Sorry, you need to enable JavaScript to visit this website.

മെയിന്റനൻസ്  കമ്പനികളിൽ സൗദിവൽക്കരണം  ഉയര്‍ത്തുന്നു; 30 മതല്‍ 100 ശതമാനം വരെ

റിയാദ് - ഗവൺമെന്റ് വകുപ്പുകൾക്കും, സർക്കാരിന് 51 ശതമാനത്തിൽ കുറയാത്ത ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ കമ്പനികൾക്കും കീഴിലെ ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകൾ നടപ്പാക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും സൗദിവൽക്കരണ അനുപാതം ഉയര്‍ത്തുന്നു.

തൊഴിൽ, സാമൂഹിക വികസന വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്. വിവിധ തൊഴിൽ മേഖലകളിൽ 30 മുതൽ 100 ശതമാനം വരെ സൗദിവൽക്കരണം നിർബന്ധമാക്കാനാണ് തീരുമാനം. 


എൻജിനീയറിംഗ്, സ്‌പെഷ്യലിസ്റ്റ്, മാനേജ്‌മെന്റ്, ടെക്‌നിക്കൽ, സൂപ്പർവൈസിംഗ് പ്രൊഫഷനുകൾ അടക്കം സൗദിവൽക്കരണം ഉയർത്തുന്നതിന് ലക്ഷ്യമിടുന്ന തൊഴിലുകളിലെല്ലാം സ്വദേശിവൽക്കരണ അനുപാതം ഉയർത്താനാണ് തീരുമാനം. സ്വദേശികൾക്ക് യഥാർഥ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലഭ്യമാക്കുന്നതിനും സൗദിവൽക്കരണ പദ്ധതികൾ വ്യാപകമാക്കുന്നതിനുമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  


സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പുതുതായി അനുവദിക്കുന്ന മുഴുവൻ ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകൾക്കും പുതിയ സൗദിവൽക്കരണ അനുപാതം ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. ഓപ്പറേഷൻസ്, മെയിന്റൻസ് കരാറുകളിൽ എൻജിനീയറിംഗ്, ടെക്‌നിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് തൊഴിലുകളിൽ 30 മുതൽ 100 ശതമാനം വരെ അനുപാതത്തിലുള്ള സൗദിവൽക്കരണം ബാധകമായിരിക്കും. ഉന്നത മാനേജ്‌മെന്റ് തസ്തികകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കുറവാകാൻ പാടില്ലെന്ന് നിർണയിച്ചിട്ടുണ്ട്. എൻജിനീയറിംഗ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിൽ സൗദിവൽക്കരണം 30 ശതമാനത്തിൽ കുറയാൻ പാടില്ല. സുരക്ഷാ, ഐ.ടി, ജനറൽ സർവീസ്, മാനേജ്‌മെന്റ്, സപ്പോർട്ട് മേഖലകളുമായി ബന്ധപ്പെട്ട സൂപ്പർവൈസിംഗ് തസ്തികകൾ 100 ശതമാനവും സൗദിവൽക്കരിക്കൽ നിർബന്ധമാണ്. 


സാങ്കേതിക, ഓപ്പറേഷൻസ്, ക്രാഫ്റ്റ് തൊഴിലുകളിൽ 30 മുതൽ 70 ശതമാനം വരെ സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം ഓരോ കരാറുകളിലെയും അനുയോജ്യമായ അവസരങ്ങൾക്ക് അനുസൃതമായി നിർണയിക്കുന്നതിന്റെ അധികാരം മറ്റു സർക്കാർ വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. 

Latest News