Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

ജുനൈദിന്റെ സ്മരണക്ക് ഉമ്മ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നു; സഹായം തേടി കുടുംബം പാണക്കാട്ട്

മലപ്പുറം- ഹിന്ദുത്വ തീവ്രവാദികൾ അരുംകൊല നടത്തിയ ജുനൈദിന്റെ സ്മരണക്കായി ഉമ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നു. ഇതിനായി സ്വന്തം സ്ഥലം വിറ്റ് പണം സമാഹരിക്കുകയാണ് ജുനൈദിന്റെ ഉമ്മ. അൻപത് ലക്ഷം രൂപയ്ക്കുള്ള സ്ഥലമാണ് ഇവർ വാങ്ങുന്നത്. സ്വന്തം പേരിലുള്ള സ്ഥലങ്ങളെല്ലാം വിറ്റ് 35 ലക്ഷം രൂപ ഉമ്മ സമാഹരിച്ചു. ബാക്കി തുകയ്ക്കുള്ള പണം തേടിയാണ് ഇവർ പാണക്കാട്ടെത്തിയത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

മുനവ്വറലി ശിഹാബ് തങ്ങൾ പറയുന്നു.

ജുനൈദിന്റെ ഉമ്മയും സഹോദരനും ഇന്ന് പാണക്കാട് വന്നിരുന്നു.രണ്ടര വർഷത്തിനിപ്പുറവും മകൻ മരിച്ച തീരാവേദനയിൽ മനസ്സുരുകി കഴിയുന്ന ആ ഉമ്മയെയും സഹോദരനെയും കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി.ഇന്നും മകന്റെ അസാധാരണ മരണത്തിന്റെ കഠിന ദു:ഖത്തിൽ നിന്നും അവർ മോചിതയായിട്ടില്ല. വല്ലാത്തൊരുവിതുമ്പലോടെയാണ് അവർ സംസാരിച്ചത്. ജുനൈദിന്റെ ഓർമ്മകൾ അവരെ ഇപ്പോഴും സങ്കടപ്പെടുത്തി കൊണ്ടിരിക്കുകയാണ്.ഒരു മാതാവിനും ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത, അത്യന്തം വേദനാജനകമായ പൈശാചികതയായിരുന്നുവല്ലോ ജുനൈദിന്റെ അറും കൊല. 
ജുനൈദിനെ മാത്രമല്ല, അവന്റെ സഹോദരനായ ശുക്കൂറിനെയും ഹാഷിമിനെയും അവർ ആക്രമിക്കുകയുണ്ടായി. ട്രെയിനിൽ രക്തത്തിൽ പുരണ്ട് കൊല ചെയ്യപ്പെട്ട് കിടക്കുന്ന ജുനൈദിന്റെ ചിത്രം കാണിച്ചുതന്ന് അവർ വീണ്ടും വികാരഭരിതയായി നമ്മുടെ മുമ്പിൽ വിതുമ്പിക്കരഞ്ഞു.മകനെ കൊല ചെയ്ത കത്തിയും ഉയർത്തിപ്പിടിച്ചു അഭിമാനത്തോടെ നിൽക്കുന്ന, ആ കൊടും ക്രൂരനായ ഘാതകന്റെ ചിത്രവും അവർ കാണിക്കുകയുണ്ടായി.ചെറിയ കാലയളവ് ജയിലിൽ കിടത്തിയ ശേഷം കൊലയാളിയേയും വെറുതെ വിട്ടു. ഹരിയാന ഗവൺമെന്റ് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ പോലും ഇന്നും ജുനൈദിന്റെ കുടുംബത്തിന് നൽകിയിട്ടില്ല. സഹോദരന് ഗവൺമെന്റ് നൽകാമെന്നേറ്റ ജോലിയും ഇതുവരെയില്ല.


