Sorry, you need to enable JavaScript to visit this website.

30 രാജ്യങ്ങളിൽനിന്നുള്ള ടൂർ ഓപ്പറേറ്റർമാർ ബേക്കലിൽ

ബേക്കൽ-കോവളം അന്താരാഷ്ട്ര ആയുർവ്വേദ അംബാസഡേർസ് ടൂർ ഉദ്ഘാടനം ഒക്ടോ. 25 ന് നടക്കും. ബേക്കലിൽനിന്ന് തുടങ്ങി കോവളത്ത് സമാപിക്കുന്ന അന്താരാഷ്ട്ര ആയുർവ്വേദ അംബാസഡർമാരുടെ യാത്രയിൽ പങ്കെടുക്കാൻ ഒക്ടോ. 23, 24 തിയ്യതികളിലായി വിദേശ ടൂർ ഓപ്പറേറ്റർമാർ കണ്ണൂർ വിമാനത്താവളത്തിലെത്തും. 30 രാജ്യങ്ങളിൽ നിന്നുള്ള 45 ടൂർ ഓപ്പറേഷൻ കമ്പനികളുടെ പ്രതിനിധികളാണ് കേരളം സന്ദർശിക്കുന്നത്. ഇവർ 26ന് ഉച്ചവരെ ഉത്തര മലബാറിൽ ചെലവഴിക്കും. 
ടൂറിസം സാധ്യതകൾ അടുത്തു മനസ്സിലാക്കാനുള്ള യാത്രയോടൊപ്പം, ബേക്കൽ ഉൾപ്പെടെയുള്ള ആറ് കേന്ദ്രങ്ങളിൽ തദ്ദേശീയരുമായുള്ള ബിസിനസ്സ് മീറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്. കോഴിക്കോട്, കോട്ടക്കൽ, തൃശൂർ/ ചെറുതുരുത്തി, എറണാകുളം, കുമരകം, കൊല്ലം, തിരുവനന്തപുരം, കോവളം എന്നീ കേന്ദ്രങ്ങളാണ് ടൂർ സംഘം സന്ദർശിക്കുക. കേരളത്തിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളുടെ സംഘടനയായ ആയുർവേദ പ്രൊമോഷൻ സൊസൈറ്റി മുൻകൈയ്യെടുത്ത് സംഘടിപ്പിക്കുന്ന ബൃഹത്തായ പരിപാടികൾ സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ബേക്കൽ റിസോർട്ട്‌സ് ഡവലപ്പ്‌മെന്റ് കോർപറേഷൻ (ബിആർഡിസി) നുമായി ചേർന്നാണ് ഉത്തര മലബാറിൽ നടപ്പിലാക്കുന്നത്. കേന്ദ്ര-കേരള ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാന തലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന് അകത്ത് കേരളീയ ശൈലിയിൽ പ്രതിനിധികളെ സ്വീകരിക്കാൻ കിയാലിന്റെ സഹായത്തോടെ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കും. മേഖലയിലെ ടൂറിസം സംബന്ധമായ വിവരങ്ങൾ നൽകുന്നതിന് 'സ്‌മൈൽ' സംരംഭകരും ഉണ്ടാകും. ഉത്തര മലബാറിൽ ബി.ആർ.ഡി.സി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നൂതനമായ സംരംഭകത്വ വികസന പദ്ധതിയാണ് 'സ്‌മൈൽ'. ഇതിന് കീഴിലുള്ള സംരംഭങ്ങളിൽ അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാർക്ക് താമസം ഒരുക്കാനും അടുത്ത പ്രദേശങ്ങളിലെ അനുഭവവേദ്യ ആകർഷകങ്ങൾ പരിചയപ്പെടുത്താനുമുളള അവസരങ്ങൾ സംരംഭകർക്ക് ഏറെ പ്രചോദനം ചെയ്യും. 
ബേക്കൽ ലളിത് റിസോർട്ടിൽ വെച്ച് ഉച്ചയ്ക്ക് 2 മണിക്ക് ബിസിനസ് മീറ്റ് നടക്കും. ഇതിൽ രജിസ്റ്റർ ചെയ്ത തദ്ദേശീയ ടൂറിസം സ്ഥാപനങ്ങൾക്കും ടൂർ ഓപ്പറേറ്റർമാർക്കും മുഖാമുഖം ബിസിനസ് ചർച്ചകൾ നടത്താനും കൂട്ടായ്മ രൂപപ്പെടുത്താനും അവസരമുണ്ടാകും. നാല് മണിക്ക് ബേക്കൽ ബീച്ച് സന്ദർശിക്കുന്ന അതിഥികൾ അവിടെ ബിആർഡിസിയും ലളിത കലാ അക്കാദമിയും സംയുക്തമായി നടപ്പിലാക്കി വരുന്ന 'മലബാർ ആർട്ടൂർ' നിരീക്ഷിക്കുകയും ചുമർച്ചിത്ര കലാകാരന്മാരുമായി ആശയ വിനിമയം നടത്തുകയും ചെയ്യും. തുടർന്ന് ബേക്കൽ ഫോർട്ട് സന്ദർശിക്കും. 
ബേക്കൽ താജ് ഹോട്ടലിൽ വെച്ച് വൈകുന്നേരം 6.30ന് ഔപചാരിക ഉദ്ഘാടന ചടങ്ങ് നടക്കും. യാത്രയുടെ ഭാഗമായി വലിയപറമ്പ കായൽ, കണ്ടൽക്കാടുകൾ, മാടായിപ്പാറ, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, സർഗ്ഗാലയ കലാഗ്രാമം മുതലായ സ്ഥലങ്ങൾസന്ദർശിക്കും. 26 ന് ഉച്ചയോടെ ഉത്തര മലബാറിൽ നിന്നും കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് സംഘം യാത്ര തിരിക്കുമെന്ന് ബി ആർ ഡി സി എം. ഡി,ടി. കെ മൻസൂർ,ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് ഡി. സജീവ് കുറുപ്പ്,വൈസ് പ്രസിഡന്റ് അജി അലക്സ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 

Latest News