കുറവിലങ്ങാട്- താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് യുവതി ഓട്ടോ റിക്ഷയില്‍ പ്രസവിച്ചു. ആക്രി വസ്തുക്കള്‍ പെറുക്കി വില്‍ക്കുന്ന തോട്ടുവാ സ്വദേശി വി.സി.സജിയുടെ ഭാര്യ വിനീതയാണ് പ്രസവ വേദനയുമായി പാതിരാത്രി കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിയത്. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിക്ക് തൊട്ടടുത്തുവെച്ചാണ് ഇവര്‍ ഓട്ടോയില്‍ പ്രസവിച്ചത്.
സജിയും കുടുംബവും കുറുപ്പന്തറ കവലയിലെ കടത്തിണ്ണകളിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്. ഞായറാഴ്ച രാത്രി 12 മണിയോടെ പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാനാണ് ഓട്ടോയില്‍ പുറപ്പെട്ടിരുന്നത്. കുറവിലങ്ങാട് എത്തിയപ്പോഴേക്കും അവശനിലയിലായതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറുകയായിരുന്നു.
ഏറെനേരം വിളിച്ച ശേഷമാണ് നഴ്സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയത്. പലതവണ വിനീതയുടെ അവസ്ഥ പറഞ്ഞ് അപേക്ഷിച്ചിട്ടും ആശുപത്രിയുടെ വാതില്‍ തുറന്നില്ല. ഗൈനക്കോളജി വിഭാഗം ഇല്ലാത്തതിനാല്‍ പാലാ ആശുപത്രിയില്‍ പോകാനായിരുന്നു നിര്‍ദേശം. ആശുപത്രിയില്‍നിന്നിറങ്ങി നൂറ് മീറ്റര്‍ പിന്നിടുംമുമ്പ് വിനീത ഓട്ടോറിക്ഷയുടെ പ്ലാറ്റ് ഫോമിലേക്ക് വീണു. ഇതോടെ ഓട്ടോറിക്ഷ നിര്‍ത്തി. ഈ സമയം വിനീതയുടെ പ്രസവം നടന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചികിത്സ വേണമെന്ന ആവശ്യവുമായി ഭര്‍ത്താവാണ് ആശുപത്രിയിലെത്തിയതെന്നും പാലായില്‍ ചികിത്സിച്ചതിനാലാണ് അങ്ങോട്ട് പോകാന്‍ നിര്‍ദേശിച്ചതെന്നും ആശുപത്രി സൂപണ്ട് വിശദീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തോമസ് ടി.കീപ്പുറം പറഞ്ഞു.






