Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ ഹജിന് അര ലക്ഷത്തിലേറെ സീസൺ വിസകൾ അനുവദിച്ചു

ജിദ്ദ- കഴിഞ്ഞ ഹജ് കാലത്ത് ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് താൽക്കാലിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 53,000 ലേറെ സീസൺ വിസകൾ അനുവദിച്ചതായി മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ മക്ക പ്രവിശ്യ ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. മിനായിലെ കശാപ്പുശാലകളുടെ ജോലികളുടെ കരാറേറ്റെടുത്ത സ്ഥാപനങ്ങൾ, ഹജ് സേവന മേഖലയിൽ പ്രവർത്തിച്ച മറ്റു സ്ഥാപനങ്ങൾ, ജിദ്ദ എയർപോർട്ടിലെ ഹജ് ടെർമിനൽ, ജിദ്ദ തുറമുഖം, തായിഫ് എയർപോർട്ട്, സീസൺ വിസകളിൽ റിക്രൂട്ട് ചെയ്ത തൊഴിലാളികൾ രാജ്യത്ത് പ്രവേശിക്കുന്നതിന് ഉപയോഗിച്ച മറ്റു അതിർത്തി പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളെ കുറിച്ച സമഗ്ര വിവരങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. 
കഴിഞ്ഞ ഹജ് സീണിൽ ആകെ 331 ഫീൽഡ് പരിശോധനകളാണ് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ നടത്തിയത്. സിവിൽ ഡിഫൻസ് അടക്കമുള്ള മറ്റു സുരക്ഷാ വകുപ്പുകളുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ സഹകരിച്ചു. സന്നദ്ധ സംഘടനകളും ഫൗണ്ടേഷനുകളും വഴി സഹായങ്ങൾ വിതരണം ചെയ്യുന്നതിലും മന്ത്രാലയ ശാഖ പങ്കാളിത്തം വഹിച്ചു. ഹജ് കാലത്ത് പുണ്യസ്ഥലങ്ങളിലും മറ്റും 4200 ഓളം വളണ്ടിയർമാരുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ സഹകരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കി. 

Latest News