Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

വിദ്യാലയങ്ങൾ സുരക്ഷിതമാകട്ടെ

ഓരോ ബാല്യവും വാർത്തെടുക്കപ്പെടുന്നത് വിദ്യാലയങ്ങളിലാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണം, പെരുമാറ്റം, മാനസികവും ബുദ്ധിപരവുമായ വളർച്ച, സാമൂഹികമായ ഇടപെടലുകളെ കുറിച്ചുള്ള അവബോധം തുടങ്ങി പുസ്തകത്താളുകൾക്ക് പുറത്തുള്ള ഒട്ടേറെ കാര്യങ്ങളെ കുറിച്ച് കുട്ടികൾ അറിവുനേടുന്നത് ക്ലാസ് മുറികളിൽ നിന്നും വിദ്യാലയ പരിസരങ്ങളിൽ നിന്നുമാണ്. വിദ്യാഭ്യാസ കാലത്ത് കുട്ടികൾ സ്വന്തം വീട്ടിലേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അവർ സമയത്തിന്റെ വലിയൊരു പങ്ക് ചെലവിടുന്നത് അധ്യാപകർക്കൊപ്പമോ കൂട്ടുകാർക്കൊപ്പമോ ആയിരിക്കും. അവരെ നല്ല രീതിയിലും ചീത്തരീതിയിലും സ്വാധീനിക്കാൻ വിദ്യാലയത്തിലെ അന്തരീക്ഷങ്ങൾക്കും സാഹചര്യങ്ങൾക്കും കഴിയുന്നു. മികച്ച രീതിയിൽ കുട്ടികൾ വളരാനുള്ള സാഹചര്യമൊരുക്കേണ്ടത് വിദ്യാലയത്തിന്റെ നടത്തിപ്പുകാരും അധ്യാപകരും സർക്കാർ ഏജൻസികളുമാണ്. ഇക്കാര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുതിയ പദ്ധതി പ്രശംസനീയവും ഏറെ പ്രതീക്ഷകൾ നൽകുന്നതുമാണ്.
ജില്ലയിലെ എല്ലാ സർക്കാർ ഹൈസ്‌കൂളുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകളിലും കഫേശ്രീ എന്ന പേരിൽ റിഫ്രഷ്‌മെന്റ് സ്റ്റാളുകൾ ആരംഭിക്കാനാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുള്ളത്. കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയിലെ 73 വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾക്ക് ചായയും കാപ്പിയും കുടിക്കുന്നതിനുള്ള സ്റ്റാളുകൾ എന്നതിനപ്പുറം ഈ പദ്ധതിയുടെ സാമൂഹികമായ പ്രസക്തിയാണ് ഏറെ ആകർഷകം. 
കുട്ടികൾ ഭക്ഷണം കഴിക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും ഇടവേളകളിൽ സ്‌കൂൾ കോമ്പൗണ്ടിന് പുറത്തു പോകുന്നത് നിയന്ത്രിക്കാനാണ് ഈ പദ്ധതി പ്രധാനമായും കൊണ്ടു വരുന്നത്. ഇടവേളകളിലുള്ള കുട്ടികളുടെ പുറത്തു പോകലിലാണ് അവർ മയക്കുമരുന്ന് ഉൾപ്പടെയുള്ള അനാരോഗ്യകരമായ ശീലങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത് എന്ന കണ്ടെത്തലിൽ നിന്നാണ് കഫേശ്രീ എന്ന ആശയം കണ്ണൂരിൽ ഉടലെടുക്കുന്നത്.
