Sorry, you need to enable JavaScript to visit this website.

കത്‌വ അന്വേഷണ സംഘത്തിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം


തെറ്റായ മൊഴി നല്‍കാന്‍ സാക്ഷികളെ പീഡിപ്പിച്ചുവെന്ന് ആരോപണം


ജമ്മു- കത്‌വ കേസ് അന്വേഷിച്ച പ്രത്യേക  സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജമ്മു സീനിയര്‍ പോലീസ് സൂപ്രണ്ടിന് ജമ്മു കോടതിയുടെ നിര്‍ദേശം. എട്ട് വയസ്സുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളെ തെറ്റായ മൊഴി നല്‍കുന്നതിന് പ്രേരിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
കത്‌വ ജില്ലയിലെ  ഗ്രാമത്തില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ ഒളിപ്പിച്ച് നാല് ദിവസം ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ സാക്ഷികളായിരുന്ന സച്ചിന്‍ ശര്‍മ, നീരജ് ശര്‍മ, സാഹില്‍ ശര്‍മ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രേം സാഗര്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ എസ്.എസ്.പിക്ക് നിര്‍ദേശം നല്‍കിയത്.
എസ്.എസ്.പിയായിരുന്ന ആര്‍.കെ ജല്ല (വിരമിച്ചു), എ.എസ്.പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായിരുന്ന ശേതാംബരി ശര്‍മ, നിസാര്‍ ഹുസൈന്‍, എസ്.ഐ ഉര്‍ഫാന്‍ വാനി, ക്രൈംബ്രാഞ്ചിലെ കേവല്‍ കിഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം.
ദേശവ്യാപക പ്രതിഷേധത്തിനിടയാക്കിയ കത്‌വ കേസില്‍ മൂന്ന് പ്രധാന പ്രതികള്‍ക്ക് ജീവപര്യന്തവും മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം ജയിലും വിധിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിനാണ് മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. ഒരാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികളെ പിന്തുണച്ച് പി.ഡി.പി-ബി.ജെ.പി സര്‍ക്കാരിലെ ഏതാനും മന്ത്രിമാര്‍ രംഗത്തുവരികയും കത്‌വയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ അഭിഭാഷകര്‍ തടയുകയും ചെയ്തതോടെ സുപ്രീം കോടതി ഇടപെട്ട് കേസ് പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഹരജിക്കാര്‍ക്ക് വേണ്ടി അങ്കൂര്‍ ശര്‍മ ഹാജരായി.

 

 

Latest News