Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുരക്ഷിത മേഖലയിൽനിന്ന് കുർദുകൾ പിന്മാറിയില്ലെങ്കിൽ ശക്തമായ ആക്രമണമെന്ന് തുർക്കി

അമേരിക്കയുമായുണ്ടാക്കിയ ധാരണയനുസരിച്ച് സിറിയൻ അതിർത്തിയിലെ സുരക്ഷിത മേഖലയിൽനിന്ന് മടങ്ങുന്ന തുർക്കി സൈന്യം.

അങ്കാറ - സിറിയൻ മണ്ണിൽനിന്ന് പിൻവാങ്ങാനുള്ള അന്ത്യശാസന പരിധി അവസാനിക്കാനിരിക്കെ, സിറിയയിൽ തുർക്കി അതിർത്തിയോട് ചേർന്നുള്ള 120 കി.മീ സുരക്ഷിത മേഖലയെക്കുറിച്ച പദ്ധതികൾ അവതരിപ്പിച്ച് തുർക്കി. പാശ്ചാത്യ രാജ്യങ്ങൾ ഭീകരവാദികളോടൊപ്പം നിൽക്കുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ കുറ്റപ്പെടുത്തി.
തുർക്കി സേന പിടിച്ച താൽ അബ്‌യാദ്, മറ്റൊരു കുർദിഷ് പട്ടണമായ റാസൽഐൻ എന്നിവിടങ്ങളിൽനിന്ന് കുർദിഷ് പോരാളികൾ ആദ്യം പിൻവാങ്ങണമെന്നും തുർക്കി സൈനികകേന്ദ്രങ്ങൾ ആവശ്യപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ഇത്. 
കുർദുകൾ പിൻവാങ്ങിയില്ലെങ്കിൽ തങ്ങൾ ആക്രമണം പുനരാരംഭിക്കുമെന്നും തുർക്കി വ്യക്തമാക്കി. അതേസമയം, സിറിയക്കുള്ളിൽ സുരക്ഷിത മേഖല രൂപീകരിക്കുന്നത് സംബന്ധിച്ച ആവശ്യത്തിൽനിന്ന് തുർക്കി ഒട്ടും പിന്നോട്ടുപോയിട്ടില്ല. 444 കിലോമീറ്റർ നീളത്തിൽ സുരക്ഷിത മേഖല വേണമെന്നതാണ് തുർക്കിയുടെ ആവശ്യമെങ്കിലും 122 കിലോമീറ്ററിന്റെ കാര്യത്തിലാണ് യു.എസുമായി ധാരണയായിട്ടുള്ളത്. കുർദിഷ് പോരാളികൾ സിറിയൻ ഭരണകൂടവുമായി ധാരണയിലെത്തുകയും ദമാസ്‌കസ് സേന ഉത്തര സിറിയയിൽ എത്തുകയും ചെയ്തതോടെയാണ് 444 കിലോമീറ്റർ സുരക്ഷിത മേഖലയെന്ന തുർക്കി ആവശ്യത്തിന് തിരിച്ചടി നേരിട്ടത്. 
120 കിലോമീറ്ററിന്റെ കാര്യത്തിൽ ആദ്യം തീരുമാനമാകട്ടെ എന്ന നിലപാടിലേക്ക് തുർക്കി എത്തിയിട്ടുണ്ട്. പിന്നീട് 444 കിലോമീറ്ററാക്കി ഇറാഖ് അതിർത്തി വരെ വ്യാപിപ്പിക്കാമെന്നതാണ് തുർക്കിയുടെ പദ്ധതി. 
ഈ മാസം ഒമ്പതുമുതലാണ് സിറിയൻ അതിർത്തിയിൽ കുർദിഷ് സൈന്യത്തിനെതിരെ തുർക്കി ആക്രമണം ആരംഭിച്ചത്. കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടിയുമായി ബന്ധമുള്ള പോരാളികൾ 1984 മുതൽ തുർക്കിയിൽ കലാപങ്ങളുണ്ടാക്കി വരികയാണ്. തുർക്കിയും പാശ്ചാത്യ സഖ്യകക്ഷികളും കുർദിഷ് പോരാളികളെ ഭീകരവാദി പട്ടികയിൽപെടുത്തിയിട്ടുമുണ്ട്. എന്നാൽ മേഖലയിൽനിന്ന് ഐ.എസ് ഭീകരരെ തുരത്തുന്നതിൽ കുർദുകൾ വഹിച്ച പങ്കാണ് ഇപ്പോൾ അവരെ അമേരിക്കക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും പ്രിയമുള്ളവരാക്കിയത്. എന്നാൽ തങ്ങളുടെ രാജ്യത്തിന് ഭീഷണിയാണ് കുർദ് തീവ്രവാദമെന്ന നിലപാടിലാണ് തുർക്കി. 
തങ്ങളുടെ സൈനിക നടപടിയെ അനുകൂലിക്കാതെ ഭീകരർക്കൊപ്പം നിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഉർദുഗാൻ ആഞ്ഞടിച്ചത്. നാറ്റോ സഖ്യരാജ്യങ്ങളും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമടക്കം മുഴുവൻ പാശ്ചാത്യ രാജ്യങ്ങളും ഭീകരർക്കൊപ്പം നിലയുറപ്പിച്ച് ഞങ്ങളെ ആക്രമിക്കുന്നത് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുന്നുണ്ടോ എന്ന് ഉർദുഗാൻ ചോദിച്ചു. 
യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായുള്ള ചർച്ചക്ക് ശേഷമാണ് സുരക്ഷിതമേഖലാ പ്രദേശത്തുനിന്ന് കുർദുകൾ ഒഴിഞ്ഞുപോയാൽ ആക്രമണം നിർത്താമെന്ന് തുർക്കി സമ്മതിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിക്കകം ഇവർ ഒഴിഞ്ഞുപോകണമെന്നാണ് ധാരണ. പിന്നീടും അവിടെ അവശേഷിക്കുന്നവരെ തകർക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Latest News