ജാമിഅ മില്ലിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

ന്യൂദല്‍ഹി- ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറുടെ ചേംബര്‍  ഉപരോധിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പുറമെ നിന്നെത്തിയവരുടെ ആക്രമണം. കാമ്പസില്‍ ഇസ്രായില്‍ പ്രതിനിധി പങ്കെടുത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് കാരണം  കാണിക്കല്‍ നോട്ടീസ് നല്‍കിയതിലായിരുന്നു പ്രതിഷേധം.
സര്‍വകലാശാലയിലെ ആര്‍കിടെക്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ അഞ്ചിന് സംഘടിപ്പിച്ച പരിപാടിയില്‍ ഇസ്രായില്‍ പ്രതിനിധി പങ്കെടുത്തതിനെതിരെ കോളേജിലെ ഇരുപതോളം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.
ഇവര്‍ക്കെതിരേ അന്യായമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ ഇന്നലെ മുദ്രാവാക്യങ്ങളുമായി വി.സിയുടെ ചേംബര്‍ ഉപരോധിച്ചത്. ഇതിനിടെ, പുറത്തുനിന്നുംവന്ന ഒരുസംഘം ആളുകള്‍ ബെല്‍റ്റും പൂച്ചട്ടികളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്ക് കൂട്ടുനിന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സമാധാനപരമായി സമരം നടത്തിയ തങ്ങള്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആര്‍.എസ്.എസിന്റെ നിര്‍ദേശമനുസരിച്ചാണ് വൈസ് ചാന്‍സലര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

 

Latest News