Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി-ഇന്ത്യ സഹകരണം കൂടുതൽ മേഖലകളിലേക്ക് 

റിയാദ്- സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സൗദി മന്ത്രിസഭാ തീരുമാനം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയെമാമ കൊട്ടാരത്തിൽ ഇന്നലെ ഉച്ചക്കു ശേഷം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്. 
പാർപ്പിട മേഖലയിൽ സഹകരിക്കുന്നതിന് ഇന്ത്യയും സൗദി അറേബ്യയും നേരത്തെ ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു. 
പാർപ്പിടകാര്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ടും ശൂറാ കൗൺസിൽ തീരുമാനവും പരിശോധിച്ചാണ് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ടെലികോം, ഐ.ടി മേഖലയിൽ സഹകരിക്കുന്നതിന് ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയും സൗദി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും (സി.ഐ.ടി.സി) തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിന് സി.ഐ.ടി.സി ഡയറക്ടർ ബോർഡ് ചെയർമാൻ കൂടിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. 
മെഡിക്കൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ സഹകരിക്കുന്നതിന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷനുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. 
പണം വെളുപ്പിക്കൽ, ഭീകരതക്കുള്ള ഫണ്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ട ധന വിവരങ്ങൾ പരസ്പരം കൈമാറുന്ന മേഖലയിൽ സഹകരിക്കുന്നതിന് യു.എ.ഇയുമായി ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു. 
ഏതെങ്കിലും രൂപത്തിൽ ആണവായുധം നേടുന്നതിൽ നിന്നും, ആണവ കരാർ ലംഘനങ്ങളിൽ നിന്നും, ആണവ കരാർ ഒപ്പുവെച്ചതിലൂടെ വിട്ടുകിട്ടിയ പണം ഭീകര പ്രവർത്തനങ്ങൾക്കും ശത്രുതാപരമായ പ്രവർത്തനങ്ങൾക്കും ദുരുപയോഗിക്കുന്നതിൽ നിന്നും, ഇറാനെ തടയുന്നത് ഉറപ്പുവരുത്തുന്ന സമഗ്ര അന്താരാഷ്ട്ര കരാറുണ്ടാക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ആണവ നിർവ്യാപന കരാറിൽ ഇസ്രായിൽ ചേരാത്തത് അപലപനീയമാണ്. ഇസ്രായിലിലെ മുഴുവൻ ആണവ കേന്ദ്രങ്ങളും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സമഗ്ര സുരക്ഷാ സംവിധാനങ്ങൾക്ക് വിധേയമാക്കുകയും വേണം. 
സിറിയയിൽ രാസായുധങ്ങൾ ഉപയോഗിച്ചതിനെ മന്ത്രിസഭ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ധാർമിക മൂല്യങ്ങളും വെല്ലുവിളിച്ചുള്ള ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരോട് കണക്കു ചോദിക്കണം. കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണങ്ങളെ മന്ത്രിസഭാ യോഗം അപലപിച്ചു. എല്ലാവിധ ഭീകരതയും തീവ്രവാദവും അക്രമവും സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നതായും മന്ത്രിസഭാ യോഗം വ്യക്തമാക്കി. 
 

Latest News