ജിഹാദ് ആരോപണവുമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ഇത്തരം പ്രവര്‍ത്തനങ്ങളെ പി്ന്തുണയ്ക്കുന്നതിന് എതിരെയാണ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം നല്‍കിയ ഈ നിര്‍ദേശം ബുധനാഴ്ചയാണ് പുറത്തറിയുന്നത്.

ഭക്തി, സദാചാരം, പുരാണങ്ങള്‍, ഹിന്ദു നേതാക്കളുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ പരിപാടികള്‍ ഈ രണ്ടു സംഘനടകളും സംസ്ഥാനത്തെ പല സ്‌കൂളുകളിലും കോളെജുകളിലും സംഘടിപ്പിച്ചു വരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോളെജുകളിലെ ഹിന്ദു വിദ്യാര്‍ത്ഥികളുടെ 10 പേരടങ്ങുന്ന യൂണിറ്റുകള്‍ എല്ലാ കോളെജുകളിലും രൂപീകരിക്കുകയാണ് ഹിന്ദു ഇളൈംഗര്‍ മുന്നണി ചെയ്യുന്നത്. ലവ് ജിഹാദ് തടയാനായി കോളെജുകളിലെ ഹിന്ദു പെണ്‍കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്- സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്തുണയ്ക്കുന്നത് ചട്ടങ്ങളുടേയും മാര്‍ഗനിര്‍ദേശങ്ങളുടേയും ലംഘനമാണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത്തരക്കാര്‍ക്കു മേല്‍ കണ്ണു വേണമെന്നും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ ധ്രൂവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇതു സംബന്ധിച്ച് ഉടന്‍ റിപോര്‍ട്ട് നല്‍കാനും സര്‍ക്കുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടൈയ്യന്‍ പറയുന്നത്. എന്നാല്‍ തമിഴ്‌നാട് ഹൈസ്‌കൂള്‍ ആന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ രാജ ഈ സര്‍ക്കുലര്‍ ലഭിച്ചതായി സ്ഥിരീകരിക്കുന്നു. മന്ത്രി ഇതു തള്ളിയത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വര്‍ഗീയ ധ്രുവീകരണങ്ങള്‍ മുളയിലെ നുള്ളണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നും പീറ്റര്‍ രാജ പറഞ്ഞു. കാമ്പസുകളില്‍ വിഷം പരത്താനായി പുറത്തു നിന്ന് എത്തുന്നവരെ അനുവദിക്കരുതെന്നും കുട്ടികളെ സദാചാരം പഠിപ്പിക്കേണ്ടത് സ്‌കൂളുകളുടേയും അധ്യാപകരുടേയും ചുമതലയാണെന്നും തമിഴ്‌നാട് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി കെ ഇളമരന്‍ പ്രതികരിച്ചു.

ഹിന്ദു ഇളൈംഗര്‍ മുന്നണി, ഹിന്ദു മാനവര്‍ മുന്നണി എന്നീ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തവയല്ല. 

Latest News