Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് പോളിൽ യു.ഡി.എഫിന് മുൻതൂക്കം, എൽ.ഡി.എഫിന് അട്ടിമറി 

തിരുവനന്തപുരം- സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗിൽ യു.ഡി.എഫിന് മുൻതൂക്കവും എൽ.ഡി.എഫിന് അട്ടിമറി വിജയവും പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. 
മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ് പോളിലും മാതൃഭൂമി ന്യൂസ് ജിയോവൈഡ് എക്‌സിറ്റ് പോളിലുമാണ് യു.ഡി.എഫിന് മുൻതൂക്കം നൽകുന്ന എക്‌സിറ്റ് ഫലങ്ങൾ പുറത്തു വന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും എൽ.ഡി.എഫിന്റെ അട്ടിമറി ജയങ്ങളും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. മനോരമ-ന്യൂസ് കാർവി എക്‌സിറ്റ് പോൾ അനുസരിച്ച് എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങൾ യു.ഡി.എഫ് നേടുമെന്ന് പ്രവചിക്കുമ്പോൾ കോന്നിയിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടുമെന്ന് പ്രവചിക്കുന്നു. അരൂരിലും വട്ടിയൂർക്കാവിലും ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നുള്ള ഫലപ്രവചനവുമാണ് ഇവർ നടത്തുന്നത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് എഴുപത് ശതമാനത്തിന് മുകളിൽ. ഏറ്റവും കൂടുതൽ പോളിംഗ് അരൂരിൽ രേഖപ്പെടുത്തിയപ്പോൾ കുറവ് എറണാകുളത്തും. വൈകീട്ട് ആറുമണി വരെയുള്ള കണക്ക് അനുസരിച്ച് അരൂരിൽ 80.6, കോന്നിയിൽ 70.10, വട്ടിയൂർക്കാവിൽ 62.11, എറാണാകുളത്ത് 57.54, മഞ്ചേശ്വരത്ത് 76.25 ഉം ആണ് പോളിംഗ് ശതമാനം. കനത്ത മഴയാണ് എറണാകുളത്തെ പോളിംഗ് ശതമാനം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങിളിൽ മഞ്ചേശ്വരം ഒഴികെ നാലിടത്തും വോട്ടെടുപ്പ് മഴ തടസ്സപ്പെടുത്തി. ഇതിനാൽ പോളിംഗ് ശതമാനം കുറഞ്ഞു. രാവിലത്തെ കുറഞ്ഞ പോളിംഗ് ശതമാനം മഴയ്ക്ക് നേരിയ കുറവ് വന്നതോടെ ഉച്ചയ്ക്ക് ശേഷം വർധിച്ചു. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു.
എറണാകുളത്ത് പോളിംഗ് ബൂത്തുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി പോളിംഗ് കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കേണ്ടി വന്നു. വെള്ളക്കെട്ടിൽ നിന്നാണ് പല കേന്ദ്രങ്ങളിലും വോട്ട് രേഖപ്പെടുത്തേണ്ടി വന്നത്. വോട്ടെടുപ്പ് മാറ്റി വെക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിരസിച്ചു. പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും കൂടുതൽ സമയം നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. അഞ്ച് മണ്ഡലങ്ങളിലും വൈകിട്ട് ആറുമണി വരെ ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 
മഴയെ തുടർന്ന് വിട്ടുനിന്ന വോട്ടർമാർ ഉച്ചയ്ക്ക് ശേഷം ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. 
പോളിംഗ് ശതമാനം കുറഞ്ഞാലും യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാണെന്ന് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ കാലാവസ്ഥ ഇടതിന് അനുകൂലമെന്നാണ് എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി മനു റോയ് പറഞ്ഞത്. പ്രതികൂല കാലവസ്ഥ വിജയത്തെ ബാധിക്കില്ല. ഇടതു മുന്നണിയുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താനായിട്ടുണ്ട്. എറണാകുളത്ത് അട്ടിമറി വിജയം ഉണ്ടാകുമെന്നും മനു റോയ് പറഞ്ഞു.
വട്ടിയൂർക്കാവിൽ രാവിലെ കനത്ത മഴ ആയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ മാറിനിന്നു. ഇതോടെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ നീണ്ട നിര അനുഭവപ്പെട്ടു. സുരേഷ് ഗോപി എം.പി തിരുവനന്തപുരം ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്‌കൂളിലെ 87-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ നെടുമുടി വേണു വലിയവിള വിദ്യാധിരാജ സ്‌കൂളിലെ ബൂത്ത് 75 ലും ഇന്ദ്രൻസ് കുമാരപുരം യു.പി.എസിലും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിവസം വട്ടിയൂർക്കാവിൽ നേരിയ സംഘർഷമുണ്ടായി. ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പോളിംഗ് അവസാനിക്കാറായ സമയത്ത് സംഘർഷമുണ്ടായത്. ചിലർ ഇരട്ടവോട്ട് ചെയ്തു എന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ രംഗത്ത് വന്നു. അനുമതിയില്ലാത്തവർ ബൂത്തിനകത്ത് പ്രവേശിച്ചുവെന്നും ആരോപണമുയർന്നു. തുടർന്ന് പോലീസെത്തി ഇവരെ പിന്തിരിപ്പിച്ചു. ഇതിനിടയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.മോഹൻകുമാർ സ്ഥലത്തെത്തി കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
മഞ്ചേശ്വരത്ത് മഴ മാറി നിന്നതിനാൽ രാവിലെ മുതൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകിട്ടോടെ ചാറ്റൽ മഴ പെയ്‌തെങ്കിലും വോട്ടെടുപ്പിനെ ബാധിച്ചില്ല. മഞ്ചേശ്വരത്ത് കള്ളവോട്ടിനു ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. 42-ാം ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടത്തിയത്. നബീസ എന്ന യുവതി അതേ പേരിലുള്ള മറ്റൊരു സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചു. പരിശോധനയിൽ വോട്ടറല്ലെന്ന് മനസ്സിലായതിനെ തുടർന്ന് പ്രിസൈഡിംഗ് ഓഫീസറുടെ നിർദേശ പ്രകാരം നബീസയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

Latest News