Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

ആ മാറ്റം ഇപ്പോഴില്ലെങ്കിൽ, ഒരിക്കലുമില്ല 

സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തി അവിടെ 'ചൊറിയാണം' നടണം എന്ന് പറയുന്നിടം വരെ ആർ. സുഗതന്റെ ഉദ്യോഗസ്ഥ വിരുദ്ധ രോഷം വളർന്നിരുന്നു. കാലമിത്രയൊക്കെയായിട്ടും സുഗതൻ സാറിന്റെ ഇളമുറക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം തന്നെ വീണ്ടും, വീണ്ടും ആവർത്തിക്കേണ്ടി വരുന്ന അവസ്ഥയെ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?


സർക്കാർ ശമ്പളം വാങ്ങുന്നവർ പൊതുജനങ്ങളുടെ കീഴ്‌ജോലിക്കാരാണെന്ന് കാര്യം  ഓർമ്മ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം മട്ടന്നൂരിൽ നടത്തിയ മുന്നറിയിപ്പ് സാമൂഹ്യ മാധ്യമ ഭാഷയിൽ പറഞ്ഞാൽ 'പഞ്ച് ഡയലോഗ്' തന്നെ. സർക്കാർജോലിക്കാരുടെ യജമാനന്മാർ പൊതുജനങ്ങളാണെന്ന കാര്യം ഇതേ രീതിയിൽ രൂക്ഷഭാഷയിൽ പറഞ്ഞു കൊണ്ടിരുന്നയാൾ എഴുത്തുകാരൻ സക്കറിയയാണ്. രാഷ്ട്രീയ-ഭരണ നേതാക്കളെയും സക്കറിയ ഈ ഗണത്തിലാണ് ചേർത്ത് വെക്കാറുള്ളത്. ഈ വിഭാഗങ്ങൾ കാരണമാണ് കേരളത്തിലെ യുവാക്കൾക്ക് പ്രവാസികളാകേണ്ടി വന്നതെന്ന അരാഷ്ട്രീയതയോളമെത്തുന്ന നിലപാടും സക്കറിയ പല വേദിയിലും ആവർത്തിക്കാറുണ്ട്. ഇത്തരം നിലപാടുകളുടെ കേരളത്തിലെ തുടക്കക്കാരൻ  ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ആർ. സുഗതനായിരുന്നുവെന്നതാണ് ചരിത്രം. സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണം എന്ന് പറയുന്നിടം വരെ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ വിരുദ്ധ രോഷം വളർന്നിരുന്നു. കാലമിത്രയൊക്കെയായിട്ടും സുഗതൻ സാറിന്റെ  കമ്യൂണിസ്റ്റ് ഇളമുറക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം തന്നെ വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുന്ന അവസ്ഥയെ എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്?  ഭരണത്തിലേറി മൂന്ന് കൊല്ലം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ശ്രമങ്ങളും ഫലശൂന്യമായി പോവുന്നു എന്നതാണ്  ഖേദകരമായ സംഭവയാഥാർഥ്യം.
തങ്ങൾ കാലാകാലമായി തുടരുന്ന ശൈലിയിൽ നിന്ന് അണു അളവ് പിന്നോട്ടില്ലെന്ന ധിക്കാരം നിറഞ്ഞ സമീപനമാണിപ്പോഴും സർക്കാർ ജീവനക്കാർക്ക്. 
