Sorry, you need to enable JavaScript to visit this website.

ലൈംഗിക അതിക്രമങ്ങള്‍; ജാഗ്രത പുലര്‍ത്തണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

റിയാദ്- തൊഴിൽ സ്ഥലങ്ങളിൽ ലൈംഗിക ഉപദ്രവങ്ങളുടെ ഗണത്തിൽ പെടുന്ന അതിക്രമങ്ങൾ തടയുന്നതിനും ചെറുക്കുന്നതിനും ഇത്തരം അതിക്രമങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും സ്വീകരിക്കണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 


പീഡന വിരുദ്ധ നിയമം ലംഘിക്കുന്നത് ആരു തന്നെയായാലും അവർക്കെതിരെ സ്ഥാപനങ്ങൾ അച്ചടക്ക നടപടികൾ സ്വീകരിക്കണം. 
നിയമ ലംഘകർക്കും കുറ്റക്കാർക്കുമെതിരെ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു മുന്നിൽ പരാതി നൽകുന്നതിനുള്ള ഇരകളുടെ അവകാശം ഇല്ലാതാക്കില്ല. ലൈംഗിക പീഡനങ്ങളെ കുറിച്ച പരാതികൾ സ്വീകരിക്കുന്നതിന് സ്ഥാപനങ്ങൾക്കകത്ത് സ്ഥിരസംവിധാനം ഏർപ്പെടുത്തണം. 


പരാതികൾ ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പരാതികൾ രഹസ്യമായി കൈകാര്യം ചെയ്യുകയും വേണം. തൊഴിൽ സ്ഥലങ്ങളിൽ ലൈംഗിക പീഡനങ്ങൾ ചെറുക്കുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ സ്ഥാപനങ്ങൾ പരസ്യപ്പെടുത്തണമെന്നും ഇതേ കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

Latest News