ദീപാവലി ദിവസം ലണ്ടനില്‍ കശ്മീര്‍ അനൂകൂല പ്രകടനം; അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍- ദീപാവലി ദിവസമായ ഞായറാഴ്ച ലണ്ടന്‍ നഗരത്തില്‍ കശ്മീര്‍ അനുകൂല പ്രതിഷേധ പ്രകടനം നടത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് രംഗത്ത്. പ്രകടനം ഒതുക്കാനുള്ള നടപടികള്‍ക്ക് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനു മേല്‍ സമ്മര്‍ദ്ദമേറുന്നതിനിടെയാണ് ഇത്തരം ഇടപെടലുകള്‍ ഒരിക്കലും അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചത്. ബ്രിട്ടീഷ് കഷ്മീരികളുടേയും മറ്റു കശ്മീര്‍ അനുകൂലികളും ചേര്‍ന്ന് നേരത്തെ സംഘടിപ്പിച്ച സമാന പ്രകടനങ്ങളില്‍ അരങ്ങേറിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രകടനം തടയമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരുടെ സംഘടനകള്‍ രംഗത്തുണ്ട്. ബ്രിട്ടീഷ് സര്‍ക്കാരിനോടും ലണ്ടന്‍ മേയറോടും നേരത്തെ ഈ ആവശ്യമുന്നയിച്ചിരുന്നു. ഈ മാര്‍ച്ചില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മേയര്‍ സാദിഖ് ഖാന്‍ നേരത്തെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡൗണിങ് സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച് ഇന്ത്യയുടെ ഹൈക്കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹൗസിനു സമീപം സമാപിക്കുന്ന രീതിയിലാണ് കശ്മീര്‍ മാര്‍ച്ച് സംഘാടകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നും പറയപ്പെടുന്നു. മാര്‍ച്ചിനു മുന്നോടിയായി സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് വിശദമായ സുരക്ഷാ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ഈ മാര്‍ച്ചിനെതിരെ ഇന്ത്യയും ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
 

Latest News