Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

കരിയാത്തുംപാറയിലേക്കൊരു വാരാന്ത്യ യാത്ര

വാരാന്ത്യ യാത്രകൾ, അതും  കുടുംബത്തോടൊപ്പമാവുമ്പോൾ എന്തൊരാഹ്ലാദ നിമിഷങ്ങളാണ്  അവ നമ്മിൽ കോരിയിടുന്നത്. അനുഭവങ്ങളുടെ തിരമാലകളാണ് നമുക്ക് മുന്നിൽ ആഞ്ഞടിക്കുന്നത്. അത്തരം ഒന്നാണ് ഒക്ടോബറിലെ ഒരു ഞായറാഴ്ചവെളുപ്പാൻകാലത്ത് പദ്ധതിയിട്ട കരിയാത്തുംപാറ യാത്ര. 
കോഴിക്കോട് നഗരമധ്യത്തിൽ നിന്ന് 46 കിലോമീറ്റർ അകലെ, കക്കോടി-ബാലുശ്ശേരി-താമരശ്ശേരി റോഡിലൂടെ എസ്റ്റേറ്റ്മുക്കിൽനിന്നും വലത്തോട്ട് കടന്ന് ഒന്നര കിലോമീറ്റർ പിന്നിടുമ്പോഴേക്കും നഗര കാഴ്ചക്ക് ഫുൾസ്റ്റോപ്പിട്ട് ഗ്രാമീണ സൗന്ദര്യം ഊർന്നിറങ്ങി തുടങ്ങുകയായി. ടാർ ചെയ്ത റോഡിന്റെ ഇരുവശങ്ങളിലും മനോഹരമായ പൈനാപ്പിൾ തോട്ടങ്ങളും റബർ തോട്ടങ്ങളും വർഷങ്ങളായി സ്ഥാനം പിടിച്ചു വെച്ചിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് തിരിച്ചറിയാൻ സാധിക്കും. പ്രകൃതി മനോഹാരിതയിൽ മുങ്ങിയ പെരുവണ്ണാമുഴി, കക്കയം, തലയാട്, വയലട, ഊരക്കുഴി തുടങ്ങിയ പ്രദേശങ്ങൾ മുതൽ പ്രകൃതിദുരന്തം ആഘാതമേൽപ്പിച്ച കട്ടിപ്പാറ, കരിഞ്ചോല തുടങ്ങി പ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നത് ഇതേ പാത വഴിമാറി തിരിഞ്ഞാണ്. കാറ്റിനോട് കിന്നാരം ചൊല്ലി ഈറൻ മേഘങ്ങൾ പലപ്പോഴും വഴികാട്ടി നീങ്ങുന്നതായി നമുക്ക് തോന്നുക സ്വാഭാവികം. കുന്നിൻ ചെരുവിലൂടെ താഴ്ന്നും ഉയർന്നും പോകുമ്പോൾ എതിരെ വരുന്ന കെ.എസ്.ആർ.ടി.സി ബസിൽ  തൊട്ടുതൊട്ടില്ലെന്ന മട്ടിൽ ബൈക്ക് മുന്നോട്ടു നീങ്ങുമ്പോഴാണ് മനസ്സിൽ മയങ്ങിക്കിടന്ന സാഹസികത തെല്ലും ഭയമില്ലാതെ ചാടി ഉണരുന്നത്. ഇത്തരം യാത്രകൾക്ക് ഏറ്റവും അനുയോജ്യമായത്  ടൂവീലർ തന്നെയാണെന്ന് അപ്പോൾ ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളോടും ചേർന്ന് മരങ്ങളും അതിമനോഹരമായ കാട്ടുപൂക്കളും ചെറിയ പാറക്കെട്ടുകളും അതിനിടയിലൂടെ ഉറവ പൊട്ടുന്ന മലവെള്ളവും ആസ്വദിച്ച് എത്തിച്ചേരേണ്ടത് ചെറിയൊരു നാൽക്കവലയിലേക്കാണ്. ഇടത് കരിയാത്തുംപാറ വലത് പാപ്പൻചാടികുഴി വെള്ളച്ചാട്ടം.. നേരെ പോകുന്ന പാത കക്കയം പെരുവണ്ണാമൂഴി ഡാമിലേക്ക്. കരിയാത്തുംപാറയുടെ പുൽത്തകിടിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരുന്നതാണ് പാപ്പൻ കുഴി വെള്ളച്ചാട്ടം. മിക്ക വിനോദസഞ്ചാരികളും ഇവിടെ എത്തിച്ചേരാറില്ല.  കാരണം വളരെ കുറഞ്ഞ അറിവ് മാത്രമെ ഈ പ്രദേശത്തിന്റെ  ഭൂപ്രകൃതിയെ കുറിച്ചും മനോഹാരിതയെ കുറിച്ചും നമുക്ക് ലഭ്യമാവുന്നുള്ളൂ. 'വർഷങ്ങൾക്കുമുമ്പ് പാപ്പൻ എന്നു പേരുള്ള പ്രശസ്തനായ വേട്ടക്കാരൻ കുളിക്കാനിറങ്ങിയിരുന്ന വെള്ളച്ചാട്ടം ആയിരുന്നു അത്. അവിടെയുള്ള ഒരു വലിയ കുഴിയിൽ മുങ്ങിയാണ് അയാൾ മരിച്ചത്' എന്ന ഐതിഹ്യമാണ് ഈ പേരിന് നിദാനം എന്നാണ് പഴമക്കാർ ഓർമിച്ചെടുക്കുന്നത്. സർക്കാറിന്റെ ശ്രദ്ധയോ നേരിട്ടുള്ള ഇടപെടലുകളോ വേണ്ടത്ര ഇല്ലാത്ത സ്ഥലം ആണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ സൂക്ഷിച്ചില്ലെങ്കിൽ ഇവിടങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്.