ഇത്തരക്കാരെയും വെച്ചുകൊണ്ട് ആർക്കും ഒരു പരിവർത്തനവും കൊണ്ടുവരാനാവില്ല.  മുഖ്യമന്ത്രിയുടെയും ഭരണ സംവിധാനത്തിന്റെയും മൂക്കിന് മുന്നിലെ സെക്രട്ടറിയേറ്റിൽപോലും  സംഘബോധത്തിന്റെ  മുഷ്‌ക്കിൽ പരിഷ്‌ക്കാരങ്ങൾ തടയാൻ കഴിയുന്ന അവസ്ഥ മാറ്റാനാകുന്നില്ലെങ്കിൽ പിന്നെയെന്താണ് ചെയ്യാനാവുക? തങ്ങൾക്ക് ഇഷ്ടമുള്ള നടപടികൾ മാത്രം  നടപ്പാക്കിയാൽ മതിയെന്ന് പറയാൻ സെക്രട്ടറിയേറ്റും സർക്കാർ വകുപ്പുകളും  ഇപ്പറയുന്നവരുടെ സ്വകാര്യ സ്വത്തൊന്നുമല്ല.  പരിഷ്‌ക്കാരം നടപ്പാക്കാൻ വരുന്നവരുടെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന ഭരണ കക്ഷി യൂണിയൻ നേതാവിന്റെ പേര് വെച്ചിറങ്ങിയ നോട്ടീസ്  സെക്രട്ടറിയേറ്റിലെ സജീവ ചർച്ചയാണിപ്പോൾ. നേതാവിന്റെ വിരട്ടൽ വിജയിക്കുമോ എന്നതാണിനി ആളുകൾ ഉറ്റുനോക്കുന്ന കാര്യം.  മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പരസ്യനിലപാടുകളോട് നീതി പുലർത്തണമെന്ന് വാശിയുണ്ടെന്ന് അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള വാക്കുകൾ ബോധ്യപ്പെടുത്തുന്നു.  അതുകൊണ്ട് തന്നെ യൂണിയൻ നേതാവിന്റെ വിരട്ടലൊന്നും വിലപ്പോകുമെന്ന് തോന്നുന്നില്ല. 
'മുഖ്യമന്ത്രിയൊക്കെ അങ്ങ് പുറത്ത്, കൂടുതൽ ഭരണം ഇവിടെ നടപ്പാക്കിയാൽ കാല് തല്ലിയൊടിക്കു'മെന്നാണ്  സംഘടനാ നേതാവിന്റെ ഭീഷണി. സ്വന്തം യൂണിയൻ അണികളെ പിടിച്ചുനിർത്താനാണെങ്കിൽ പോലും ഈ വിധത്തിൽ  ഭീഷണിപ്പെടുത്തുന്ന പരസ്യനിലപാട് വെച്ചു പൊറുപ്പിക്കാൻ തന്നെയാണോ സർക്കാർ തയ്യാറാകുന്നതെന്ന് ജനം ഉറ്റുനോക്കുന്നു. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രി അധികാരത്തിലേറി ആദ്യ നാളിൽ പറഞ്ഞതൊക്കെ ആളുകളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.  കാര്യങ്ങൾക്കൊന്നും ഒരുമാറ്റവും സംഭവിച്ചില്ലെന്ന് കെട്ടിക്കിടക്കുന്ന ഫയലുകൾ തന്നെ സാക്ഷി. ഫയൽ അദാലത്ത് പോലും ആലോചിക്കേണ്ടി വന്നിരിക്കുന്നു. അലങ്കോ ലാവസ്ഥയൊക്കെ വലിയ നഷ്ടമുണ്ടാക്കുന്നത് തനിക്കും തന്റെ പാർട്ടിക്കുമായിരിക്കുമെന്ന് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ സംവിധാനത്തിനും നല്ലവണ്ണം അറിയാം. സെക്രട്ടറിയേറ്റിലും അല്ലാതെയുമുള്ള ഉദ്യോഗസ്ഥർ അവരുടെ പെൻഷൻകാലം വരെ ഇങ്ങനെയൊക്കെ യൂണിയൻ കളിച്ചും, ഉഴപ്പിയും അവരുടെ സർവീസ് കാലം  തീർക്കും. അതു കഴിഞ്ഞാൽ പെൻഷനും മുടക്കമൊന്നുമുണ്ടാകില്ല. ഇടയിൽപെട്ട് ഇടതേടി പിടയുന്നു പ്രാണൻ എന്ന അവസ്ഥയിലാകുന്നത് ഫയൽ തീർപ്പ് കാത്തുകഴിയുന്ന പാവം ജനം മാത്രം.   
