മക്ക- അൽസലാം ഡിസ്ട്രിക്ടിലെ ചേരിപ്രദേശങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ പോലീസും മറ്റു സുരക്ഷാ വകുപ്പുകളും സഹകരിച്ച് നടത്തിയ റെയ്ഡിൽ 152 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. മക്ക പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രതിനിധിയും പങ്കെടുത്തു. നിരവധി സ്ത്രീകളും കുട്ടികളും പിടിയിലാവരുടെ കൂട്ടത്തിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് ഓടിമറയുന്നതിനും ഒളിക്കുന്നതിനുമുള്ള നിയമ ലംഘകരുടെ ശ്രമങ്ങൾ വിജയിച്ചില്ല. നിയമ ലംഘകർ രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രദേശം നാലുഭാഗവും വളഞ്ഞും റോഡുകൾ അടച്ചുമാണ് നിയമ ലംഘകർ കഴിയുന്ന കെട്ടിടങ്ങൾ പരിശോധിച്ചത്. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് നിയമ ലംഘകരെ പിന്നീട് ശുമൈസി ഡീപോർട്ടേഷൻ സെന്ററിന് കൈമാറി.






