Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 50 ലക്ഷം മരങ്ങള്‍ നട്ടുവളര്‍ത്താന്‍ പദ്ധതി; ശുദ്ധീകരിച്ച മലിനജലം ഉപയോഗിക്കും

വൃക്ഷവൽക്കരണത്തിനുള്ള ധാരണാപത്രത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.ഉസാമ ഫഖീഹയും സമുദ്രജല ശുദ്ധീകരണ കോർപറേഷൻ ഗവർണർ എൻജിനീയർ അലി അൽഹാസിമിയും ഒപ്പുവെക്കുന്നു.

റിയാദ് - പതിനൊന്നു വർഷത്തിനുള്ളിൽ ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് 50 ലക്ഷം മരങ്ങൾ നട്ടുവളർത്തുന്നതിനുള്ള ധാരണാപത്രത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സമുദ്രജല ശുദ്ധീകരണ കോർപറേഷനും ഒപ്പുവെച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.ഉസാമ ഫഖീഹയും സമുദ്രജല ശുദ്ധീകരണ കോർപറേഷനെ പ്രതിനിധീകരിച്ച് കോർപറേഷൻ ഗവർണർ എൻജിനീയർ അലി അൽ ഹാസിമിയുമാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്. 


2030 ഓടെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനാണ് ഉന്നമിടുന്നത്. രാജ്യത്ത് വനശീകരണവും മരുഭൂവൽക്കരണവും ചെറുക്കുന്നതിനും വന്യജീവി ആവാസ കേന്ദ്രങ്ങൾ വീണ്ടെടുക്കുന്നതിനും പരിസ്ഥിതി അവബോധം ഉയർത്തുന്നതിനും മരങ്ങൾ വെച്ചുപിടിപ്പിച്ച് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 2030 അവസാനത്തോടെ 50 ലക്ഷം മരങ്ങൾ നട്ടു വളർത്തുകയാണ് ലക്ഷ്യം. 


ശുദ്ധീകരിച്ച മലിനജലവും മഴവെള്ളവും അത്യാധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി രാജ്യത്ത് ഹരിതവൽക്കരണവും ജൈവ വൈവിധ്യവും വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കുന്നതിന് സംയുക്ത സംഘത്തിന് രൂപം നൽകി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സമുദ്രജല ശുദ്ധീകരണ കോർപറേഷനും തമ്മിൽ സഹകരണവും ഏകോപനവും പങ്കാളിത്തവും ശക്തമാക്കുന്നതിന് ധാരണാ പത്രത്തിലൂടെ ലക്ഷ്യമിടുന്നു. 


ധാരണാപത്രം അനുസരിച്ച് പരിസ്ഥിതി വാരം, സമ്മേളനങ്ങൾ, സ്‌കൂളുകളിലെ പരിസ്ഥിതി കാമ്പയിനുകൾ അടക്കം വ്യത്യസ്ത ബോധവൽക്കരണ പരിപാടികൾ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സമുദ്രജല ശുദ്ധീകരണ കോർപറേഷനും സംയുക്തമായി തയാറാക്കി നടപ്പാക്കും. സ്‌കൂൾ മുറ്റങ്ങളിലും പാർക്കുകളിലും മരങ്ങളും ചെടികളും നട്ടു വളർത്തുന്നതിന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി അവബോധം ശക്തമാക്കുന്നതിനും ഹരിതവൽക്കരണത്തിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സന്നദ്ധ സംഘടനകളുമായി സഹകരിക്കുകയും ചെയ്യും. ഹരിതവൽക്കരണത്തിന് അനുയോജ്യമായ സ്ഥലങ്ങളും ഓരോ പ്രദേശത്തും നട്ടു വളർത്തുന്നതിന് അനുയോജ്യമായ മരങ്ങളും നിർണയിക്കുകയും ശുദ്ധീകരിച്ച മലിനജലം ലഭ്യമാക്കുകയും ഹരിതവൽക്കരണം നടപ്പാക്കുന്ന സ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്യും. കൂടാതെ ഹരിതവൽക്കരണ പ്രദേശങ്ങളിൽ ജല ടാങ്കുകളം ജലസേചന ശൃംഖലകളും സ്ഥാപിക്കുകയും ചെയ്യും. 

 

 

Latest News