ഫയലിൽ കുരുങ്ങി കിടക്കുന്ന ജനത്തിന്റെ നിരാശയുടെ പ്രതിഫലനം ഭരിക്കുന്ന പാർട്ടിക്കെതിരായാണ് വന്ന് ഭവിക്കുകയെന്ന് മുഖ്യമന്ത്രിക്കറിയാം. അതു കൊണ്ടദ്ദേഹം മുന്നോട്ട് വെച്ച കാൽ പിന്നോട്ടെടുക്കാൻ സാധ്യത വളരെ കുറവാണ്. അപേക്ഷകളിൽ എന്തു നടപടിയെടുത്തു എന്നെങ്കിലും ജനങ്ങളെ അറിയിക്കാൻ ജീവനക്കാർ തയാറാകണം എന്ന അഭ്യർഥന പോലും മുഖ്യമന്ത്രി നടത്തി നോക്കീട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഭ്യർഥനക്കോ , പൊതുജനങ്ങളിൽ നിന്നുയരാറുള്ള പരാതികൾക്കോ തെല്ലും വില കൽപിക്കാതെയുള്ള ഈ പോക്ക് നിയന്ത്രിക്കാൻ ഏറ്റവും പറ്റിയ കാലം ഇതുതന്നെയാണ്. കാരണം യൂണിയൻ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് ഇപ്പോൾ കേരളം ഭരിക്കുന്നമുഖ്യ പാർട്ടി. യൂണിയനുകളെ അടക്കിനിർത്താനും  അടിച്ചിരുത്താനും സി.പി.എമ്മിനെപോലെ കഴിയുന്ന മറ്റൊരു പാർട്ടിയും കേരളത്തിലില്ല.  ജീവനക്കാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാണ് സെക്രട്ടറിയേറ്റിലെ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ശ്രമങ്ങൾ നടന്നത്. പഞ്ചിംഗ്, ഉദ്യോഗസ്ഥ പുനർവിന്യാസം എന്നിവയൊക്കെ പരിഷ്‌ക്കാരനിർദ്ദേശങ്ങളിൽപ്പെടുന്നു. അതൊന്നും ഇവിടെ നടക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നവരെ നേരിടാൻ  തയ്യാറാകുന്നവർ ആരായാലും   അവരുടെ  ജനപിന്തുണ വർദ്ധിക്കുകയേയുള്ളൂവെന്ന് കേരളീയ അനുഭവങ്ങൾ സാക്ഷി.  അതു കൊണ്ടാണ് ഇത്തരം നടപടികൾ ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ലെന്ന് പറയേണ്ടി വരുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ തലേ ദിവസം മുഖ്യമന്ത്രി കണ്ണൂരിലെ മട്ടന്നൂരിൽ നടത്തിയ  പ്രസംഗത്തിലെ ചില വരികൾ വീണ്ടും '' തെറ്റായ മാർഗ്ഗം സ്വീകരിക്കുന്നവരെ ഓഫീസിലെ മറ്റുള്ളവർ തിരുത്തണം. ഓഫീസിലെ കടലാസ്സുകളിൽ ഒരുപാട് ജീവൽപ്രശ്‌നങ്ങളാണുള്ളത്. അത് ഉൾക്കൊള്ളാൻ   ജീവനക്കാർക്കാകെ കഴിയണം. അതാണ് നാടാഗ്രഹിക്കുന്നത്. നമ്മൾ നാട്ടുകാരുടെ ചെലവിൽ കഴിയുന്നവരാണ്. അവരുടെ സേവകരാണ്. ഉദ്യോഗസ്ഥർ ജനസേവകരാണ് എന്ന കാര്യം മറന്ന് പോകരുത്. സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാർ. ഉദ്യോഗസ്ഥരല്ല യജമാനന്മാർ. യഥാർത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുത്. 

 

Latest News