സ്‌കൂളുകൾ ഇന്ന് വലിയൊരു വിപണി കൂടിയാണ്. ഓരോ വിദ്യാലയങ്ങൾക്ക് മുന്നിലുമുള്ള കടകളുടെ എണ്ണം പരിശോധിച്ചാൽ തന്നെ അത് മനസ്സിലാകും. സാമ്പത്തിക മാന്ദ്യം കാരണം പട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം നടക്കാതിരിക്കുന്ന സമയങ്ങളിൽ പോലും സ്‌കൂളുകൾക്കടുത്തുള്ള കടകളിൽ തിരക്കേറെയാണ്. ആയിരക്കണക്കിന് വിദ്യാർഥികളുള്ള സ്ഥലങ്ങളാണ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകൾ. ഇവർ ഓരോ ദിവസവും ചെറിയ തുക ചെലവാക്കുമ്പോൾ അത് വലിയ ബിസിനസ് സാധ്യതയാണ് തുറക്കുന്നത്.ഓരോ കുട്ടിയും ചെലവിടുന്ന പണത്തിന്റെ തോതും വർധിച്ചുവരികയാണ്. സ്‌കൂൾ വിപണി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് പഠനോപകരണങ്ങളുടെയോ മിഠായികളുടെയോ കച്ചവടക്കാർ മാത്രമല്ല. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപ്പനകേന്ദ്രങ്ങളായും സ്‌കൂളുകളുടെ പരിസരങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് എല്ലാ പ്രദേശങ്ങളിലും ലഹരി മാഫിയ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.  മാഫിയാ സംഘങ്ങളിലെ ഓരോ കണ്ണി പിടിക്കപ്പെടുമ്പോഴും അവരുടെ പ്രവർത്തന കേന്ദ്രങ്ങൾ സ്‌കൂൾ പരിസരങ്ങളാണെന്ന വിവരങ്ങളാണ് ലഭിക്കാറുള്ളത്. വിദ്യാർഥികൾക്ക് ആദ്യമാദ്യം സൗജന്യമായി മയക്കുമരുന്നു നൽകി അവരെ അടിമകളാക്കി പിന്നീട് വലിയ തുകക്ക് മരുന്ന് വാങ്ങിപ്പിക്കുന്ന രീതിയിലാണ് ഇത്തരം മാഫിയാ സംഘങ്ങളുടേത്. കഞ്ചാവു വാങ്ങാൻ പണത്തിനായി വീട്ടിൽ നിന്നും ക്ലാസിൽ നിന്നും മോഷണം നടത്തുന്ന സംഭവങ്ങളും ഏറെയുണ്ട്.
കുട്ടികൾ സ്‌കൂളിലെത്തി വീട്ടിലേക്ക് തിരിച്ചു പോകുന്നതുവരെ അവരുടെ ഉത്തരവാദിത്വം അധ്യാപകർക്കും സ്‌കൂൾ അധികൃതർക്കുമാണെന്നാണ് പൊതുവെയുള്ള ധാരണ. കുട്ടികൾ വഴി തെറ്റിപ്പോകുന്നത് തടയാൻ അധ്യാപകർ പരമാവധി ശ്രമിക്കുന്നു. സ്‌കൂൾ സമയത്തിനിടക്കുള്ള മൂന്ന് ഇടവേളകളിൽ കുട്ടികൾ പുറത്തു പോകുന്നത് നിരീക്ഷിക്കാൻ പലപ്പോഴും അധ്യാപകർക്ക് കഴിയില്ല. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ ഉച്ചക്കുള്ള ഇടവേളകളിൽ. ഇത് നിയന്ത്രിക്കാൻ പല സ്‌കൂളുകളിലും ഉച്ചക്കുള്ള ഇടവേളയിൽ മാത്രമാണ് കുട്ടികളെ കോമ്പൗണ്ടിന് പുറത്തേക്ക് വിടുന്നത്. മറ്റ് രണ്ട് ചെറിയ ഇടവേളകളിലും പുറത്തു പോകാൻ അനുവദിക്കാറില്ല. എന്നാൽ പല സ്‌കൂളുകളിലും ഇത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുമുണ്ട്. പുറത്തു പോകുന്ന കുട്ടികളെ നിരീക്ഷിക്കാൻ പല സ്‌കൂളുകളിലും അധ്യാപകരുടെ പ്രത്യേക സ്‌ക്വാഡ് ഉണ്ടെങ്കിലും പലപ്പോഴും ഇത് ഫലപ്രദമാകാറില്ല. 