നാട്ടുകാരും പ്രദേശത്ത് ചെറുകിട കച്ചവടങ്ങൾ  നടത്തുന്നവരും ചേർന്നാണ്  ഇവിടങ്ങളിൽ വരുന്ന വിനോദസഞ്ചാരികൾക്ക് പ്രാഥമിക ആവശ്യത്തിനുവേണ്ട സൗകര്യങ്ങൾപോലും നൽകുന്നത്. കരിയാത്തുംപാറയുടെ ചെങ്കുത്തായ പാറക്കെട്ട്  ഇറങ്ങുന്നത് ഏറെ ദുഷ്‌കരമായതിനാൽ നാട്ടുകാരുടെ സഹകരണത്താലാണ്  ഒരു സ്റ്റീൽഹാൻഡിൽ അവിടെ സ്ഥാപിച്ചതെന്ന് പ്രദേശവാസിയും കട ഉടമയുമായ ആന്റണി ഞങ്ങളോട് പറഞ്ഞു. ചെങ്കുത്തായ പാറച്ചെരിവിലൂടെ ഇറങ്ങുന്നത് കാഠിന്യമേറിയതും അതോടൊപ്പം തന്നെ തിളക്കം കൂടിയതും മിനുസമുള്ളതും ആയ ഉരുളൻ കല്ലുകളുടെ വീഥിയിലേക്കാണ്. 
കല്ലുകളെ തൊട്ടുതലോടിയും മുത്തമിട്ടും ഒഴുകിക്കൊണ്ടിരിക്കുന്ന മധ്യകീഴ്ഘട്ട  ജലധാര. കയ്യിൽ ഒരു കോലു കുത്തി പിടിച്ചോ കൈകൾ  ചേർത്തു പിടിച്ചോ  അതുമല്ലെങ്കിൽ കാലുകൾ  നന്നായി ബാലൻസ് ചെയ്‌തോ മുറിച്ചുകടക്കാവുന്ന കുത്തിയൊഴുകുന്ന വെള്ളക്കെട്ട്. അവയ്ക്ക് ചുറ്റും പരവതാനി പോലെ നീണ്ടുകിടക്കുന്ന പച്ചപ്പുൽത്തകിടുകൾ. ഫോട്ടോ ഷൂട്ടിംഗുകൾക്കും സായാഹ്ന ഇടവേളകൾ ആനന്ദകരമാക്കുന്നതിനും നയനമനോഹരമായ താഴ്‌വാരങ്ങളും പരന്നുകിടക്കുന്ന വെള്ളക്കെട്ടുകളും. കുട്ടികൾക്കും മുതിർന്നവർക്കും ആർത്തുല്ലസിച്ച് ഒരു അവധി ദിവസം ഇവിടെ ചെലവഴിക്കാം. ടൂറിസം വകുപ്പ് വേണ്ടത്ര ശ്രദ്ധ വെക്കുകയും അത്യാവശ്യ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാകാൻ  കരിയാത്തുംപാറക്ക് സാധിക്കുമെന്ന് തീർച്ച.
അവിടെനിന്നും ഞങ്ങളുടെ ബൈക്കുകൾ ഉരുണ്ടത്15 കിലോമീറ്റർ ദൂരമുള്ള വയലടക്കായിരുന്നു. സാഹസികത നിറഞ്ഞിരിക്കുന്ന വയലടയിലേക്കുള്ള  ചെങ്കുത്തായ വീഥികളിലൂടെ ബൈക്കുകൾ മൂളിയും മുരണ്ടും കയറി കിതച്ചു. പിന്നീട് വണ്ടികൾ പാർക്ക് ചെയ്തശേഷം  മുകളിലോട്ട് പോകേണ്ടത് വളരെ ദുർഘടം നിറഞ്ഞതും ഇടുങ്ങിയതുമായ വഴികളിലൂടെയായിരുന്നു. വഴികൾക്കൊടുവിൽ അമ്പതോളം പടികൾ ചവിട്ടിക്കയറിയും വീതികുറഞ്ഞ ചെറിയ കാട്ടുവഴി താണ്ടിയും  എത്തിച്ചേരുന്നത് മുള്ളൻപാറയുടെ അവസാനത്തിലേക്കാണ.് വയലട വ്യൂ പോയന്റായ മുള്ളമ്പാറയുടെ മുകളിലേക്കുള്ള വഴിയാണ് ഏറ്റവും ദുർഘടവും സാഹസികവുമായി തോന്നിയത്. 