മൃഗത്തെ പോലെ ഒരു മനുഷ്യനെ കത്തികൊണ്ടറുത്തു കൊന്നിട്ടും അതിനെ ഇപ്പോഴും ചോദ്യം ചെയ്യാൻ ആരും തയ്യാറാല്ലാത്ത ഈ ദുരവസ്ഥ ഒന്നോർത്ത് നോക്കൂ.എത്രമേൽ ഭയാനകമാണിത്. ഇങ്ങനെ ആർക്കും എന്തും ആരെയും ചെയ്യാമെന്ന രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തെ കുറിച്ചോർത്ത് സ്തബ്ധിച്ചു പോവുകയാണ്. പക്ഷേ ജുനൈദിന്റെ പ്രിയ മാതാവ് ധീരയായ വനിതയാണ്. തീരാത്ത സങ്കടക്കടൽ മനസ്സിനെ കീറി മുറിക്കുമ്പോഴും ആ മുഖത്ത് നിശ്ചയദാർഢ്യമുണ്ട്. പക്ഷേ അവരുടെ പ്രതീക്ഷ അസ്തമിച്ചു പോയിരിക്കുന്നു. സംഘ് പരിവാർ ഫാഷിസ്റ്റ് യുഗത്തിൽ തന്റെ മകന് നീതി കിട്ടുമെന്നുള്ള വിശ്വാസം അവർക്കില്ലാതായിരിക്കുന്നു. അപ്പോഴും അവർക്കൊരു സ്വപ്നമുണ്ട്. ജുനൈദിനെ മതേതര മനസ്സിനുടമകളായ,മനുഷ്യ സ്‌നേഹികളായ ഇന്ത്യക്കാർ മറന്നു പോകരുതെന്ന സ്വപ്നം.ചുരുങ്ങിയത് സ്വന്തം ഗ്രാമമെങ്കിലും അവനെ എക്കാലവും ഓർക്കണമെന്ന സ്വപ്നം. അതിന് തന്റെ പ്രിയപ്പെട്ട മകന്റെ പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ഈ ഉമ്മ ആഗ്രഹിക്കുന്നു.സ്വന്തം പേരിലുള്ള വസ്തുവകകൾ വിറ്റ് സമാഹരിച്ച 35 ലക്ഷം രൂപ ഒരേക്കർ സ്ഥലത്തിനായി നൽകി ഈ ഉദ്യമത്തിലേക്ക് അവർ കാലെടുത്ത് വെച്ചിരിക്കുന്നു. ഇനി ബാക്കി 15 ലക്ഷം രൂപ കൂടി നൽകേണ്ടതായിട്ടുണ്ട്.അത് നൽകിയാലേ സ്ഥലം ലഭ്യമാവൂ.ഇതവർ നമ്മുടെ മുമ്പിൽ വന്ന് പറയുന്നത് കേട്ടപ്പോൾ, എന്തുകൊണ്ടും നമ്മളേറ്റെടുക്കേണ്ട അർഹമായ വിഷയമായാണ് തോന്നിയത്.


അടുത്ത നിമിഷമെന്ത് എന്നുറപ്പില്ലാത്ത, നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ശിഷ്ടകാലം നമ്മുടെ സഹോദരന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ ജീവിതാഭിലാഷം പോലൊരു സ്ഥാപനം നമുക്ക് പണിയാം. ജുനൈദിന്റെ സ്മരണകളിൽ, അനീതിക്കെതിരെ പോരാടുന്ന ഒരു സമൂഹമായി ആസ്ഥാപനത്തിന്റെ സന്തതികൾ ഉയർന്നു വരട്ടെ.അസഹിഷ്ണുതയും അനീതിയും ചോദ്യം ചെയ്യുന്ന, സാഹോദര്യത്തിന് വേണ്ടി വിവേകത്തോടെ നിലകൊള്ളുന്ന,ലോകം കേൾക്കുന്ന ശബ്ദത്തിന്റെ ഉടമകളായി ഒരു ഉമ്മത്തിനെ വളർത്തി കൊണ്ടുവരാൻ സാധിക്കുന്ന അത്തരമൊരു സ്ഥാപനത്തെ ജുനൈദിന്റെ പേരിൽ നമുക്കൊന്നായി സാക്ഷാത്കരിച്ചു നൽകാം. എല്ലാവരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം. സഹായിക്കണം. സഹായിക്കാൻ താൽപര്യമുള്ളവർ എന്നെയോ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനെയോ എം.എസ്.എഫ് ദേശീയ വൈസ് അഹമ്മദ് സാജുവിനേയോ അല്ലെങ്കിൽ പാർട്ടി ചാനലുകൾ വഴിയോ സഹായമെത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.ഈ മഹദ് ഉദ്യമം പ്രയാസങ്ങളില്ലാതെ യാഥാർത്ഥ്യമാവട്ടെ.

Latest News