സ്‌കൂളിന് പുറത്ത് കുട്ടികൾക്കായി കെണിവിരിച്ചിരിക്കുന്നത് പല തരത്തിലുള്ള മാഫിയാ സംഘങ്ങളാണ്. കടയുടമകളിൽ ഭൂരിഭാഗവും നിയമം ലംഘിക്കാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയുമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ വ്യാപാരികളെ തന്നെ മയക്കുമരുന്നു മാഫിയകൾ ചട്ടുകങ്ങളാക്കാറുണ്ട്. ലഹരി പല രൂപത്തിലാണ് സ്‌കൂളുകൾക്ക് മുന്നിലെത്തുന്നത്. പുകച്ചു വലിക്കുന്ന കഞ്ചാവിന് പുറമെ മയക്കുമരുന്നുകൾ കലർത്തിയ പലതരം മിഠായികൾ, ഐസ്‌ക്രീമുകൾ, സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാർത്ഥങ്ങൾ എന്നിവ സ്‌കൂളുകൾക്കും കോളേജുകൾക്കും മുന്നിൽ രഹസ്യമായി വിൽപ്പന നടത്തുന്നുണ്ട്. പലപ്പോഴും ഇത് താൽക്കാലിക കടകളിലോ വാഹനങ്ങളിലോ ആണ് വിൽപ്പനക്കെത്തുന്നത്. അധ്യാപകരുടെ ശ്രദ്ധയിൽ ഇത്തരം കാര്യങ്ങൾ വന്നുകൊള്ളണമെന്നില്ല. മാഫിയാ സംഘങ്ങളുടെ വലയിൽ വീഴുന്ന കുട്ടികൾ പിന്നീട് അവരെ തേടി പോകാൻ എന്ത് മാർഗവും സ്വീകരിക്കും.
ലഹരി മാഫിയക്ക് പുറമെ സെക്‌സ് റാക്കറ്റുകളും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളുകൾക്ക് മുന്നിലുള്ള കടകളിൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്ന സംഭവങ്ങൾ ഇടക്കൊക്കെ പുറത്തുവരുന്നുണ്ട്. സ്‌കൂളുകൾക്ക് സമീപമുള്ള നിർമാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ, ആളൊഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിൽ പെൺകുട്ടികളും ആൺകുട്ടികളും ലൈംഗിക അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്നു. 
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടത് അവരെ സ്‌കൂളിന് പുറത്തുവിടുന്നത് പരമാവധി നിയന്ത്രിക്കുകയാണെന്നാണ് പൊതുവെ സ്‌കൂൾ അധികൃതരുടെ അഭിപ്രായം. അതേ സമയം കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയോ അവർക്ക് അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകുന്നത് തടയുകയോ ചെയ്യുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിലാണ് കുട്ടികളെ സ്‌കൂൾ കോമ്പൗണ്ടിൽ തന്നെ ആകൃഷ്ടരാക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ സ്റ്റോറുകൾ ഉള്ളതിനാൽ കുട്ടികൾക്ക് ഏറെയൊന്നും പുറത്തുപോകേണ്ടി വരുന്നില്ല. എന്നാൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഇത്തരം സംവിധാനങ്ങൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. ഇത്തരം സംവിധാനത്തിലൂടെ കുട്ടികളെ പൂർണമായും കോമ്പൗണ്ടിൽ തന്നെ നിയന്ത്രിച്ചു നിർത്താൻ കഴിയണമെന്നില്ല. എങ്കിലും പുറത്തു പോകുന്ന കുട്ടികളുടെ എണ്ണം വിരളമായി മാറും. അധ്യാപകർക്ക് അവരെ മാത്രം നിരീക്ഷിച്ചാൽ മതിയാകും.
ഈ പുതിയ മോഡൽ കണ്ണൂരിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. മറ്റ് 13 ജില്ലാ പഞ്ചായത്തുകളും ഈ മാതൃക പിൻതുടരണം. എല്ലാ സ്‌കൂളുകളിലും കുട്ടികൾക്കായി സ്റ്റോറുകൾ തുടങ്ങുന്നതിനുള്ള താൽപര്യം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകണം. കുടുംബശ്രീക്ക് ഇതൊരു വരുമാനമാർഗമായും മാറും. അതിനേക്കാളുപരി, കുട്ടികൾ സ്‌കൂളുകളിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ വലിയൊരളവുവരെ ഇത്തരം പദ്ധതികൾ കൊണ്ട് കഴിയും. 
 

Latest News