അങ്ങ് താഴെ വളരെ വിശാലമായി പരന്നുകിടക്കുന്ന വിസ്തൃതമായ ഗ്രാമ പ്രദേശങ്ങളുടെയും കൊച്ചു കുന്നുകളുടേയും പ്രകൃതി താലത്തിലെടുത്തു വെച്ചപോലെ അങ്ങിങ്ങ് ജല സമൃദ്ധിയുടേയും നയനങ്ങൾക്ക് കുളിർമയേകുന്ന സുന്ദരദൃശ്യങ്ങളാണ് മുള്ളൻപാറയുടെ ഉച്ചി നമുക്ക് സമ്മാനിക്കുന്നത്. കവിൾത്തടങ്ങളെ തൊട്ടു തലോടുന്ന കോട… ഇളം കാറ്റിന്റെ മന്ദസ്മിതം… എല്ലാംകൂടി വല്ലാത്തൊരു അനുഭവമാണ് ഓരോ സഞ്ചാരിയെയും ഇവിടെ കാത്തുനിൽക്കുന്നത്. 
എന്തെല്ലാമോ വെട്ടിപ്പിടിച്ച  സംതൃപ്തിയോടെയാണ് മലയിറങ്ങി വയലടയോട് വിട ചൊല്ലിയത്, മനസ്സില്ലാ മനസ്സോടെ...

Latest News